മണ്ണുത്തി- വടക്കാഞ്ചേരി പാതയിലെ കുരുക്കഴിക്കാന്‍ മോദിസര്‍ക്കാര്‍; കുതിരാനിലെ ഒരു തുരങ്കം ഉടന്‍ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Monday 2 December 2019 10:38 pm IST

ന്യൂദല്‍ഹി: ദേശീയപാത 544ലെ മണ്ണുത്തി- വടക്കാഞ്ചേരി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കുതിരാനിലെ ഇരട്ട തുരങ്കങ്ങളിലൊന്ന്  ഉടന്‍ തുറന്നു നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇരട്ട തുരങ്കങ്ങളില്‍ 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ ഒരു തുരങ്കമാണ് കാലതാമസമില്ലാതെ തുറന്നുകൊടുക്കാന്‍ മന്ത്രി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയത്. 

ദേശീയപാത 544ലെ മണ്ണുത്തി- വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ കേരള എംപിമാര്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെയൊരു ഉറപ്പ് മന്ത്രി നല്‍കിയത്. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് മെമ്പര്‍ പി.കെ. പാണ്ഡെയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ യാത്രാക്ലേശങ്ങള്‍ വര്‍ധിച്ചുവരുന്നത് കൂടി കണക്കിലെടുത്തായിരിക്കും പുതിയ ക്രമീകരണങ്ങള്‍. യാത്രക്കായി തുറക്കുന്ന തുരങ്കത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും കേന്ദ്രഗതാഗത മന്ത്രി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.