മാപ്പില്ല, ഈ അനാസ്ഥയ്ക്ക്

Saturday 23 November 2019 2:27 am IST

വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം വലിയ വേദനയാണ് സൃഷ്ടിച്ചത്. അതിലുപരി, കേരളത്തിലെ പൊതുവിദ്യാഭ്യാസ, ആരോഗ്യരംഗത്തെ അസൗകര്യങ്ങളിലേക്കും അനാസ്ഥയിലേക്കുമാണീ ദാരുണ സംഭവം വിരല്‍ചൂണ്ടുന്നത്.

കേരള മോഡല്‍ എന്ന് ലോകത്തിനുമുന്നില്‍ നാം കൊട്ടിഘോഷിക്കുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ ചികിത്സാ മേഖലയിലും നാം നേടിയെന്നവകാശപ്പെടുന്ന നേട്ടങ്ങള്‍. ക്ലാസ്മുറിയിലെ പൊത്തില്‍ നിന്ന് പുറത്തുവന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹ്‌ല ഷെറിന് ജീവന്‍ നഷ്ടമായ സംഭവത്തോടെ നമ്മള്‍ നേടിയെന്ന് അവകാശപ്പെടുന്ന 'നേട്ട'ത്തിന്റെ പൊള്ളത്തരം വ്യക്തമായിരിക്കുന്നു. 

ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിലെ പൊത്തുകള്‍ അടച്ചിരുന്നെങ്കില്‍, സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കില്‍ ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടമാകുമായിരുന്നില്ല. നല്ല ചികിത്സ കൃത്യസമയത്ത് കുട്ടിക്ക് ലഭിച്ചിരുന്നെങ്കിലും അങ്ങനെ സംഭവിക്കുമായിരുന്നില്ല. 

പാമ്പു കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കൂട്ടുകാരും സ്‌കൂളിലെ മറ്റൊരധ്യാപികയും കേണുപറഞ്ഞിട്ടും അതിന് തയ്യാറാകാത്ത അധ്യാപകന്‍ കേരളാ മോഡല്‍ മാതൃകാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. ഏറെ വൈകി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴും അവിടെയും അനാസ്ഥ തുടര്‍ന്നു. ചികിത്സ ഒന്നും ലഭിക്കാതെ നാല്പത് മിനുറ്റോളമാണ് ആ കുരുന്നു ജീവന്‍ ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ കിടന്നത്. പാമ്പുകടിയേറ്റ് വരുന്നയാളെ എങ്ങനെയാണ് ചികിത്സിക്കേണ്ടതെന്നുപോലും അറിയാത്ത ആശുപത്രികളുള്ള കേരളമാണ് ആരോഗ്യരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചു എന്നവകാശപ്പെടുന്നതെന്നതാണ് ലജ്ജാകരം.

സ്‌കൂള്‍ പരിസരം ഇഴജന്തുക്കളുടെ വിഹാരരംഗം. ക്ലാസ്മുറികളിലാകെ പൊത്തുകള്‍. അതിലെല്ലാം ഉഗ്രവിഷമുള്ള പാമ്പുകള്‍. പലതവണ പാമ്പിനെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ടുകളില്‍ മാരക രോഗം പരത്തുന്ന കൊതുകുകളും കീടങ്ങളും ഏറെ. ഇത്രയേറെ വൃത്തികെട്ട സാഹചര്യത്തിലായിരുന്നു ആ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. ഇതൊന്നും പെട്ടെന്ന് സംഭവിച്ചതല്ല.

മാറിമാറിവന്ന സര്‍ക്കാരുകള്‍ ഭരിച്ച് ഭരിച്ച് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെയും പൊതു ആരോഗ്യ സംവിധാനത്തെയും ഇങ്ങനെ ആര്‍ക്കും പ്രയോജനമില്ലാത്ത തരത്തിലാക്കിയെടുത്തതാണ്. സര്‍ക്കാര്‍ മേഖലയല്ലേ, എങ്ങനെയും നടന്നാല്‍മതി എന്നാണ് ചിന്ത. എന്നാലല്ലേ സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും കൊള്ളലാഭം കൊയ്ത് തഴച്ചുവളരാനാകൂ.

ഷെഹ്‌ലയുടെ മരണം സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചപ്പോഴാണ് നമ്മുടെ അധികാരികള്‍ക്ക് ബോധോദയം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പരിശോധിക്കാനുള്ള ഉത്തരവിറക്കിയിരിക്കുന്നു. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ഗ്രാമീണ മേഖലകളിലെ സ്‌കൂളുകള്‍. ഈ വിവേകമുണ്ടാകാന്‍ ഒരു കുരുന്നിന്റെ ജീവന്‍ ബലിനല്‍കേണ്ടിവന്നു. ഓരോ അധ്യയന വര്‍ഷം തുടങ്ങുമ്പോഴും സ്‌കൂളുകള്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നാണ് ചട്ടം. സംസ്ഥാനത്തെ എത്ര സ്‌കൂളുകള്‍ അങ്ങനെ ചെയ്യുന്നുണ്ടെന്ന് പരിശോധിക്കണം. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അത്തരമൊരു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ല. 

പാമ്പുകടിയേറ്റ ശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് ആ കുഞ്ഞ് മരിച്ചത്. കുഞ്ഞിനെയുംകൊണ്ട് പിതാവ് കയറിയിറങ്ങിയ ആശുപത്രികളിലൊന്നും ശരിയായ രീതിയില്‍ ചികിത്സ നല്‍കിയില്ല. ആന്റിവെനം നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുപോലും താലൂക്ക് ആശുപത്രിയില്‍ അതുനല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ സ്‌കൂളുകളെല്ലാം ഹൈടെക്കും ഡിജിറ്റലുമാകുന്ന കാലഘട്ടത്തിലാണ് മനഃസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നതെന്നുവേണം ഓര്‍ക്കാന്‍.

ആരോഗ്യ രംഗവും കുതിച്ചുചാട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഈ വാദങ്ങള്‍ എത്രത്തോളം സത്യമാണെന്ന് ആത്മപരിശോധന നടത്തണം. ഒരു പറ്റം ആളുകളുടെ അനാസ്ഥകാരണം ഒരു കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കിയത്. അവളുടെ മാതാപിതാക്കളുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നത്. ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എത്ര  ഉന്നതരായിരുന്നാലും അവര്‍ക്ക് മാപ്പു നല്‍കാനാകില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.