കുത്തിവയ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്; കെഎസ്ഡിപിയില്‍ പുതിയ പ്ലാന്റ്

Thursday 5 December 2019 5:50 am IST

 

ആലപ്പുഴ: കുറഞ്ഞ വിലയ്ക്ക് കുത്തിവയ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കെഎസ്ഡിപി പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍, സ്മാള്‍ വോളിയം പാരന്‍ഡ്രല്‍, ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. 2021ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും.

500 മില്ലി ലിറ്റര്‍ വരുന്ന വലിയ കുപ്പികളിലെ നിര്‍മാണത്തിനാണ് എല്‍വിപി പ്ലാന്റ്. ഡ്രിപ് മരുന്നുകള്‍, ഗ്ലൂക്കോസ്, ഇന്‍ജക്ഷന്‍ മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണിത്. ഇന്‍ജക്ഷനുവേണ്ട ചെറിയ മരുന്നുകളാണ് എസ്‌വിപിപ്ലാന്റില്‍ നിര്‍മിക്കുക. ഒഫ്താല്‍മിക് പ്ലാന്റില്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളും നിര്‍മിക്കും.നിലവിലുള്ള ഫോര്‍മുലേഷന്‍ പ്ലാന്റ് നവീകരിച്ചാണ് പുതിയ കുത്തിവയ്പ് മരുന്നുകള്‍ക്കായുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള അസപ്റ്റിക് ബ്ലോഫില്‍ സീല്‍ യന്ത്രങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയാണ് എത്തിക്കുക. മണിക്കൂറില്‍ 2000 കുപ്പി മരുന്നുകള്‍ ഉത്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതാണ് പുതിയ യന്ത്രം. 2020 ഡിസംബറോടെ യന്ത്രങ്ങള്‍ കമ്പനിയിലെത്തും. കസ്റ്റംസ് തീരുവ ഉള്‍പ്പടെ 15 കോടി രൂപയാണ് യന്ത്രങ്ങള്‍ക്കാവുക. ഐഎസ്ഒ ക്ലാസ് അഞ്ചു നിബന്ധനകള്‍ പാലിച്ച് പൂര്‍ണമായും അണുവിമുക്ത സാങ്കേതിക വിദ്യയാണ് യന്ത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ചോര്‍ച്ചകള്‍ ഉണ്ടാകാത്ത വിധത്തിലുള്ള കുപ്പികള്‍ രൂപപ്പെടുത്തുന്നതിനുള്ള കഴിവും യന്ത്രങ്ങളുടെ പ്രത്യേകതയാണ്. വിദേശത്തേക്കുള്‍പ്പെടെ മരുന്നു കയറ്റുമതിക്ക് ലക്ഷ്യംവയ്ക്കുന്ന സ്ഥാപനത്തിനു പുതിയ പ്ലാന്റ് കൂടുതല്‍ കരുത്തുപകരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.