മലപ്പുറം കേരളത്തിലല്ലേ?

Friday 24 January 2020 7:29 am IST

പോളിയോ എന്ന മഹാവ്യാധിയെ പൂര്‍ണമായി ഇല്ലായ്മചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണ് ലോകമെങ്ങും. നമ്മുടെ രാജ്യവും കേരളവും അതില്‍ പങ്കാളികളാകുമ്പോള്‍ കേരളത്തിലെ മലപ്പുറം ജില്ല മാത്രം പുറംതിരിഞ്ഞു നില്‍ക്കുന്നു. മലപ്പുറത്ത് എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്നു നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിരോധ കുത്തിവയ്പ്പുകളെടുക്കുന്നത് മതവിരുദ്ധമാണെന്ന ചില തീവ്രവാദ സംഘടനകളുടെ വ്യാജ പ്രചാരണത്തില്‍ വീണാണ് മലപ്പുറം ജില്ലയുടെ നിലപാട്. ഇത് രാജ്യത്തിനാകെ ഭീഷണിയാണ്. എല്ലാത്തിനെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ജനത പുരോഗതിക്കെതിരാണ്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളുടെ രീതിയാണിത്. പ്രതിരോധ കുത്തിവയ്പ്പിന് നേതൃത്വം നല്‍കിയ ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും മലപ്പുറത്തുണ്ടായിട്ടുണ്ട്.

സംസ്ഥാനത്തെ ആകെ കുട്ടികളില്‍ 80 ശതമാനത്തിന് മാത്രമാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്‌സിനേഷന് പുറത്താണ്. ഈ കുട്ടികള്‍ മലപ്പുറത്താണെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. പോളിയോ തുള്ളിമരുന്നടക്കമുള്ള പ്രതിരോധ പരിപാടികളിലൂടെ മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് തീവ്രവാദികളുടെ പ്രചാരണം.

ഡിഫ്തീരിയ മുതല്‍ എംആര്‍ വാക്‌സിന്‍ വരെയുള്ള കുത്തിവയ്പ്പുകളെ പടിക്കുപുറത്ത് നിര്‍ത്തിയ ചരിത്രം മലപ്പുറത്തിനുണ്ട്. അതിന്റെ ദുരന്തം അനുഭവിക്കുകയും ചെയ്തു.  ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് കുട്ടികള്‍ മരിച്ചു. കൃത്യസമയത്ത് കുത്തിവയ്‌പെടുക്കാത്തതാണ് ഡിഫ്തീരിയയ്ക്ക് കാരണമെന്ന് ആരോഗ്യസംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് വയസ്സിനുള്ളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ടിയിരുന്ന അഞ്ച് കുത്തിവയ്പുകളോടാണ് മലപ്പുറം മുഖം തിരിച്ചത്. കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഡിഫ്തീരിയ കുത്തിവെയ്പ് പൂര്‍ണമായെടുക്കാത്ത 9904 കുട്ടികള്‍ മലപ്പുറത്ത് ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ രണ്ടുവയസ്സിനിടെ നല്‍കേണ്ട അഞ്ചു വാക്‌സിനുകളില്‍ ഒന്നുപോലും ലഭിക്കാത്ത 2171 കുട്ടികളും ഭാഗികമായി മാത്രം കുത്തിവെയ്‌പെടുത്ത 7733 കുട്ടികളുമാണുള്ളത്. ഈ വര്‍ഷം ആ കണക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതിനായിരത്തോളം കുട്ടികള്‍ മലപ്പുറം ജില്ലയില്‍ വിവിധ പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാത്തവരുണ്ട്. 

അഞ്ചു പ്രധാന വാക്‌സിനുകളാണ് രണ്ടു വയസ്സിനിടെ കുട്ടികള്‍ക്ക് നല്‍കേണ്ടത്. ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ബിസിജി വാക്‌സിന്‍, തൊണ്ടമുള്ള് (ഡിഫ്ത്തീരിയ), വില്ലന്‍ചുമ, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ അഞ്ചു പ്രധാന രോഗങ്ങള്‍ തടയുന്നതിനുള്ള പെന്റാ വാലന്റ് വാക്‌സിന്‍, അഞ്ചാംപനിക്കെതിരെയുള്ള മീസില്‍സ് വാക്‌സിന്‍ എന്നിവയാണിവ. ഇതില്‍ പെന്റാവാലന്റ് മൂന്നു ഘട്ടങ്ങളായാണ് നല്‍കേണ്ടത്. ലോകം മുഴുവന്‍ അംഗീകരിച്ച പ്രതിരോധ കുത്തിവയ്പ്പുകളാണിത്. എന്നാല്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും മതത്തിന്റെ സ്വാധീനത്തില്‍ പെട്ട് കുത്തിവയ്പിന്റെ കാര്യത്തില്‍ അനാസ്ഥ കാട്ടുന്നതാണ് മലപ്പുറം നേരിടുന്ന ദുരന്തം. 

പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ പിറകോട്ടു പോകുന്ന മലപ്പുറത്തിന്റെ പ്രവണത കുട്ടികളോടും സമൂഹത്തോടുമുള്ള അനീതിയാണ്. തീവ്രവാദ സംഘടനകള്‍ക്കൊപ്പം പുരോഗമന പ്രസ്ഥാനങ്ങളെന്ന് പറയുന്നവരും പ്രതിരോധ കുത്തിവയ്പ്പുകളെ എതിര്‍ക്കുന്നു. അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ കെട്ടിക്കിടക്കുന്ന മരുന്നുകള്‍ വിറ്റു തീര്‍ക്കാനുള്ള പദ്ധതിയാണെന്നാണ് ഇത്തരക്കാരുടെ പ്രചാരണം. ഇവര്‍ക്കെല്ലാം ഗൂഢ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാനോ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. തീവ്രവാദ സംഘടനകളുടെ പ്രചാരണത്തെ മറികടക്കാന്‍ വ്യക്തമായ പദ്ധതികളോടെ പ്രചാരണം സംഘടിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. മലപ്പുറം കേരളത്തിലല്ലെന്ന തരത്തിലാണ് സര്‍ക്കാര്‍ നടപടികള്‍. ഒരു പക്ഷേ, മതത്തില്‍ വിശ്വസിക്കുന്നവര്‍ എതിരാകുമോ എന്ന രാഷ്ട്രീയ നിലപാടാകാം അതിന് കാരണം. എന്നാല്‍ ഡിഫ്തീരിയ തിരികെ വന്നതുപോലെ മാറാരോഗങ്ങള്‍ പലതും മലപ്പുറത്തെ വീണ്ടും ആക്രമിച്ചേക്കാം. അതിന്റെ ദുരന്തം മലപ്പുറത്തെ മാത്രമായിരിക്കില്ല ബാധിക്കുക എന്ന തിരിച്ചറിവുണ്ടാകണം. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുന്ന സമൂഹത്തെയാണ് ബേധവത്കരണത്തിലൂടെ സൃഷ്ടിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.