ശബരിമലയെ തകര്‍ക്കാനായി സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതി വീണ്ടും പൊടിതട്ടിയെടുത്ത് പിണറായി; കോളേജ് ക്യാമ്പസുകളിലും നവോത്ഥാനം നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി

Thursday 18 July 2019 8:36 pm IST

തിരുവനന്തപുരം: ശബരിമലയുടെ പവിത്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പിണറായി സര്‍ക്കാര്‍ രൂപം കൊടുത്ത നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവെച്ച നവോത്ഥാനം ഇന്നാണ് വീണ്ടും മുഖ്യമന്ത്രി പൊടിതട്ടിയെടുത്തത്. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ കൂടി നവോത്ഥാനം നടപ്പിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ധൂര്‍ത്ത് അടിക്കുന്നതിനായി വിവിധ പരിപാടികളാണ് ഇന്നു ചേര്‍ന്ന യോഗം ആസൂത്രണം ചെയ്തത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ എല്ലാ ചെലവും സര്‍ക്കാരാണ് വഹിച്ചത്. തെരഞ്ഞെടുപ്പില്‍ തമ്മില്‍ തല്ലിയ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. 

നവോത്ഥാന സമിതിയില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ട്. എന്നാല്‍ നവോത്ഥാന മൂല്യ സംരക്ഷണം പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാന മൂല്യ സംരക്ഷണത്തെ കാണരുതെന്നും പിണറായി യോഗത്തില്‍ പറഞ്ഞു. ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ കാമ്പസുകളിലും അതിനോടനുബന്ധിച്ചും ഒക്ടോബറില്‍ നവോത്ഥാന സെമിനാറുകള്‍ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക്  ഡിസംബറില്‍ സ്മൃതിയാത്ര നടത്താനും തീരുമാനമായി. ജില്ലാതല സംഗമങ്ങള്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള ചുമതലക്കാരെ യോഗത്തില്‍ നിശ്ചയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.