ഹൈന്ദവ ജാഗരണത്തിന് ദിശാബോധം പകര്‍ന്ന മഹാമനീഷി

Monday 10 February 2020 9:48 am IST

 

ആറു ദശകങ്ങളിലേറെയായി കേരളീയ ഹൈന്ദവ ചേതനയെ രൂപപ്പെടുത്തുന്നതിലും ഉണര്‍ത്തുന്നതിലും നിര്‍ണായകമായ പങ്ക് വഹിച്ച  പരമേശ്വര്‍ജി സ്ഥൂലശരീരത്തെ ഉപേക്ഷിച്ചു. അദ്ദേഹം രചിച്ച കൃതികളും ഉച്ചരിച്ച വാക്കുകളും അദ്ദേഹത്തിന്റെ സ്വാധീനശക്തിയാല്‍ ധര്‍മസംസ്ഥാപന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം തുടര്‍ന്നും ഹൈന്ദവചേതനയെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. ധര്‍മബോധത്തിലുറച്ച സാധനയുടെയും വിചാരത്തിന്റെയും  അത്യന്തം ദീപ്തമായ  പ്രവര്‍ത്തനം തീര്‍ത്തും ഉറങ്ങിക്കിടന്ന കേരളീയ ഹിന്ദുധര്‍മ വ്യവസ്ഥയെ കുറച്ചൊന്നുമല്ല തട്ടിയുണര്‍ത്താന്‍ സഹായകമായത്. 

വ്യക്തിസാധനയിലൂടെയും സ്വാധ്യായ പ്രവചനങ്ങളിലൂടെയും മഹാപുരുഷ സേവയിലൂടെയും വാര്‍ത്തെടുത്ത വ്യക്തിത്വം രാഷ്ട്രീയ - സേവാ മേഖലകളിലെ ധര്‍മസംസ്ഥാപന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ സുദൃഢവും ശക്തവുമായി രൂപപ്പെട്ടു. ബന്ധപ്പെട്ടവരുടെ മുഴുവന്‍ മനസ്സുകളില്‍ എന്നും മായാതെ നില്‍ക്കുന്ന പ്രചോദക ശക്തിയായി ആ വ്യക്തിത്വത്തിന്റെ മാസ്മരികത തീര്‍ച്ചയായും എന്നും അനുസ്മരിക്കപ്പെടുകതന്നെ ചെയ്യും. ജനസംഘത്തിന്റെ അഖില ഭാരതീയ ചുമതല വഹിക്കുന്ന സമയത്തും അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളിലും വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും ശക്തമായ സാന്നിധ്യവും നേതൃത്വവുമായിരുന്നു പരമേശ്വര്‍ജി. വിചാരകേന്ദ്രത്തിന്റെ സ്ഥാപനത്തിനും ഗീതാസ്വാധ്യായ സമിതിയുടെ രൂപീകരണത്തിലും അതുപോലെ ധര്‍മശാസ്ത്ര പ്രചരണത്തിന്റെ വിവിധ മേഖലകളിലും അദ്ദേഹം നേതൃത്വം നല്‍കി. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനായും ജനസംഘത്തിന്റെ അഖില ഭാരതീയ അധികാരിയുമായി പ്രവര്‍ത്തിച്ച പരമേശ്വര്‍ജി വിവേകാനന്ദസ്വാമികളുടെയും മഹര്‍ഷി അരവിന്ദന്റെയും ശ്രീനാരായണ ഗുരുദേവന്റെയുമെല്ലാം ചിന്തകളെ സുവ്യക്തമായി മലയാളത്തില്‍ അവതരിപ്പിക്കുകയും അതിലൂടെ വ്യക്തമായ ദിശാബോധം ഹൈന്ദവ ജാഗരണത്തിന് പകര്‍ന്ന് നല്‍കുകയും ചെയ്തു. 

ആഗമാനന്ദസ്വാമികളുടെ ശിക്ഷണത്തിലൂടെ രൂപപ്പെട്ടതായിരുന്നു പരമേശ്വര്‍ജിയുടെ വ്യക്തിത്വം. ക്രമികമായ വ്യക്തിത്വ വികാസ പദ്ധതികളിലൂടെ രൂപപ്പെട്ട വ്യക്തിത്വത്തിന്റെ തീക്ഷ്ണവും സൗമ്യവുമായ ഭാവങ്ങള്‍ പരമേശ്വര്‍ജി നടത്തിയ വിവിധ സംവാദങ്ങളില്‍ അങ്ങേയറ്റം പ്രകടമായിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി നടത്തിയ ആശയസംവാദം വൈചാരിക സംവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. ധൈഷണികമായ തെളിമ അത്രയ്ക്കേറെ അനുഭവിപ്പിച്ച ഒരു സംവാദമായിരുന്നു അത്. 

ഗീതാസ്വാധ്യായ സമിതിയിലൂടെ പരമേശ്വര്‍ജി വിഭാവനം ചെയ്ത കേരളത്തിന്റെ സമഗ്രമായ ധര്‍മ്മശാസ്ത്രത്തില്‍ അടിയുറച്ച നവേത്ഥാനം അത് ഉദ്ദേശിച്ചതുപോലെ സാക്ഷാത്കരിക്കാന്‍ സത്യസന്ധമായി സാധിച്ചില്ലെങ്കില്‍ പോലും ആ ആശയം നമ്മുടെ മുമ്പില്‍ സജീവമായി നിലകൊള്ളുകതന്നെ ചെയ്യും. അദ്ദേഹത്തിന്റെ അനേകം കൃതികളില്‍ വിശേഷിച്ച് ഗണഗീതങ്ങളും ദേശഭക്തിനിറഞ്ഞ് നില്‍ക്കുന്ന കവിതകളുമെല്ലാം കൈരളിയെ ദീര്‍ഘകാലം പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. നിരന്തരമായ പ്രവര്‍ത്തനം, നിരന്തരമായ സഞ്ചാരം, വിവേകാനന്ദകേന്ദ്രം,  ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വം എല്ലാം സ്തുത്യര്‍ഹമായി നിര്‍വഹിച്ചുകൊണ്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച ആ മഹാമനീഷി കുറച്ചുകാലമായി ശാരീരികമായ ക്ലേശങ്ങളാല്‍ വിശ്രമിക്കുകയായിരുന്നു. 

പക്ഷേ ആ സമയത്തും ഭാരതത്തിന് വേണ്ടി, ധര്‍മ്മത്തിന് വേണ്ടി ഓരോ നിമിഷവും ചിന്തിക്കുകയും തന്നെ സന്ദര്‍ശിക്കുന്ന ഓരോരുത്തരുമായി ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ആ മഹാമനീഷിയുടെ സുദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങള്‍ വൈകിയാണെങ്കിലും ഭാരത സര്‍ക്കാര്‍ ആദരിച്ചു. പദ്മശ്രീ തുടര്‍ന്ന് പദ്മവിഭൂഷണ്‍ ബഹുമതികളാല്‍ ഭാരതം ബഹുമാനിച്ചു. കൃതാര്‍ഥമായ ജീവിതം അതിന്റെ നൈര്‍മല്യത്തെ എല്ലാ ഭാവത്തിലും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു മനുഷ്യായുസ്സില്‍ ചെയ്തു തീര്‍ക്കാനുള്ള കര്‍ത്തവ്യങ്ങളെ മുഴുവന്‍ ചെയ്ത് തീര്‍ത്ത് കൃതാര്‍ഥമായ ധന്യമായ ഭാവത്തില്‍ എത്തിച്ചേരുകയും സ്ഥൂലശരീരത്തെ ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. തീര്‍ത്തും കൃതാര്‍ത്ഥമായ ജീവിതം ദീപനിര്‍വാണം പോലെ തീര്‍ത്തും പ്രശാന്തമായ ഭാവത്തോടെ മാഘപൂര്‍ണ്ണിമ ദിവസം പൂര്‍ണമായിരിക്കുകയാണ്. ആ പരമേശ്വര 

പൂര്‍ണിമയ്ക്ക് മുമ്പാകെ ആദരപൂര്‍വ്വം കൈരളി ഒന്നാകെ പ്രണാമമര്‍പ്പിക്കട്ടെ. ആ ധിഷണാശാലിയുടെ വഴികാട്ടലുകള്‍ സ്വീകരിച്ച് വേണ്ടതായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകാന്‍ മലയാള മനസ്സ് സജ്ജമാകട്ടെ. അതിലേക്ക് കേരളത്തെ ഉയര്‍ത്തുന്നതിന് ധര്‍മ്മസംസ്ഥാപനം ചെയ്യുന്ന പ്രവര്‍ത്തകര്‍ അവിശ്രമം പ്രവര്‍ത്തിക്കട്ടെ ആ പ്രവര്‍ത്തനമായിരിക്കും ആ മഹര്‍ഷിക്ക് മുമ്പില്‍ സമര്‍പ്പിക്കാനുള്ള കാണിക്ക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.