സംശയകരമായ സംഘടനകൾക്ക് പണം അയയ്ക്കുന്നത് തടഞ്ഞ് കുവൈത്ത്, പ്രവാസികളുടെ പണപ്പിരിവ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും

Thursday 18 July 2019 2:04 pm IST

കുവൈത്ത് സിറ്റി: സംശയകരമായ സംഘടനകള്‍ക്ക് പണമയക്കുന്നത് നിയന്ത്രിക്കാന്‍ കുവൈത്ത് നടപടി തുടങ്ങി.  ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവാസികളുടെ പണപ്പിരിവ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞദിവസം പിടിയിലായ തീവ്രവാദ ബന്ധമുള്ള എട്ട് ഈജിപ്ത് സ്വദേശികളുടെ അറസ്റ്റിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. 

ഈജിപ്ത് ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തീവ്രവാദ ബന്ധമുള്ള എട്ട് ഈജിപ്ത് സ്വദേശികളെ കുവൈത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്‍റെ ചുവടുപിടിച്ചാണ് അനധികൃത പണപ്പിരിവിനെതിരെ നടപടി ശക്തമാക്കാന്‍ അധികൃതരുടെ നീക്കം തുടങ്ങിയത്. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യത്തെ പ്രവാസികളുടെ പണപ്പിരിവ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും നീക്കമുണ്ട്. 

രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് സാമ്പത്തിക സമാഹരണം നടത്താൻ അനുവദിക്കില്ല. പ്രവാസികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുക്കുന്ന പണം അവരുടെ വിസയുമായി ബന്ധപ്പെടുത്തിയാകും പരിശോധന നടത്തുക.  സംശയകരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. കുവൈത്തില്‍ നിന്നും സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണമയക്കുന്നത് നിയന്ത്രിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം  നടപടി സ്വീകരിക്കും. 

അനധികൃതമായുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിനെ കേന്ദ്രമാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.