ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആറുപേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; അബ്ദുള്‍ ഖാദറിനു വേണ്ടി വ്യാപക തെരച്ചിലില്‍

Saturday 24 August 2019 2:59 pm IST

ചെന്നൈ :  ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ തമിഴ്‌നാട്ടില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. ഭീകരര്‍ക്ക് തമിഴ്‌നാട് തീരത്തേയ്ക്ക് എത്താന്‍ സഹായങ്ങളെല്ലാം ചെയ്ത നല്‍കിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനു പിന്നാലെയാണ് ബാക്കിയുള്ളവരെ കൂടി പിടികൂടിയിരിക്കുന്നത്. വിദഗ്ധ സംഘം ഇവരെ ചോദ്യം ചെയ്തു വരികയാണ്. 

ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ടില്‍ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്നും റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റേതെന്ന് സംശയിക്കുന്ന യാത്രാ രേഖകള്‍ തമിഴ്‌നാട് പോലീസിന് ലഭിച്ചു. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

അതേസമയം ശ്രീലങ്കയുമായി ഏറ്റവും ദൂരം കുറഞ്ഞ സ്ഥലമായതിനാല്‍ മുത്തുപ്പേട്ടയില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പോലീസ് കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച്ച രാത്രി കണ്ടതായി കോയമ്പത്തൂരിലെ പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ താമസിച്ചതെന്ന് കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. തമിഴ്‌നാടിന് പുറമേ കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.