കോന്നിയിൽ ഇടത് വലത് മുന്നണികൾ അങ്കലാപ്പിൽ, തരംഗമായി കെ.സുരേന്ദ്രൻ, ഗൃഹസമ്പർക്കവും കുടുംബയോഗവും പുരോഗമിക്കുന്നു

Tuesday 15 October 2019 10:08 am IST

പത്തനംതിട്ട: ജനഹൃദയങ്ങള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ജൈത്രയാത്ര തുടരുന്നു. ഇതിനോടകം കോന്നി മണ്ഡലത്തില്‍ തരംഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യതയുടെ പ്രതിരൂപമായ സുരേന്ദ്രനെ എല്ലാവിഭാഗം ജനങ്ങളും നെഞ്ചേറ്റിക്കഴിഞ്ഞു. അദ്ദേഹം എത്തുന്ന ഇടങ്ങളിലെല്ലാം തടിച്ചുകൂടുന്ന പുരുഷാരം ഇടത്, വലത് മുന്നണികളെ അങ്കലാപ്പിലാക്കുന്നു.

ഏതാനും ദിവസമായി വിവിധ പഞ്ചായത്തുകളില്‍ പര്യടനത്തിന്റെ തിരക്കിലാണ് സുരേന്ദ്രനും പ്രവര്‍ത്തകരം. ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇന്നലെ ഉച്ചവരെ ചിറ്റാര്‍ പഞ്ചായത്തിലും ഉച്ചക്ക് ശേഷം തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം.

ഇന്നത്തെ പര്യടനപരിപാടി വള്ളിക്കോട് പഞ്ചായത്തിലെ  ഭുവനേശ്വരത്ത് നിന്നും രാവിലെ 7.30ന് ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 10.30ന് തൃപ്പാറയില്‍ സമാപിക്കും. വൈകിട്ട് 3ന് പ്രമാടം പഞ്ചായത്തില്‍ ആരംഭിക്കുന്ന പര്യടനം  രാത്രി 8.50ന്  വെള്ളപ്പാറ പുത്തന്‍കുരിശ് ജംഗ്ഷനില്‍ സമാപിക്കും.

എല്ലായിടത്തും ബൂത്ത് തലത്തില്‍ ഗ്രഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മൂന്നും നാലും ഘട്ട ഗ്രഹസമ്പര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കുടുംബയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എല്ലായിടത്തും സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് പ്രത്യേകത. കോന്നിയുടെ സമഗ്ര വികസനം മുന്‍ നിര്‍ത്തിയാണ് എന്‍ഡിഎ വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍ സുരേന്ദ്രനെ നേരില്‍ കാണുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും അപ്പുറം വിശ്വാസവും വികാരവും കൂടിക്കലര്‍ന്ന പ്രതികരണമാണ് അമ്മമാരടക്കം പലരില്‍ നിന്നും ഉണ്ടാകുന്നത്. വിവിധ പ്രചരണ സംവിധാനങ്ങളും സജീവമാണ്. വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് എത്തിക്കാന്‍ വിപുലമായ മീഡിയാ സംഘം പ്രവര്‍ത്തിക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ ഐടി സെല്ലിന്റെ പ്രത്യേക സംഘം സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോന്നി മണ്ഡലത്തില്‍ സജീവമായിരുന്ന സുരേന്ദ്രന്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിട്ടുണ്ട്.

തണ്ണിത്തോട്ടില്‍ ഉജ്വല വരവേല്‍പ്പ്

കോന്നി: തണ്ണിത്തോട് ജംഗ്ഷനില്‍ ഉജ്വല വരവേല്‍പ്പ് ഏറ്റു വാങ്ങി സുരേന്ദ്രന്‍. നൂറു കണക്കിനു പ്രവര്‍ത്തകരാണ് വരവേല്‍പ്പില്‍ പങ്കെടുത്തത്.  മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും, കേരളം കോണ്‍ഗ്രസ്സ് നേതാവ് പി.സി. തോമസും വേദിയില്‍ സംസാരിച്ചു.  കെ. സുരേന്ദ്രന്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ്സ് യുവജന വിഭാഗം താമര പൂക്കള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് സുലേഖ സോമനും, സിന്ധു സുജിത്തും ചേര്‍ന്ന് ആരതി ഉഴിഞ്ഞു തിലകം അണിയിച്ചു. പതിനെട്ടു മാസം നിങ്ങള്‍ അനുവദിച്ചാല്‍ വന്‍ വികസനം   കോന്നിയില്‍ കൊണ്ടുവരുമെന്ന് സുരേന്ദ്രന്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. ഭീതി പരത്തി ന്യൂനപക്ഷങ്ങളെ ബിജെ പിയില്‍ നിന്നകത്തി  നിര്‍ത്തിയിരിക്കുകയായിരുന്നു. ഇന്ന് കഥമാറി. അവര്‍ ശരിയുടെ പാതയിലാണ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് വികസനത്തിന് സാധ്യമായ എല്ലാ വന്‍ പദ്ധതികളും ആലോചിക്കും.  കര്‍ഷകര്‍, യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ദളിത് വനവാസി വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പതിനെട്ടു മാസം ചെലവഴിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.