പൗരത്വനിയമത്തിന് പിന്തുണയുമായി അഭിഭാഷക മാര്‍ച്ച്

Saturday 18 January 2020 8:35 pm IST

തിരുവനന്തപുരം: പൗരത്വനിയമത്തിന് പിന്തുണയുമായി തലസ്ഥാനത്ത് അഭിഭാഷകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഭാരതീയ അഭിഭാഷക പരിഷത്താണ് ഭരണഘടനയെ അനുകൂലിച്ചും പൗരത്വ നിയമത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാര്‍ച്ച് സംഘടിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കികൊണ്ട് അഭിഭാഷകര്‍ കോടതിയില്‍ ഉപയോഗിക്കുന്ന കോട്ട് ധരിച്ചാണ് ഐഖ്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയത്. തലസ്ഥാനത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് അഭിഭാഷകരാണ് പങ്കെടുത്തത്. 

 പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടക്കുന്നത് കേരളത്തിലാണ്, വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഒരു പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിഷേധം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.  ഒരു പ്രത്യേക മതത്തിലെ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയിരിക്കുകയാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം 1921 ല്‍ ഊരിയ വാള്‍ ഉറയിലിട്ടിട്ടില്ലെന്നാണ്. ഇതിന്റെ പിന്നില്‍ ഉള്ള അജണ്ട എന്താണെന്ന് ആര്‍ക്കും മനസിലാവും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് നിയമസഭ പ്രമേയം പാസാക്കുന്നത് നിയമ വിരുദ്ധമാണ്. മുമ്പ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മദനിയെ മോചിപ്പിക്കുന്നതിനാണ് നിയമസഭ ഇതുപോലെ പ്രമേയം പാസാക്കിയത്. ഗാന്ധിജിയെ ബ്രിട്ടീഷുകാരുടെ കാല്‍ നക്കിയെന്നും ആഗസ്ത് 15 അല്ല ആപത്ത് 15 ആണ് എന്നും പറഞ്ഞു നടന്ന സിപിഎം കാരാണ് ഭരണഘടന സംരക്ഷിക്കണമെന്ന് പറഞ്ഞു നടക്കുന്നത്. ഇവര്‍ക്ക് ഭരണഘടനയോടുള്ള സ്‌നേഹമല്ല മറിച്ച് മത പ്രീണനം നടത്തി വോട്ട് നേടുക എന്ന ലക്ഷ്യമാണുള്ളത്. മറ്റാരെയും കിട്ടാത്തതിനാലാണ് മുഖ്യമന്ത്രി മുതല്‍ എല്‍സി സെക്രട്ടറിമാര്‍ വരെ ഗവര്‍ണര്‍ക്കുനേരെ പോരാടുന്നത് എന്നും അഡ്വ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. 

ഭാരതത്തിന്റെ ഉന്നതിയിലേക്കുള്ള ചുവടുവയ്പ്പാണ് പൗരത്വ ബില്ലെന്നും ഇവിടെ നടക്കുന്ന പ്രതിഷേധപ്രചരണങ്ങള്‍ രാജ്യവിരുദ്ധമാണെന്നും കേരള ബാര്‍ കൗണ്‍സില്‍  അംഗം അഡ്വ. കെ.ആര്‍. രാജ്കുമാര്‍ പറഞ്ഞു.

നിയമത്തിന്റെ സാധുത മനസിലാക്കി പലരും ഇപ്പോള്‍ത്തന്നെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പൗരത്വ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ സാമാന്യജനങ്ങളെ ബോധവത്ക്കരിക്കാന്‍ അഭിഭാഷകര്‍ മുന്നിട്ടിറങ്ങണമെന്നും അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരില്‍ കൊച്ചുകുട്ടികളെക്കൊണ്ടുപോലും പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കുകയാണ്. ബാലാവകാശങ്ങള്‍ ചര്‍ച്ചചെയ്യുന്ന നാട്ടിലാണ് കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ. ശങ്കര്‍ റാം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. പി. വിജയകുമാര്‍, ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.രാജേഷ്, സെക്രട്ടറി അഡ്വ. രാജീവ്, സംസ്ഥാനസമിതി അംഗങ്ങളായ അഡ്വ. പി. സന്തോഷ്‌കുമാര്‍, അഡ്വ. അണിയൂര്‍ അജിത്കുമാര്‍, അഡ്വ. പി.എസ്. ജോബിന്‍, ജില്ല പ്രസിഡന്റ് അഡ്വ. ബി.ആര്‍. ഷാ, ജില്ലാ സെക്രട്ടറി അഡ്വ. എ. രാധാകൃഷ്ണന്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.