ഗാന്ധിസാഹിത്യം

Thursday 10 October 2019 3:20 am IST

ഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ കിട്ടിയ സന്ദര്‍ഭം നേതാക്കളും ഭരണാധികാരികളും എഴുത്തുകാരും പാഴാക്കിയില്ല. പലരും സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്തു. പത്രങ്ങളില്‍ ഇങ്ങനെവന്ന ഗാന്ധിസാഹിത്യത്തിലൂടെ കണ്ണോടിച്ചാല്‍ രസകരമായ പല പരാമര്‍ശങ്ങളും കാണാനാവും.

സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരനിലപാടും അവസാന ശ്വാസംവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയും അയിത്തത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടവും ഖാദിയിലൂടെയും ചര്‍ക്കയിലൂടെയും അദ്ദേഹം പ്രചരിപ്പിച്ച സാമ്പത്തിക സ്വയംപര്യാപ്തത എന്ന ആശയവും സംഘടിതമായ ആക്രമണത്തിന് വിധേയമാക്കപ്പെടുന്ന കാലമാണിത്. 

ദൈര്‍ഘ്യംകൊണ്ടും സങ്കീര്‍ണ്ണതകൊണ്ടും വികലമായ വാക്യം. അയിത്തത്തിനുവേണ്ടിയും ഗാന്ധിജി പോരാടിയെന്നത് വായനക്കാര്‍ക്ക് പുതിയ അറിവായിരിക്കും. 

കലണ്ടറുകളില്‍നിന്നും ഡയറികളില്‍നിന്നുപോലും ഗാന്ധിജിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. ഇത്തരം ചിത്രങ്ങളിലൂടെയാണോ ഗാന്ധിജിയും ഗാന്ധിസവും നിലനില്‍ക്കുന്നത്. എന്തായാലും കലണ്ടര്‍, ഡയറി നിര്‍മ്മാതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടി ഉടന്‍തന്നെ ആരംഭിക്കണം. രാഷ്ട്രപിതാവിനെ നിശബ്ദമാക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആര്‍ക്കാണ് തുടച്ചുനീക്കാനാവുക. ആത്യന്തികമായി ധാര്‍മ്മികതയില്ലാത്ത ഗാന്ധിസം തൊഴിലാളിവര്‍ഗ്ഗമില്ലാത്ത മാര്‍ക്‌സിസത്തിന് സമമാണ്. ധാര്‍മ്മികതയുള്ള ഗാന്ധിസവും തൊഴിലാളിവര്‍ഗ്ഗമുള്ള മാര്‍ക്‌സിസവും എവിടെകിട്ടും. ഗാന്ധിസവും മാര്‍ക്‌സിസവും സമമാണെന്നും ഇദ്ദേഹം സമര്‍ത്ഥിച്ചേക്കാം. നമ്മുടെ വലിയ ചിന്തകരില്‍ ഒരാള്‍ എഴുതിയതുപോലെ ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല. പ്രമുഖ ചിന്തകനായ അകില്‍ബല്‍ഗ്രാമി തന്റെ പഠനങ്ങളിലൊന്നില്‍ പറയുന്നതുപോലെ ഗാന്ധിജി പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു തത്വചിന്തകനല്ല. ഗാന്ധിജിയെക്കുറിച്ച് ചിന്തകര്‍ പറഞ്ഞതുതന്നെ ഈ ലേഖകന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങള്‍ തിരിച്ചുപിടിക്കു എന്നതിനര്‍ത്ഥം ഭരണഘടനയേയും അന്തിമമായി ഇന്ത്യ എന്ന ആശയത്തെയും തിരിച്ചുപിടിക്കുക എന്നതാണ്. ഇവയെല്ലാം തിരിച്ചുപിടിക്കാന്‍ യുദ്ധമോ വിപ്ലവമോ വേണ്ടിവരുമോ?

മഹാത്മാഗാന്ധിയുടെ കാലടിപ്പാടുകള്‍ പലവട്ടം പതിഞ്ഞ മണ്ണാണ് എറണാകുളത്തിന്റേത്. 1920 ആഗസ്റ്റ് 18ന് ആണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഗാന്ധിജി എറണാകുളത്ത് എത്തുന്നത്. മഹാത്മാവിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്ഥലങ്ങളും പിന്നീട് ആ പേരിലാണ് ചരിത്രത്തിന്റെ ഭാഗമായത്. മൂന്ന് തവണയാണ് മഹാത്മാഗാന്ധി എറണാകുളത്ത് എത്തിയത്. ഈ വാക്യങ്ങളെല്ലാം ഒരേവിധം അവസാനിക്കുന്നു. അതുണ്ടാക്കുന്നത് വിരസതമാത്രം. അല്‍പ്പം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാവുന്നതേയുള്ളൂ. മഹാത്മാഗാന്ധിയുടെ കാലടികള്‍ എറണാകുളത്തിന്റെ മണ്ണില്‍പലവട്ടം പതിഞ്ഞിട്ടുണ്ട്. 

പിന്‍കുറിപ്പ്: മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി വാര്‍ത്തയെടുക്കുന്നത് ശരിയായ രീതിയല്ല- മന്ത്രി ജി.സുധാകരന്‍ പുറത്ത് കാത്തിരിക്കണം, എല്ലാവരും കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കില്‍ വിളിച്ചുതരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.