ക്യാപ്റ്റന്‍ കൂള്‍ കമന്റേറ്ററാകും; ഇന്ത്യ-ബംഗ്ലദേശ് ആദ്യ രാത്രി പകല്‍ ടെസ്റ്റ് മത്സരത്തിന് ആവേശം പകരാന്‍ ധോണിയും

Wednesday 6 November 2019 11:12 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ കാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യ-ബംഗ്ലദേശ് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ കമന്റേറ്ററായി എത്തുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിലാണ് ധോണി പുതിയ വേഷപ്പകര്‍ച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിക്കുന്ന ആദ്യ രാത്രിപകല്‍ ടെസ്റ്റ് മത്സരത്തിന്റെ മോടി കൂട്ടുന്നതിന്റെ ഭാഗമായി ആദ്യ രണ്ടു ദിവസം ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകന്‍മാരെയും ഈഡന്‍ ഗാര്‍ഡന്‍സിലേക്കു ക്ഷണിക്കാനാണ് ബിസിസിഐ ഉദേശിക്കുന്നത്.

ഇതിനു പുറമെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കും ടീമിനുമൊപ്പം മുന്‍ നായകന്‍മാരെയും ദേശീയ ഗാനത്തിന് അണിനിരത്താനാണ് ശ്രമം. തുടര്‍ന്ന് മുന്‍ ക്യപ്റ്റന്‍മാര്‍ ഊഴം വച്ച് കമന്ററി ബോക്‌സില്‍ അതിഥിയാകും. അവരുടെ കാലഘട്ടത്തിലെ ആരാധകര്‍ക്കായി വിവരിക്കുകയും ഓരോ ക്യാപ്റ്റന്റെയും പ്രത്യേക അഭിമുഖങ്ങളെടുത്ത് മത്സരത്തിന്റെ നാലാം ദിനം മുതല്‍ ഇടവേള സമയത്ത് ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്. മത്സരതലേന്ന് ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ സ്‌റ്റേഡിയത്തില്‍ സൗജന്യ പ്രവേശനവും ബിസിസിഐ അനുവദിച്ചിട്ടുണ്ട്.

2001ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് വിജയം ഈ ടെസ്റ്റിനിടെ ആഘോഷിക്കാനും ബിസിസിഐ ഉദേശിക്കുന്നുണ്ട്. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ അന്നത്തെ ചരിത്ര വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളായ വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരെ ആദരിക്കാനും നീക്കമുണ്ട്. ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായശേഷം ധോണി ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.