തമിഴ്‌നാട്ടില്‍ ഭീകരാക്രമണ ഭീഷണി; റെയില്‍വേ സ്‌റ്റേഷനിലേയും കാഞ്ചീപുരം ക്ഷേത്രത്തിലും കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തി, മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് രജിസ്ട്രാര്‍ക്ക് കത്ത്‌

Tuesday 17 September 2019 2:57 pm IST

ചെന്നൈ : തമിഴ്‌നാട്ടില്‍ ബോംബ് ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചീപുരം ക്ഷേത്രത്തിലേയും സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരുടെ ബാഗുകള്‍ ഉള്‍പ്പടെ കര്‍ശ്ശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഇവരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. 

അതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രജിസ്ട്രാര്‍ക്ക് കത്ത് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദല്‍ഹിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്. കൂടാതെ ഹരിയാനയിലെ രേവാരി റെയില്‍വേ സ്റ്റേഷനിലും രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലും ജെയ്ഷ ഇ മുഹമ്മദ് സ്‌ഫോടനത്തിനു പദ്ധതി ഇടുന്നതായി ഇതിനു മുമ്പും ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്. ഹരിയാന പോലീസാണ് കത്ത് പുറത്തുവിട്ടത്. 

ഒക്ടോബര്‍ എട്ടിന് മുമ്പായി രാജ്യത്ത് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. അതേസമയം കത്തിനു പിന്നില്‍ ജെഇഎം തലവന്‍ മസൂദ് അസര്‍ ആണോയെന്നും സംശയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി മസൂദ് അസറിനെ പാക് ഭരണകൂടം വിട്ടയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്‌ഫോടനം നടന്നിരുന്നു. കാഞ്ചീപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.