ലഡാക്കും റിമ്പോച്ചെയുടെ സ്വപ്‌നവും

Wednesday 21 August 2019 1:43 am IST

 

ഡാക്ക് എം.പി. ജയാങ് നംഗ്യാലാണ് കശ്മീര്‍ ബില്‍ അവതരണത്തില്‍ പാര്‍ലമെന്റിലെ താരമായി തിളങ്ങിയത്. അദ്ദേഹത്തിന്റെ ഗംഭീര പ്രസംഗത്തെ പ്രധാനമന്ത്രിയും സ്പീക്കറുമൊക്കെ അഭിനന്ദിച്ചു. കശ്മീരിനെപ്പറ്റി പുസ്തകം വായിച്ചിട്ടല്ലാ താന്‍ സംസാരിക്കുന്നത്, നേരിട്ടുള്ള അനുഭവങ്ങളില്‍നിന്നാണ് എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. രണ്ടുകുടുംബങ്ങള്‍ (അബ്ദുള്ളാ, മുഫ്തി), സ്വന്തം പിതാവിന്റെ സ്വത്താണെന്ന മട്ടിലാണ് കശ്മീര്‍ ഭരിച്ചത്. ലഡാക്കിന് എപ്പോഴും അവഗണനയായിരുന്നു എന്നോക്കെയായി തുടര്‍ന്നും പ്രസംഗം നീണ്ടു. 

ലഡാക്കിനോടുള്ള അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കശ്മീര്‍ സംസ്ഥാനം ഉണ്ടായ കാലംമുതലുള്ളതാണ്. അതുകൊണ്ടാണ്, ലഡാക്കികള്‍ കേന്ദ്രഭരണ പ്രദേശമാക്കാന്‍വേണ്ടി നിരന്തരം വാദിച്ചിരുന്നത്. നംഗ്യാലിന്റെ പാര്‍ലമെന്റിലെ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നത് ലഡാക്കിനോടുള്ള അവഗണനയെപ്പറ്റി അവിടത്തെ എംഎല്‍എ ആയിരുന്ന 'ആധുനിക ലഡാക്കിന്റെ ശില്പി' എന്ന് അറിയപ്പെട്ടിരുന്ന കുശോക് ബകുള റിമ്പോച്ചെ 1952ല്‍ ജമ്മു കശ്മീര്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗമാണ്. 

ദലൈലാമയെപോലെ ലഡാക്കിലെ ബുദ്ധമതക്കാരുടെ ആത്മീയാചാര്യന്മാരില്‍ പ്രമുഖനായിരുന്നു റിമ്പോച്ചെ. സ്പിതുക് ഗോമ്പ എന്ന ആശ്രമത്തിന്റെ പത്തൊമ്പതാമത്തെ അധിപന്‍. ബുദ്ധന്റെ നേര്‍ ശിഷ്യനായിരുന്ന അര്‍ഹതന്‍ ബകുളയുടെ പരമ്പരയില്‍ ജനിച്ച ആള്‍. ഒരുകാലത്ത് ലഡാക്ക് ഭരിച്ചിരുന്ന രാജകുടുംബത്തിലാണ് ജനിച്ചത്. ജമ്മു കശ്മീര്‍ എംഎല്‍എ, മന്ത്രി, രണ്ടുതവണ പാര്‍ലമെന്റ് അംഗം, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം, മന്‍ഗോളിയയില്‍ ഇന്ത്യന്‍ അംബാസിഡര്‍ എന്നീ പദവികള്‍ വഹിച്ച ഒരേയൊരു ബുദ്ധസന്യാസിയാണ് കുശോക് ബകുള റിമ്പോച്ചെ.

1948ല്‍ പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ച സമയത്താണ് ആദ്യമായി റിമ്പോച്ചെ പൊതുരംഗത്ത് വരുന്നത്. ലഡാക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ റിമ്പോച്ചെയോട് നെഹ്‌റുവാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. ജമ്മു കശ്മീര്‍ സംസ്ഥാനത്തുനിന്നുള്ള ആളായിരുന്നെങ്കിലും പലകാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആളായിരുന്നു. ഒരുകാരണവശാലും ജമ്മു കശ്മീര്‍ പാക്കിസ്ഥാനില്‍ ചേരാന്‍ അനുവദിക്കില്ല എന്നായിരുന്നു നിലപാട്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെപ്പോലെ ആയിരിക്കണം ജമ്മു കശ്മീര്‍, പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആവശ്യമില്ല, എന്നൊക്കെയായിരുന്നു നിലപാടുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനായിരുന്ന അദ്ദേഹത്തിന് ഈ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടിനോട് വിയോജിപ്പായിരുന്നു. ജമ്മു കശ്മീരിന്റെ ഭൂപ്രദേശത്തിന്റെ നാല്‍പതുശതമാനം വരുന്ന ലഡാക്ക് ഏറ്റവും പിന്നോക്ക പ്രദേശം കൂടിയായിരുന്നു. ഈ പിന്നോക്കാവസ്ഥ മാറ്റാന്‍ ഭരണത്തില്‍ പങ്കുചേരുന്നത് സഹായകമാകും എന്ന പ്രതീക്ഷയിലാണ് സന്യാസിയായ റിമ്പോച്ചെ എംഎല്‍എ ആകാന്‍ സമ്മതിക്കുന്നത്. പക്ഷെ, ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരായ ഭരണകൂടം ഉള്ള സംസ്ഥാനമായ ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.

ലഡാക്കിനോടുള്ള അവഗണനക്കെതിരെ ശബ്ദമുയര്‍ത്തിയാണ് റിമ്പോച്ചെ ആദ്യമായി ദേശീയതലത്തില്‍ ശ്രദ്ധേയനാവുന്നത്. സംഭവം ഇങ്ങനെയാണ്. 1952ല്‍ ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു. ലഡാക്കികള്‍ വളരെ പ്രതീക്ഷയോടെയാണ് ആദ്യത്തെ ബജറ്റ് അവതരണം കാത്തിരുന്നത്. നിരാശയായിരുന്നു ഫലം. ബജറ്റില്‍ ഒരു സ്ഥലത്തുപോലും ലഡാക്ക് എന്ന വാക്ക് ഇല്ലായിരുന്നു. വട്ടപൂജ്യം ആയിരുന്നു ലഡാക്കിന്റെ വിഹിതം.

ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നും, ഇത് ലോകത്തെ അറിയിക്കണമെന്നും റിമ്പോച്ചെ തീരുമാനിച്ചു. ആലോചനകള്‍ക്കുശേഷം അസംബ്ലിയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കാം എന്ന് തീരുമാനമായി. ഇവിടെ ഒരു സാങ്കേതികപ്രശ്‌നം ഉണ്ടായിരുന്നു. റിമ്പോച്ചെയ്ക്ക് ബോധി എന്ന ലഡാക്കിഭാഷയും ടിബറ്റന്‍ ഭാഷയും മാത്രമേ അറിയൂ. കശ്മീരിലെ ഭരണഭാഷകളായ ഉര്‍ദുവോ, ഇംഗ്ലീഷോ അറിയില്ല. കശ്മീരിയും അറിയില്ല. പല സംസ്ഥാന അസംബ്ലികളിലും അംഗീകരിക്കപ്പെടാത്ത ഭാഷകളില്‍ സംസാരിച്ചാല്‍ അത് രേഖകളില്‍ വരില്ല. അതുകൊണ്ട് റിമ്പോച്ചെ നേരിട്ട് സ്പീക്കറെ കണ്ട് ലഡാക്കി ഭാഷയില്‍ പ്രസംഗിക്കുകയും അതിനെ തുടര്‍ന്ന് ഇംഗ്ലീഷിലുള്ള വിവര്‍ത്തനം വായിക്കാനുള്ള അനുവാദവും വാങ്ങി. സുഹൃത്തിനെകൊണ്ട് പ്രസംഗം ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്യിച്ചു. (കശ്മീര്‍ ബില്‍ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ നംഗ്യാല്‍ നടത്തിയ പ്രസംഗത്തിലും ലഡാക്കി ഭാഷ (ബോധി) ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാ എന്ന് സൂചിപ്പിച്ചിരുന്നു)

റിമ്പോച്ചെ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ബജറ്റ് ചര്‍ച്ചയില്‍ നന്ദി പ്രകാശിപ്പിക്കാനാണെന്നും അദ്ദേഹം സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കും എന്നൊക്കെയാണ് എല്ലാവരും കരുതിയത്. നേരെ തിരിച്ചായിരുന്നു സംഭവിച്ചത്. ലഡാക്കിന്റെ പ്രശ്‌നങ്ങളൊക്കെ നിരത്തി സമഗ്രമായ ഒരു പ്രസംഗം ആയിരുന്നു അത്. വികസനം, വിദ്യാഭ്യാസം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ തുടങ്ങി സകലമേഖലകളെയും സ്പര്‍ശിച്ച വാക്‌ധോരണി. സര്‍ക്കാരിനെതിരെ തുറന്ന ആക്രമണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉര്‍ദു അടിച്ചേല്‍പ്പിക്കുന്നതിനെതിരെ, പാക് ആക്രമണത്തിനുശേഷം ലഡാക്കികള്‍ ഹിമാചല്‍ പ്രദേശില്‍ അഭയാര്‍ത്തികളായി ഭിക്ഷക്കാരെപോലെ കഴിയുന്നതിനെതിരെ, അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍.

ഇതിനൊക്കെ പുറമേ മറ്റൊരു ബോംബും പൊട്ടിച്ചു. കശ്മീരി ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ അത് ബാഹ്യശക്തികളുടെ പ്രേരണകൊണ്ടാണെന്ന് പറഞ്ഞ് അടിച്ചിരുത്തിയിരുന്ന രീതി അന്നുണ്ടായിരുന്നു. അതിനെതിരെ റിമ്പോച്ചെ പറഞ്ഞത് ഞങ്ങള്‍ പട്ടിണിയിലാണെന്ന് അറിയാന്‍ ഒരു ബാഹ്യശക്തിയുടെ ആവശ്യമുണ്ടോ, ശ്രീനഗറില്‍നിന്ന് ഞങ്ങള്‍ക്ക് തുണികളും മറ്റുസാമഗ്രികളും അയക്കുകയും അതില്‍ ഒന്നുപോലും ലഡാക്കില്‍ എത്താതിരിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ നഗ്‌നരും, ഞങ്ങളുടെ ശരീരം തണുത്തുവിറക്കുകയാണെന്നും മനസ്സിലാക്കാന്‍ ബാഹ്യശക്തികള്‍ വേണോ, ഇവിടെനിന്ന് അയക്കുന്ന മണ്ണെണ്ണ അല്പം പോലും ഞങ്ങള്‍ക്ക് കിട്ടാതിരിക്കുന്നത് ബാഹ്യശക്തികള്‍ പറഞ്ഞുതരണോ എന്നൊക്കെയാണ്. ആരായാലും കയ്യടിച്ചുപോകും.

എംഎല്‍എമാരും ഇടയ്ക്കിടയ്ക്ക് കയ്യടിച്ചിരുന്നു. അതുപക്ഷെ, പ്രസംഗം മനസ്സിലായിട്ടല്ല. പ്രസംഗത്തില്‍ ഇടയ്ക്കിടയ്ക്ക് 'ജെനാബ് ഷേര്‍ ഇ കശ്മീര്‍ (കശ്മീര്‍ സിംഹം) ഷേഖ് അബ്ദുള്ള' എന്ന് മുഖ്യമന്ത്രിയെ പരാമര്‍ശിച്ചിരുന്നു. ഇതുകേട്ട് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണെന്ന് കരുതിയാണ് എംഎല്‍എമാര്‍ ഡസ്‌കില്‍ അടിച്ചത്. പ്രസംഗം അവസാനിച്ചു, ഇംഗ്ലീഷ് തര്‍ജിമ വായിച്ചുതുടങ്ങിയപ്പോഴാണ് കാര്യം പന്തിയല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. ഷേഖ് അബ്ദുള്ള രോഷാകുലനായി. ലഡാക്കി ഭാഷയിലായതുകൊണ്ട് ഇത് അസംബ്ലി രേഖകളില്‍ വരാന്‍പാടില്ല എന്ന് പറഞ്ഞു. സ്പീക്കര്‍ സമ്മതിച്ചില്ല. ഇംഗ്ലീഷില്‍ വായിച്ചതുകൊണ്ട് രേഖകളില്‍ ഉണ്ടാകുമെന്ന് മറുപടി..ലഡാക്കിഭാഷയില്‍ പറഞ്ഞതൊന്നുമല്ല, ഇംഗ്ലീഷ് തര്‍ജിമയില്‍ വന്നത്, എന്നായി ഷേഖ്. ഇംഗ്ലീഷ് തര്‍ജിമ വായിച്ചത് എംഎല്‍എതന്നെയാണല്ലോ, അതുകൊണ്ട് അത് രേഖകളില്‍ വരുമെന്ന് സ്പീക്കര്‍.

തര്‍ജിമ പിന്നീട് ഒരു വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുകവരെ ചെയ്തു ഷേഖ് അബ്ദുള്ള.അസംബ്ലിയില്‍ ബഹളം നടക്കുന്നതിനിടെ, പ്രസംഗം തര്‍ജിമചെയ്ത പണ്ഡിറ്റ് ശ്രീധര്‍ കൗള്‍ ഇംഗ്ലീഷ് പകര്‍പ്പ് പത്രക്കാര്‍ക്ക് നല്‍കിയിരുന്നു. പിന്നെയെല്ലാം ചരിത്രം. ദേശീയതലത്തില്‍ മാത്രമല്ലാ, അന്തര്‍ദേശീയ തലത്തിലും വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു.

മുഴുവന്‍ ജമ്മു കശ്മീരിന്റെയും ജനപിന്തുണ തനിക്കാണെന്ന് ഐക്യരാഷ്ട്രസഭയെ ധരിപ്പിക്കാന്‍ ഷേഖ് അബ്ദുള്ള ശ്രമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രതിച്ഛായക്കേറ്റ വലിയ ആഘാതമായിരുന്നു ഈ പ്രസംഗം. ജമ്മു കശ്മീര്‍ ഭരണം പൂര്‍ണമായും കശ്മീര്‍ താഴ്‌വരയിലുള്ളവരുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും ലഡാക്കികള്‍ക്ക് ഒരുകാലത്തും നീതിലഭിക്കില്ലാ, എന്ന് റിമ്പോച്ചെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അദ്ദേഹത്തിന്റെ സ്വപ്‌നം ഇപ്പോഴാണ് പൂവണിയുന്നത്. ഒപ്പം ആര്‍ട്ടിക്കിള്‍ 370 റദാക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.