ലാറി പേജും സെര്‍ജി ബ്രിന്നും പടിയിറങ്ങുന്നു;ആല്‍ഫബെറ്റിന്റെയും അമരത്ത് ഇനി സുന്ദര്‍ പിച്ചെ

Thursday 5 December 2019 5:35 am IST

സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിളില്‍ ഒരു യുഗത്തിന് അന്ത്യംകുറിച്ച് സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും പടിയിറങ്ങുന്നു. ഗൂഗിളിന്റെ ദൈനംദിനകാര്യങ്ങളില്‍ ഇനി ഇടപെടില്ലെന്ന പ്രഖ്യാപനത്തോടെ ഇരുവരും ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലെ തങ്ങളുടെ എക്‌സിക്യൂട്ടീവ് പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വച്ചു. ലാറി പേജ് ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനവും സെര്‍ജി ബ്രിന്‍ പ്രസിഡന്റ് പദവിയുമാണ് രാജി വച്ചത്. എന്നാല്‍, കമ്പനിയിലെ ബോര്‍ഡംഗങ്ങളായി ഇരുവരും തുടരും. കമ്പനിയിലെ ഏറ്റവും കൂടുതല്‍ ഓഹരിയും ഇവരുടേത് തന്നെ. 

നിലവില്‍ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചെയാണ് ഇനിമുതല്‍ ആല്‍ഫബെറ്റിന്റെയും അമരത്ത്. ഇന്ന്, 2019ല്‍ കമ്പനി ഒരു വ്യക്തിയാണെങ്കില്‍ അത് 21 വയസുള്ള ചെറുപ്പക്കാരനായിരിക്കും. അതാവും ജീവിതത്തിലെ ഏറ്റവും നല്ല മാറ്റത്തിനുള്ള സമയവും. ഇരുവരും ചേര്‍ന്നെഴുതിയ കത്തില്‍ പറയുന്നു. ഇതുവരെ ഈ പദവിയിലിരുന്ന് കമ്പനിയുടെ എല്ലാ കാര്യങ്ങളിലും വളരെ ആഴത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍, അഭിമാനമുള്ള രക്ഷിതാക്കളുടെ പദവി ഏറ്റെടുക്കേണ്ട സമയമായെന്ന് വിശ്വസിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ദൈനംദിനകാര്യങ്ങളില്‍ ഇടപെടില്ല ഇരുവരും കത്തിലൂടെ വ്യക്തമാക്കി. ഇനിമുതല്‍ കമ്പനിക്ക് രണ്ടു സിഇഒമാരും പ്രസിഡന്റും വേണ്ട. സുന്ദര്‍ ആയിരിക്കും ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ലാറി പേജും സെര്‍ജി ബ്രിന്നും കത്തിലൂടെ പറഞ്ഞു.

സുന്ദറുമായി കമ്പനിയുടെ കാര്യങ്ങളെല്ലാം തന്നെ ചര്‍ച്ചചെയ്യും. ബോര്‍ഡംഗങ്ങളായും സ്ഥാപകരായും ഓഹരിയുടമകളായും കമ്പനിയില്‍ തുടരും അവര്‍ പറഞ്ഞു. വലിയ വെല്ലുവിളികളെ ആല്‍ഫബെറ്റ് കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ലാറിക്കും സെര്‍ജിക്കും നന്ദി. ഒരുപാട് കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ട്. ലാറിയുടേയും സെര്‍ജിയുടെയും മാറ്റം ആല്‍ഫബെറ്റിന്റെ ഘടനയെയോ ദൈനംദിന കാര്യങ്ങളെയോ ബാധിക്കില്ല. ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും, സുന്ദര്‍ പിച്ചെ കത്തില്‍  പറഞ്ഞു.

തുടര്‍ച്ചയായി എല്ലാ ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും നടത്തിവന്നിരുന്ന ചര്‍ച്ചകളൊന്നും തന്നെ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നില്ല. കമ്പനിയുടെ എക്‌സിക്യൂട്ടീവ് പദവികളില്‍ നിന്ന് പതിയെ ഇരുവരും പിന്‍വാങ്ങുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. ആല്‍ഫബെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ റോബോട്ടിക്‌സിലും നിര്‍മിത ബുദ്ധിയിലുമായിരുന്നു ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.