വികസനം ചര്‍ച്ചയാക്കാതെ ഇടതു-വലതു മുന്നണികള്‍, ജി.സുധാകരന്‍-ഷാനിമോള്‍ പോരില്‍ മറ്റു വിഷയങ്ങള്‍ തമസ്‌ക്കരിക്കുന്നു

Wednesday 9 October 2019 2:09 pm IST

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളിക്കുന്നു. നിസാരവിഷയങ്ങളില്‍ ചര്‍ച്ച ഒതുക്കുകയെന്ന തന്ത്രമാണ് ഇരുമുന്നണികളും പയറ്റുന്നത്. മന്ത്രി ജി. സുധാകരന്‍ സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധം ആളിക്കത്തിക്കുക എന്ന ഒറ്റ അജണ്ടയിലാണ് യുഡിഎഫ് പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്. 

മണ്ഡലത്തിലെത്തുന്ന മുതിര്‍ന്ന നേതാക്കളും സുധാകരനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണങ്ങള്‍ അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം പൊറുതി മുട്ടി നില്‍ക്കുമ്പോള്‍ അത്തരം വിഷയങ്ങള്‍ ഒഴിവാക്കിയുള്ള യുഡിഎഫ് പ്രചാരണം ഇടതിന് ആശ്വാസമായി. കേന്ദ്രസര്‍ക്കാരിനെതിരെ ഇരുമുന്നണികളും നുണപ്രചാരണം അഴിച്ചുവിട്ട് ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വോട്ടുകള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാണ് ഇക്കാര്യത്തില്‍ മുന്നില്‍ എന്ന മത്സരമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറയാനില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്. 

മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗങ്ങളെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഒഴിവാക്കിയത് സംഘടിത വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പ്, വ്യവസായങ്ങളുടെ തകര്‍ച്ച, പട്ടികവിഭാഗ കോളനികളുടെ ദുരവസ്ഥ, പീലിങ് ഷെഡ് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങളാണ് പരിഹരിക്കപ്പെടാതെയുള്ളത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ് ബാബുവും ഈ വിഷയങ്ങളാണ് പ്രചാരണത്തില്‍ ഉയര്‍ത്തുന്നത്. 

എന്നാല്‍, മാധ്യമങ്ങളടക്കം ജി.സുധാകരന്‍-ഷാനിമോള്‍ പോരില്‍ മറ്റു വിഷയങ്ങള്‍ തമസ്‌ക്കരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍, കൊല്ലം എന്നിവടങ്ങളില്‍ സഹതാപ വോട്ടുകള്‍ നേടി വിജയിച്ച മാതൃകയാണ് യുഡിഎഫ് പയറ്റുന്നത്. ഇടതുപക്ഷമാകട്ടെ ഭരണപരാജയം ചര്‍ച്ചയാകാതിരിക്കാനും ശ്രമിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.