'ഞങ്ങള്‍ ചെറിയ രാജ്യം; കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പ്രതികാരം ചെയ്യരുത്'; പാമോയില്‍ ഇറക്കുമതി റദ്ദാക്കിയപ്പോള്‍ യാചനയുമായി മലേഷ്യന്‍ പ്രധാനമന്ത്രി

Monday 20 January 2020 4:53 pm IST

ലങ്കാവി: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ചുകൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ് രംഗത്തെത്തി. തങ്ങള്‍ ചെറിയ രാജ്യമാണെന്നും ഇന്ത്യയോട് വ്യാപാര പ്രതികാരനടപടി എങ്ങനെ സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. വ്യാപാരത്തിനായി പകരം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ നടപടി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉപഭോക്തക്കാളായ ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയത് മലേഷ്യയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉത്പാദകരാണ് മലേഷ്യ. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാമോയിലിനു പുറമേ  ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ത്യ നിലപാട് ശക്തമാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം നിയന്ത്രിത വിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണ്. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന. 

 

ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതി ചെയ്യുന്നതില്‍ ഭൂരിഭാഗവും മലേഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ ഈ തീരുമാനം മലേഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. പൗരത്വ നിയമത്തിന്റെ ആവശ്യമെന്താണെന്നും, മതേതര രാജ്യത്തിന്റെ ഈ നടപടി ഖേദകരമാണെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രതികരണം. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും, മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. കൂടാതെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. 

    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.