കേരളത്തെ കുടിപ്പിച്ച് കിടത്താന്‍ പിണറായി സര്‍ക്കാര്‍; 347 ബാറുകള്‍ തുറന്നതിന് പിന്നാലെ പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നു മദ്യം ഉത്പാദിപ്പിക്കും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Wednesday 23 October 2019 5:33 pm IST

തിരുവനന്തപുരം: കേരളത്തെ വീണ്ടും കുടിപ്പിച്ച് കിടത്താന്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതിന് വിപരീതമാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നു മദ്യം ഉല്‍പ്പാദിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. 

ഇതിന്റെ ഭാഗമായി ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

അധികാരത്തില്‍ എത്തിയ ശേഷം 347 ബാറുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നത്. എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ അബ്ക്കാരി നിയമപ്രകാരം ത്രീ സ്റ്റാറോ അതിനു മുകളിലോ ഉള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.