ലൗജിഹാദ് ഇപ്പോഴും ശക്തമെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ; വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റേതെന്നും വിമര്‍ശനം

Sunday 26 January 2020 10:45 am IST

കൊച്ചി : സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് വീണ്ടും സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി. ലൗ ജിഹാദ് ആരോപണത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് മെത്രാന്‍ സമിതി വീണ്ടും വിഷയത്തില്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പുതിയ വീഡിയോ സന്ദേശമായാണ് സീറോ മലബാര്‍ സഭ ഇക്കാര്യം അറിയിച്ചത്. 

അടുത്തിടെ ചേര്‍ന്ന സിറോ മലബാര്‍ സിനഡ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് പുറത്തിയ സര്‍ക്കുലറിനെതിരെ സഭയ്ക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സഭയിലെ ഒരു വിഭാഗം വൈദികര്‍ ഈ സര്‍ക്കുലര്‍ വായിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിലപാട് മയപ്പെടുത്തി പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും, ആദ്യത്തേതിനേക്കാള്‍ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് പുതിയ വിഡിയോ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. 

കേരളത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. 

അതേസമയം ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നതെന്ന് മെത്രാന്‍ സമിതി കുറ്റപ്പെടുത്തി.  മുന്‍കൂട്ടി സ്വീകരിച്ച നിലപാടുകള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ പോലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.