ഗുരുദേവനും അയ്യങ്കാളിയുമല്ല; ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആധുനിക നവോത്ഥാന നായകര്‍; ശബരിമലക്കെതിരെ വിഷംതുപ്പി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മാഗസിന്‍

Tuesday 23 July 2019 7:31 pm IST
ആയിരക്കണക്കിനു വിശ്വാസികളുടെ ഹൃദയത്തെ ചവിട്ടിമെതിച്ച പേക്കൂത്തുകളെ 'ആന കേറാ മല,​ ആട് കേറാ മല,​ ആയിരം കാന്താരി പൂത്തിറങ്ങി' എന്ന് മാഗസിന്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു.

തിരുവനന്തപുരം: ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്‍റെ മാഗസിന്‍. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് കോളേജ് മാഗസിന്‍ പുറത്തിറക്കിയവരുടെ ഹിന്ദുവിരുദ്ധ അജണ്ടയാണ്.

'ആന കേറാ മല,​ ആട് കേറാ മല,​ ആയിരം കാന്താരി പൂത്തിറങ്ങി' എന്ന തലക്കെട്ടോടു കൂടി പുറത്തിറക്കിയിരിക്കുന്ന മാഗസിനില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ശബരിമലയെയും അപഹസിച്ച്  നിരവധി ലേഖനങ്ങളും, കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍പ്പോ ആര്‍ത്തവം, 'മീശ' നോവലിനു ഐക്യദാര്‍ഢ്യം, ശബരിമലയില്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവത, ഹിന്ദുത്വ ഫാസിസം, കറുത്ത ശൂലം തുടങ്ങിയ ഇടത് കുതന്ത്രങ്ങളെല്ലാം കുത്തി നിറച്ചിട്ടുണ്ട്. 

 

സ്റ്റാഫ് എഡിറ്ററായ ഇടതു സഹയാത്രിക ഡോ. വിനു പ്രകാശിന്‍റെ ആശംസകളോടെ  ആരംഭിക്കുന്ന മാഗസിന്‍ 'പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കുക...' എന്ന സ്റ്റുഡന്റ് എഡിറ്ററുടെ വാക്കുകളോടെ അവസാനിക്കുന്നു. 

അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ കച്ചകെട്ടിയിരിക്കുകയാണെന്ന് ഇതിലൂടെ തെളിയുന്നു. മാഗസീന്‍ പിന്‍വലിച്ച് ഉത്തരവാദപ്പെട്ടവര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.