ഇടത്-വലത് കാപട്യം ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞുവെന്ന് എ.പി.അബ്ദുളളക്കുട്ടി, ബിജെപിയെ അകറ്റി നിർത്താമെന്നത് വ്യാമോഹം മാത്രം

Thursday 11 July 2019 1:19 pm IST

കണ്ണൂര്‍: ഇടത്-വലത് കാപട്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തി ഇനിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബിജെപിയില്‍ നിന്നകറ്റി നിര്‍ത്താമെന്നത് വ്യമോഹം മാത്രമാണെന്നും മുന്‍ എംപിയും എംഎല്‍എയുമായ എ.പി.അബ്ദുളളക്കുട്ടി പറഞ്ഞു. പൊതു പ്രവര്‍ത്തനം സപര്യയാക്കിയ സത്യസന്ധനായ ഭരണാധികാരിയായ മോദിയുടെ വികസന നയങ്ങള്‍ക്ക് പിന്നില്‍ ന്യൂനപക്ഷങ്ങളടക്കം കേരള ജനത ഒന്നാകെ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പുറത്താക്കിയ താന്‍ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് കരുതിയതാണ്. എന്നാല്‍ തന്റെ പുതിയ രാഷ്ട്രീയ  ഉദയത്തിന് വഴിയൊരുക്കിയ ബിജെപി നേതൃത്വത്തോട് അകൈതവമായ കടപ്പാടുണ്ടെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി മുസ്ലീം വിരുദ്ധവും ഗാന്ധി വിരുദ്ധവുമാണെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു.

എല്ലാവരേയും ഒന്നായി കാണുന്ന ഭാരതത്തിന്റെ മഹത്തായ മഹാദര്‍ശനമാണ് ബിജെപിയുടെ ദര്‍ശനം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പിന് പിറകു വശത്തു ഗാന്ധി ദര്‍ശനം മുറുകെ പിടിക്കണമെന്നാണ് മുദ്രണം ചെയ്തിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഗാന്ധിയെ കുറിച്ച് പഠിക്കാന്‍ ഗാന്ധിപീഡിയ ആരംഭിക്കുമെന്നുളള ബജറ്റ് പ്രഖ്യാപനം ബിജെപിയുടെ ഗാന്ധിജിയോടുളള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

താന്‍ ബിജെപിയില്‍ ചേര്‍ന്ന ഘട്ടത്തില്‍ വിവിധ കോണുകളില്‍ നിന്നും നിശിതമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നാല്‍ ലോകത്തെ ഏററവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിനോട് അതിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയോട് എന്തിന് വിരോധം വെച്ചു പുലര്‍ത്തണം എന്ന ചിന്ത വൈകിയാണെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ മുസ്ലീം സമുദായത്തിലെ സുഹൃത്തുകളും പറഞ്ഞു തുടങ്ങിയതായി അബ്ദുളളക്കുട്ടി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം കലങ്ങി തെളിയാന്‍ പോവുകയാണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നയം സംസ്ഥാനത്തിന്റെ പുരോഗതിക്കും ഭാവിക്കും ഉതകുന്നതല്ല. രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കേരളത്തിന്റെ മനുഷ്യ മനസ്സു പോലും ഇരുവരും മരവിപ്പിച്ചിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

നരേന്ദ്രമോദിയുടെ വികസന നയത്തെ അനുകൂലിച്ചതിന് പുറത്താക്കിയ ഇടതും വലതും ജന മനസ്സുകളില്‍ നിന്നും അബ്ദുളളക്കുട്ടിയെ പുറത്താക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ ഇളിയ പ്രവര്‍ത്തകനായി ബിജെപി പ്രവര്‍ത്തകരോടൊപ്പം ഇനിയുളള കാലം താനുണ്ടാകുമെന്നും ജനങ്ങള്‍ക്കു വേണ്ടിയുളള ആത്മാര്‍ത്ഥ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.