41 സിനിമയ്ക്ക് ശബരിമല പ്രശ്നങ്ങളുമായി ബന്ധമില്ല; കലാസൃഷ്ടിയിലൂടെ ഒന്നിനെയും പുകഴ്ത്താനോ ഇകഴ്ത്താനോ ശ്രമിക്കാറില്ലെന്ന് ലാല്‍ ജോസ്

Monday 18 November 2019 4:00 pm IST

41 എന്ന സിനിമയ്ക്ക് നിലവിലെ ശബരിമല പ്രശ്നങ്ങളുമായി ഒരു ബന്ധമില്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഒരു വിഭാഗത്തെ ആരോ പറഞ്ഞു തെറ്റിധരിപ്പിച്ചിരുന്നു. എന്നാല്‍ ഞാന്‍ തന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. 41ല്‍ ശബരിമല ഒരു വിഷയമാണ്. പക്ഷേ ഈ ചിത്രത്തിന്റെ തിരക്കഥ മൂന്നുവര്‍ഷം മുമ്പ് എഴുതിയതാണ്. രണ്ടു വര്‍ഷം മുമ്പ് മകരവിളക്ക് കാലത്ത് ആര്‍ട്ടിസ്റ്റുകളെ വച്ചു ഉത്സവകാല സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. പ്രളയത്തിനു മുമ്പാണ് ശബരിമലയിലും പ്രാന്തപ്രദേശങ്ങളിലും ഷൂട്ടിങ് നടത്തിയത്. ബിജുമേനോന്റെ ഡേറ്റുമായി ബന്ധപ്പെട്ടാണ് പിന്നീട് ചിത്രം അല്‍പം വൈകിയതെന്ന് അദേഹം മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എനിക്ക് ഒരുപാര്‍ട്ടിയോടും വിരോധവുമില്ല. നിലപാടുകളോടും പ്രവര്‍ത്തികളോടുമാണ് നമ്മള്‍ യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുന്നത്. മനസില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടാകും. എന്നുവച്ച് ഒരു കലാസൃഷ്ടിയിലൂടെ അതിനെ പുകഴ്ത്താനോ ഇകഴ്ത്താനോ ശ്രമിക്കാറില്ല. എന്റെ ചിത്രങ്ങള്‍ കാലത്തിനുനേരെ പിടിക്കുന്ന കണ്ണാടികളാകണമെന്നാഗ്രഹമുണ്ട്. 2007- ലാണ് അറബിക്കഥ വരുന്നത്. ആ കാലത്തെ രാഷ്ട്രീയമെന്താണെന്ന് 50 വര്‍ഷം കഴിഞ്ഞ് കണ്ടാല്‍ നിങ്ങള്‍ക്കു മനസിലാക്കാന്‍ സാധിക്കും. മീശമാധവനെടുത്തുനോക്കിയാല്‍ 2002- ലെ പാലക്കാടന്‍ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രം മനസിലാക്കാം. ഒരു കാലത്ത് ഈ ചിത്രങ്ങളെല്ലാം റഫറന്‍സുകളാകുമെന്ന് അദേഹം പറഞ്ഞു. 

അടുത്ത വര്‍ഷം ദിലീപിനെ നായകനാക്കി ഒരു ചിത്രം പദ്ധതിയിടുന്നുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.  ഞാന്‍ ദിലീപിനെ വച്ചെടുത്തതില്‍ മീശമാധവനും ചാന്തുപൊട്ടും വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍, ഏഴുസുന്ദര രാത്രികളും രസികനും പരാജയപ്പെട്ടിട്ടുണ്ട്. പ്രതീക്ഷകളില്‍ കാര്യമൊന്നുമില്ല. ദിലീപ് എന്റെ സിനിമയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കും. നല്ല കഥ കിട്ടുമ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.