തമിഴ്‌നാട്ടിലെത്തിയ ഭീകരന്‍ അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ പിടിയില്‍; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ കര്‍ശനമാക്കി, കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

Saturday 24 August 2019 10:20 am IST

ചെന്നൈ : തമിഴ്‌നാട്ടിലെ ലഷ്‌കര്‍ ഇ തോയിബ സംഘത്തിലുണ്ടെന്ന് കരുതുന്ന മലയാളി ഭീകരന്‍ അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍. ഗള്‍ഫില്‍ നിന്ന് ഇയാള്‍ക്കൊപ്പം എത്തിയ സ്ത്രീയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

അബ്ദുള്‍ ഖാദറിനൊപ്പം ഇവരും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ എന്നത് പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. കൂടാതെ ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയിരുന്നോ എന്നും സംഘം പരിശോധിക്കും. 

ഇതിനിടെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍ ഇ തോയ്ബ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലും തമിഴ് നാട്ടിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. 

ഇന്റലിജെന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വേളാങ്കണി ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടക്കുന്നതിനുള്ള യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി വരികയാണ്. കോയമ്പത്തൂരില്‍ മാത്രം 2000 പോലീസുകാരെയാണ് സുരക്ഷായ്ക്കായി വിന്യസിച്ചിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.