ഇസ്ലാമിസം നിറയുന്ന ഇടതുപക്ഷം

Sunday 29 December 2019 5:02 am IST
പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാരാട്ടില്‍ നിന്ന് ഈ ബില്ലിനെതിരേ ചങ്ങല തീര്‍ക്കാന്‍ വെമ്പിനില്‍ക്കുന്ന യെച്ചൂരിയിലേക്കുള്ള ദൂരം വെറും എട്ടുകൊല്ലം മാത്രമായിരുന്നു എന്നാലോചിയ്ക്കുമ്പോഴാണ് എത്ര പെട്ടെന്നാണ് ഇസ്ലാമിസം നമ്മുടെ ഇടതുപക്ഷ സ്ഥാപനങ്ങളെ പൂര്‍ണ്ണമായി ബാധിച്ചതെന്ന് മനസ്സിലാകുന്നത്

2005 ജൂലൈ 7, ബ്രിട്ടനെ പിടിച്ചുലച്ച ബോംബുസ്‌ഫോടനങ്ങള്‍ നടന്ന ദിവസം. ലണ്ടനിലെ തുരങ്ക റെയില്‍ സര്‍വീസായ ട്യൂബില്‍ മൂന്നിടത്തും ഒരു ബസിലുമായി അനേകം സ്‌ഫോടനങ്ങള്‍ ഒരുമിച്ച് നടന്നു. ഒരു ഭാരതീയനും ഒരു ശ്രീലങ്കക്കാരനുമുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ട് ലണ്ടന്‍ നിവാസികള്‍ അന്ന് ക്രൂരമായി കൊല്ലപ്പെട്ടു. മൂന്ന് പാക്കിസ്ഥാനി വംശജരായ ബ്രിട്ടീഷുകാരും ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്ത് ജമൈക്കയില്‍ നിന്ന് വന്നയാളുമായിരുന്നു ചാവേറുകളായി ബോംബാക്രമണം നടത്തിയത്.

നാടിനെ നടുക്കിയ അത്തരമൊരു ബോംബാക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ഇടത് പത്രമായ ഗാര്‍ഡിയനില്‍ ഡില്‍പാസിയര്‍ അസ്ലം എന്ന ജേര്‍ണലിസം ട്രെയിനിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലിബറല്‍ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പത്രമാണ് ഗാര്‍ഡിയന്‍. ഇത്തരം ഒരു സാഹചര്യത്തില്‍ വെറുമൊരു ട്രെയിനിയെക്കൊണ്ട് പത്രത്തില്‍ അഭിപ്രായമെഴുതിയ്ക്കുക എന്നത് ഒരിക്കലും സാധാരണ കണ്ടുവരാത്തതാണ്. പക്ഷേ ദില്‍പാസിയര്‍ അസ്ലത്തിന് അങ്ങനെയൊരു അവസരം അവര്‍ എന്തുകൊണ്ടോ നല്‍കി. 

നമ്മളീ വള്ളം കുലുക്കുന്നു (We rock the boat) എന്നായിരുന്നു അയാളുടെ ലേഖനത്തിന്റെ തലക്കെട്ട്. സംഭവത്തില്‍ സങ്കടം രേഖപ്പെടുത്തുന്നു ''എങ്കിലും'' ഇറാഖിലും മറ്റും നടക്കുന്ന യുദ്ധങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കരുതെന്നും ''രോഷാകുലരായ'' മുസ്ലിം യുവത്വത്തിനെ കാണാതിരിക്കരുതെന്നും മറ്റുമാണ് ആ ലേഖനത്തിലുണ്ടായിരുന്നത്. ഇന്നത്തെ മുസ്ലിം അനീതി കണ്ടാല്‍ അവഗണിയ്ക്കാന്‍ തയാറല്ല എന്നായിരുന്നു പ്രധാനവരി. ഇത്തരമൊരു ലേഖനം ഇതുപോലെയൊരു സമയത്ത് ഗാര്‍ഡിയന്‍ മാതിരി ഒരു പ്രമുഖ വര്‍ത്തമാനപ്പത്രത്തില്‍ വന്നത് കണ്ട് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും സകലരും ഞെട്ടിപ്പോയി. ദില്‍പാസിയര്‍ അസ്ലത്തിനെതിരേ ബ്ലോഗുകളിലൂടേയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ആള്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. ഞെട്ടിയ്ക്കുന്ന ഒരു വിവരവും ചില ബ്ലോഗര്‍മാര്‍ കണ്ടെത്തി. അയാള്‍ ഹിസ്ബ് ഉത് താഹിര്‍ എന്ന ഭീകരസംഘടനയിലെ അംഗമാണ്. ഒളിച്ചുവച്ചുകൊണ്ടല്ല, പരസ്യമായിത്തന്നെ ആ സംഘടനയിലെ അംഗമായിരുന്നയാള്‍. ഹിസ്ബ് ഉത് താഹിര്‍ എന്ന സംഘടന ജര്‍മ്മനിയിലും റഷ്യയിലുമൊക്കെ നിരോധിക്കപ്പെട്ടതാണെങ്കിലും ബ്രിട്ടനില്‍ നിരോധിച്ചിരുന്നില്ല. 

ഇത്തരമൊരു സംഘടനയിലെ അംഗമാണെന്ന് അയാള്‍ ജോലി അപേക്ഷയില്‍ പറഞ്ഞിരുന്നില്ല എന്ന തൊടുന്യായമാണ് ഗാര്‍ഡിയന്‍ പറഞ്ഞത്. എന്നാല്‍ അപേക്ഷയില്‍ പറഞ്ഞിരുന്നില്ലെങ്കിലും കൂടെ ജോലി ചെയ്യുന്ന ഒരുവിധപ്പെട്ടവര്‍ക്കെല്ലാം അയാളെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു. അതറിഞ്ഞ് തന്നെയാണ് അയാള്‍ക്ക് ജോലി നല്‍കിയതും സ്വന്തം രാജ്യത്ത് ഇതുമാതിരിയൊരു കൂട്ടക്കൊല നടത്തിയപ്പോള്‍ പത്രത്തിന്റെ ഒരു പ്രമുഖഭാഗം അയാള്‍ക്കെഴുതാനും കൊലയാളികളുടെ ഭീകരവാദ ഇരവാദം പ്രചരിപ്പിയ്ക്കാനും വിട്ടുകൊടുത്തതും. 

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ഇത് ഒരിടത്ത് മാത്രമല്ല, അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും ഭാരതം മുതല്‍ ലെബനോന്‍ വരെയുള്ള കിഴക്കന്‍ രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് ഗതി. ഭീകരവാദ ഇസ്ലാമിന്റെ ചൊല്‍പ്പടിയിലാണ് അതാത് രാജ്യങ്ങളിലെ ലിബറല്‍-ഇടതു ബുദ്ധിജീവികളും മാദ്ധ്യമങ്ങളും കേന്ദ്രങ്ങളുമെല്ലാം. സാം ഹാരിസിനേയും റിച്ചാഡ് ഡോക്കിന്‍സിനെപ്പോലെയുള്ള നിരീശ്വരവാദികളും ശാസ്ത്രജ്ഞരും അവരെ അധോഗമന ഇടതുപക്ഷമെന്നാണ് (Regressive Left) വിളിയ്ക്കുന്നത്.  

2003ല്‍ ലണ്ടന്‍ മേയറായിരുന്ന ഇടതുപക്ഷ, ലേബര്‍ പാര്‍ട്ടിക്കാരനായ കെന്‍ ലിവിംഗ്സ്റ്റണ്‍ ഫാസിസത്തിനെതിരേ ഒരുമിക്കുക (Unite Against Fascism) എന്നൊരു സംഘടന തുടങ്ങി. കെന്‍ ലിവിംഗ്സ്റ്റണ്‍ അയാളുടെ ശക്തമായ ഇസ്രേയല്‍ വിരോധവും അമേരിക്കയ്‌ക്കെതിരേയുള്ള നിലപാടുകള്‍ കൊണ്ടും അത്യാവശ്യം (കു)പ്രസിദ്ധനാണ്. ഈ സംഘടനയുടെ വൈസ് ചെയര്‍മാനെയാണ് പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടത്. ആസാദ് അലി എന്നയാള്‍. ഇസ്ലാമിക് ഫോറം ഓഫ് യൂറോപ്പ് എന്ന സംഘടനയുടെ തലവനായിരുന്ന ആസാദ് അലിയാണ് ഫാസിസത്തിനെതിരേ ഒരുമിപ്പിയ്ക്കുന്ന 'ഇടത്' സംഘടനയുടെ വൈസ് പ്രസിഡന്റ്. ഈ ഇസ്ലാമിക് ഫോറം ഓഫ് യൂറോപ്പ് എന്നത് ജമായത്തേ ഇസ്ലാമിയുടെ ഒരു ശാഖയാണ്. 

ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയംഗവും അവിടെ നിന്ന് അഭയാര്‍ത്ഥിയായി ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന പ്രമുഖയായ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മരിയം നമാസിയുടെ വാക്കുകള്‍ കടമെടുത്താല്‍.... ''യുദ്ധത്തിനെതിരേയെന്നും, സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെന്നും, ഇസ്ലാമോഫോബിയ വാച്ച് എന്നും, ഫാസിസത്തിനെതിരേ ഒരുമിയ്ക്കലെന്നും, റെസ്പക്ട് പാര്‍ട്ടി എന്നുമൊക്കെയുള്ള ആള്‍ക്കാരുടെ ലക്ഷ്യം ഒന്നുതന്നെയാണ്. മുസ്ലീങ്ങളെ സംരക്ഷിയ്ക്കാനെന്ന മറവില്‍ ഇസ്ലാമിക ഭീകരവാദത്തെ അനുകൂലിയ്ക്കുക''. (ഈ മരിയം നമാസി ഇന്ന് കൌണ്‍സില്‍ ഫോര്‍ എക്‌സ് മുസ്ലിംസ് ഓഫ് ബ്രിട്ടന്റെ Council of Ex Muslims of Britain പ്രസിഡന്റാണ്).

അയാന്‍ ഹിര്‍സി അലിയുടെ പേരും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഹിര്‍സി അലി സൊമാലിയയില്‍ ജനിച്ച് മുസ്ലീമായി ജീവിച്ചു വളര്‍ന്ന് അവസാനം അവിടെ നിന്ന് രക്ഷപെട്ടോടി അഭയാര്‍ത്ഥിയായി നോര്‍വേയിലെത്തിയ സ്ത്രീയാണ്. ഇപ്പോള്‍ അമേരിക്കയില്‍ ജീവിയ്ക്കുന്നു. ഹാര്‍വാഡും സ്റ്റാന്‍ഫോഡും പോലുള്ള പ്രമുഖ സര്‍വകലാശാലകളൊക്കെ ഫെലോ ആയി അംഗീകരിച്ച ഇവര്‍ ഇന്ന് ലോകത്തെ അറിയപ്പെടുന്ന ചിന്തകരിലും എഴുത്തുകാരിലും പ്രധാനപ്പെട്ട ഒരാളാണ്. ഭീകരവാദി ഇസ്ലാമും ഇടതുപക്ഷക്കാരും തമ്മിലുള്ള ബന്ധത്തെപ്പറ്റി അവരോടൊരിക്കല്‍ ചോദിച്ചു. നിങ്ങള്‍ ഭീകരവാദ ഇസ്ലാമിനെയൊക്കെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ അമേരിക്കയിലെ ഇടതുപക്ഷം എന്ന് പറയപ്പെടുന്നവര്‍ നിങ്ങളെ ടോക്‌സിക് എന്ന് പറയുന്നുണ്ടല്ലോ? ഇടതുപക്ഷത്തുള്ള മനുഷ്യരെ നിങ്ങളുടെ വാദങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നില്ലേ?

അതെ വിഷം എന്ന് തന്നെ അര്‍ത്ഥം. ഇസ്ലാമിസത്തിനെതിരേ സംസാരിയ്ക്കുന്നവരെയൊക്കെ ആഗോളവ്യാപകമായി കരിവാരിത്തേയ്ക്കാനും, അസഭ്യം പറയാനുമുള്ള വാക്കാണ് ''വിഷം'' എന്നത്. ''ഫാസിസം'' പോലെ തന്നെ. വിഷം വമിപ്പിക്കരുത് സഹോദരാ. എന്നത് ഓര്‍മ്മയുണ്ടോ? ഈ ട്രെയിനിങ്ങൊക്കെ ടെമ്പ്‌ലേറ്റഡ് ആണ് എന്നതിനു സംശയമുണ്ടോ? ആഗോള ഇസ്ലാമിസത്തെ നോക്കിയാല്‍ നാളെ ഇവന്മാരുടെ ഇവിടത്തെ സ്ട്രാറ്റജി എന്താണെന്ന് പിടികിട്ടും. ലവ് ജിഹാദ് മുതല്‍. കമന്റുകള്‍ വരെ ടെമ്പ്‌ലേറ്റുകളില്‍ നിന്ന് വരുന്നതാണ്.

''അമേരിക്കയില്‍ ഇടതിന്റെ മധ്യഭാഗത്ത് നില്‍ക്കുന്നവര്‍ ഉണ്ട്. ഇസ്ലാമിസത്തെ കുറ്റം പറഞ്ഞാല്‍ ഈ നാട്ടിലെ ജനതയില്‍നിന്ന് ഒരു തിരിച്ചടി ഉണ്ടാകുമോ എന്നും, ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിനെ, ഭൂരിപക്ഷം വംശീയമായി നേരിടുമോ എന്നും പേടിയ്ക്കുന്നവര്‍. പണ്ടത്തെക്കാലത്ത് കറുത്തവര്‍ഗ്ഗക്കാരായ അമേരിക്കക്കാര്‍ നേരിട്ടതുപോലെ ഒരു ഒഴിവാക്കല്‍ ഒരുപാട് കുറ്റം പറഞ്ഞാല്‍ ഇന്ന് മുസ്ലീങ്ങള്‍ നേരിടുമോ എന്നും അവര്‍ ഭയക്കുന്നുണ്ട്. അവരുടെ ഉത്കണ്ഠകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ പറയുന്നതില്‍ കാര്യമുണ്ട്. നമുക്ക് മനുഷ്യരെ അവരുടെ മതമോ വംശമോ തൊലിനിറമോ ഒന്നും പറഞ്ഞ് ഒറ്റപ്പെടുത്താനാവില്ല. അവര്‍ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു. 

'തീര്‍ത്തും വേറൊരു തരം ഇടതുപക്ഷമുണ്ട്. കമ്യൂണിസത്തിന്റേയോ സോഷ്യലിസത്തിന്റേയോ എതൊക്കെയോ തരം ബോള്‍ഷെവിസത്തിന്റേയോ ഒക്കെ ബാക്കിപത്രമായ ഇടതുപക്ഷം. അവര്‍ക്ക് എന്താണ് പൊതുവായുള്ളതെന്നാല്‍ അമേരിക്കയോടും അമേരിക്കയുടെ സകലതിനോടുമുള്ള വെറുപ്പ്. ആ തരത്തിലുള്ള ഇടതുപക്ഷം വളരെയേറെ അപകടകരമാണ്. അവര്‍ എന്നെ 'വലതുപക്ഷ ഗൂഡാലോചനയിലെ ഒരു കരു' എന്നാണ് കാണുന്നത്. അവര്‍ യുക്തിയ്ക്ക് നിരക്കാത്ത രീതിയില്‍ ചിന്തിയ്ക്കുന്ന മതഭ്രാന്തു പിടിച്ചവര്‍ തന്നെയാണ്. ഞാന്‍ ഇവിടെ അമേരിക്കയിലും യൂറോപ്പിലും അങ്ങനെയുള്ളവരെ നേരിട്ടിട്ടുണ്ട്.' 

ആ ഇടതുപക്ഷത്തിനാണ് ഞാന്‍ പറയുന്ന തീവ്ര മുസ്ലീങ്ങളുമായി അവിശുദ്ധ ബന്ധമുള്ളത്. വളരെ വിരോധാഭാസമായ കാര്യമാണത്. കാരണം ഈ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അവരുടെ വഴിയില്‍  മുന്നോട്ടുപോയാല്‍ ആദ്യം കൊല്ലുന്നത് അവരെ താങ്ങി നിര്‍ത്തുന്ന ഇടതുപക്ഷക്കാരായ ഇവരെത്തന്നെയാകും.'' (മുകളില്‍ പറഞ്ഞതില്‍ അമേരിക്കയില്‍ എന്നതിനെ ഭാരതത്തോടൂം ഭാരതീയമായ എന്തിനോടൂം എന്ന് കൂട്ടിവായിയ്ക്കാം). നമ്മുടെ നാട്ടിലും ഇത് പകര്‍ത്തിയെഴുതിയത് പോലെയല്ലേ നടക്കുന്നത്?

പൗരത്വ നിയമത്തിന്റെ പേരില്‍ നാട്ടില്‍ അഴിഞ്ഞാടിയ കലാപകാരികള്‍, ഈ അവിശുദ്ധകൂട്ടുകെട്ട് എവിടം വരെ എത്തിയെന്നതിന്റെ തെളിവാണ്. ഇതേ നിയമത്തിനു വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാരാട്ടില്‍ നിന്ന് ഈ ബില്ലിനെതിരേ ചങ്ങല തീര്‍ക്കാന്‍ വെമ്പിനില്‍ക്കുന്ന യെച്ചൂരിയിലേക്കുള്ള ദൂരം വെറും എട്ടുകൊല്ലം മാത്രമായിരുന്നു എന്നാലോചിയ്ക്കുമ്പോഴാണ് എത്ര പെട്ടെന്നാണ് ഇസ്ലാമിസം നമ്മുടെ ഇടതുപക്ഷ സ്ഥാപനങ്ങളെ പൂര്‍ണ്ണമായി ബാധിച്ചതെന്ന് മനസ്സിലാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.