എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കത്ത് നല്‍കിയില്ല; സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ശിവസേനയുടെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളി; താക്കറെ കുടുംബം പെരുവഴിയില്‍

Monday 11 November 2019 8:38 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാതെ ബിജെപിയുമായി ഉടക്കി പിരിഞ്ഞ ശിവസേന പെരുവഴിയില്‍. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ പിന്തുണക്കത്ത് നല്‍കിയില്ല. ഇതോടെ ബിജെപിക്ക് ബദലായി സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന ശിവസേനയുടെ മോഹം തുടക്കത്തിലെ പൊലിയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുണ്ടാക്കാന്‍ രണ്ടുദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് ഗവര്‍ണറോട് ശിവസേന ആവശ്യപ്പെട്ടു. എന്നാല്‍, ഗവര്‍ണര്‍ അധികസമയം അനുവദിച്ചിട്ടില്ല. 

പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.  മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായും ശരത് പവാറുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും എന്‍സിപിയുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അറിയിക്കുന്നത്. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്നും, പിന്തുണ കത്ത് ഫാക്‌സ് ചെയ്തിട്ടുണ്ടെന്നുമാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 

മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്. ഇന്നു  രാത്രി എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശിവസേനയോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇതിന് ശിവസേനയ്ക്ക് സാധിച്ചില്ല.  2014 ല്‍ ബിജെപി ചെയ്തപോലെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേന ശ്രമിച്ചത്. എന്നാല്‍, എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കാത്തതാണ് ശിവസേനയെ വെട്ടിലാക്കിയത്. ഇതോടെ ആരും പിന്തുണക്കാതെ താക്കറെ കുടുംബം പെരുവഴിയിലായി.  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ശിവസേനയുടെ നിലപാട് ജനഹിതത്തിന് വിരുദ്ധമെന്ന് ബിജെപി ആരോപിച്ചിരുന്നു. മുന്നണിയായി മത്സരിച്ച് ശിവസേന പിന്നില്‍ നിന്നും കുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.