ജനത്തെ പിഴിഞ്ഞെടുത്ത പണംകൊണ്ടുള്ള പിണറായിയുടെ ധൂര്‍ത്ത് തുടരുന്നു; സോഷ്യല്‍ മീഡിയ പ്രചരണത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം

Sunday 15 September 2019 5:33 pm IST

 

തിരുവനന്തപുരം: പ്രളയസെസ്സും മറ്റുമായി ജനത്തെ പിഴിയുമ്പോള്‍ സര്‍ക്കാര്‍ കാര്യത്തില്‍ മാത്രം ഒരു മുണ്ടുമുറുക്കലുമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ഓണക്കാലത്ത് സോഷ്യല്‍മീഡിയ വഴിയുള്ള വിവിധ പരിപാടികളുടെ പ്രചാരണത്തിന് സര്‍ക്കാര്‍ ചെലവിട്ടത് 33 ലക്ഷം രൂപ. രണ്ടാം പ്രളയത്തിന് ശേഷം സംസ്ഥാന ട്രഷറി കടുത്ത മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണിത്.

ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി സര്‍ക്കാര്‍ പരിപാടികളുടെ പത്തു ദിവസത്തെ പ്രചാരണത്തിനാണ് ലക്ഷങ്ങള്‍ ചെലവലഴിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെയും പിആര്‍ഡി വഴിയും നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു പുറമേയാണിത്.  സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക സര്‍ക്കാര്‍ അനുവദിച്ചത് വിവാദമായി. ബുദ്ധിമുട്ടു കാരണം ഒരുവശത്ത് ട്രഷറി നിയന്ത്രണമടക്കം നടപ്പാക്കുമ്പോഴാണ് മറുവശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത്.

ആദ്യ പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മാണം പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ പണം അനാവശ്യമായി പൊടിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ രൂപീകരണവും തപാല്‍ സെര്‍വറിന്റെ അറ്റകുറ്റപ്പണിയുമെന്ന പേരിലാണ് തുക അനുവദിച്ചത്. ഓണപ്പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്കായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസിനു നല്‍കിയത് 32.80 ലക്ഷം രൂപ. ക്രിയേറ്റീവ് പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍, കണ്‍സെപ്റ്റ് വീഡിയോ, സെലിബ്രിറ്റി വീഡിയോകള്‍ എന്നിവ തയാറാക്കാനും റിലീസ് ചെയ്യാനും  32,80,400 രൂപയാണ് ചെലവ്. കണ്‍സെപ്റ്റ് വീഡിയോയ്ക്ക് 7,08,000 രൂപയും സെലിബ്രിറ്റി വീഡിയോയ്ക്ക് 3.5 ലക്ഷം രൂപയും ചെലവിട്ടപ്പോള്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ക്ക് 21 ലക്ഷം രൂപ നല്‍കി.

2018-19 സാമ്പത്തിക വര്‍ഷാവസാനം സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാതെ ട്രഷറി ക്യൂവിലേക്ക് മാറ്റിയത് 1800 കോടിയാണ്. ട്രഷറി ക്യൂവില്‍പ്പെട്ട തുകകള്‍ പാസാക്കാതെ, സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ പേരിലുള്ള 3.09 കോടി പാസാക്കിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രളയദുരിതത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതും വിവാദത്തിലായിരുന്നു. 

പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫീസ് മോടി പിടിപ്പിക്കാനും പുതിയ ക്യാബിനറ്റ് പദവികള്‍ സൃഷ്ടിച്ച് ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.