എംജി സര്‍വകലാശാലയിലും എസ്എഫ്‌ഐ ഭീകരത: ഹോസ്റ്റലില്‍ എസ്എഫ്‌ഐക്കാര്‍ക്കല്ലാതെ പ്രവേശനമില്ല; സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസ് സാമൂഹ്യവിരുദ്ധ കേന്ദ്രം

Wednesday 17 July 2019 6:16 pm IST

കോട്ടയം: എസ്എഫ്‌ഐ അടക്കി ഭരിക്കുന്ന എംജി സര്‍വകലാശാല കാമ്പസിലും നടപ്പാക്കുന്നത് ഏകസംഘടനാവാദം. ഇതര സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രിയദര്‍ശിനി ഹില്‍സ് കാമ്പസില്‍ അനുഭവിക്കേണ്ടിവരുന്നത് കൊടിയ പീഡനവും മര്‍ദനവും. 

വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. ഇവിടെ എസ്എഫഐക്കാര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും പ്രവേശനമില്ല. ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളെ ഭീഷണിയിലൂടെയും മര്‍ദനത്തിലൂടെയും ഇല്ലാതാക്കും. ഹോസ്റ്റലുകളില്‍ പരിശോധന നടത്താനോ പ്രവേശനം സുതാര്യമാക്കാനോ ഒരുതരത്തിലുള്ള ഇടപെടലുകളും അധികൃതര്‍ നടത്തില്ല. എസ്എഫ്‌ഐയുടെ എന്ത് തോന്ന്യവാസത്തിനും കുടപിടിക്കുകയാണ് സിന്‍ഡിക്കേറ്റിലെ ഇടത് അനുഭാവികളും ഒരുവിഭാഗം അധ്യാപകരും.

വര്‍ഷങ്ങളായി തുടരുന്നതാണ് എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം. പഠനം പൂര്‍ത്തിയാവരുടെ ഇടത്താവളമായി ഹോസ്റ്റലുകള്‍ മാറി. സര്‍വകലാശാലയുമായി യാതൊരു ബന്ധമില്ലാത്തവര്‍ വരെ ഇവിടെ താമസിക്കാറുണ്ടെന്ന വിവരവുമുണ്ടെന്നും അധികൃതര്‍ തന്നെ പറയുന്നു. എന്നാല്‍, ഇതിനെതിരെ നടപടിയെടുക്കാന്‍ ഭരണചക്രം തിരിക്കുന്നവര്‍ ഭയക്കുന്നു.

സ്റ്റുഡന്‍സ് യൂണിയന്റെ ഓഫീസ് ഫലത്തില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാല കേന്ദ്രീകരിച്ചുള്ള എല്ലാത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ഓഫീസിനെ കരുവാക്കുന്നതായി ആക്ഷേപമുണ്ട്. രാത്രിസമയത്തും ഈ ഓഫീസില്‍ വിദ്യാര്‍ഥികള്‍ എത്തുന്നു. സര്‍വകലാശാലയുടെ അന്തരീക്ഷത്തിന് യോജിക്കാത്ത ചില പ്രവൃത്തികള്‍ രാത്രിസമയത്ത് കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവവുമുണ്ടായിട്ടുണ്ട്. കാമ്പസില്‍ സിപിഎം സംഘടനയുടേല്ലാതെ ഇതര സംഘടനകളുടെ ഒരു ബോര്‍ഡും സ്ഥാപിക്കാന്‍ അനുവദിക്കില്ല. രാത്രിയുടെ മറവില്‍ ഒന്നുകില്‍ നശിപ്പിക്കുകയോ എടുത്തുകളയുകയോ ചെയ്യും. ഇക്കാര്യത്തില്‍ ആരും എസ്എഫഐയെ ചോദ്യം ചെയ്യില്ല.

 എഐഎസ്എഫുകാര്‍ വരെ പലപ്പോഴായി എസ്എഫ്‌ഐയുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ദളിത് വിദ്യാര്‍ഥി സംഘടനകളും എസ്എഫ്‌ഐയുടെ അസഹിഷ്ണുതയ്ക്ക് ഇരയാണ്. എസ്എഫ്‌ഐയെ എതിര്‍ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ദളിത് വിദ്യാര്‍ഥിനിയുടെ പഠന ഗ്രാന്റ്‌വരെ നേതൃത്വം സമ്മര്‍ദം ചെലുത്തി തടഞ്ഞുവച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എസ്എഫഐ നേതൃത്വത്തിന്റെ തീട്ടൂരങ്ങള്‍ക്ക് ചെവികൊടുക്കാതെയിരുന്ന ബധിര വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത് കഴിഞ്ഞ വര്‍ഷമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.