ബംഗാളില്‍ മമത വെട്ടിലായി;മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ വ്യാപക അക്രമം

Sunday 15 December 2019 6:32 am IST

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ബംഗാളില്‍ അഴിഞ്ഞാടി. ട്രെയിനുകളും ബസ്സുകളും മുസ്ലിം പ്രതിഷേധക്കാര്‍ കത്തിച്ചതോടെ മമത വെട്ടിലായി. ഇതോടെ ബംഗാളില്‍ പ്രതിഷേധ സമരവുമായി തെരുവിലിറങ്ങി അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മമതയ്ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. റോഡുകള്‍ തടയുകയോ മറ്റ് അക്രമങ്ങള്‍ ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാവുമെന്നും മമത വ്യക്തമാക്കി. സംക്രയിന്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ച അക്രമികളെ സംസ്ഥാന പോലീസ് വെടിവച്ചു കൊന്നു. രണ്ട് അക്രമികള്‍ ഇവിടെ കൊല്ലപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മൂര്‍ഷിദാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം പതിനഞ്ച് ബസ്സുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഭരണഘടനയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന നില സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 പൗരത്വ ബില്ലിനെതിരെ രംഗത്തെത്തിയ മമതയുടെ പ്രസ്താവനകളാണ് ബംഗാളിലെ സ്ഥിതി വഷളാക്കിയത്. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങണമെന്ന് ആദ്യം ആഹ്വാനം ചെയ്തത് മമതയായിരുന്നു. അതുകേട്ട് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സംഘടിതമായി തെരുവിലിറങ്ങി അക്രമം തുടങ്ങിയതോടെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇതോടെയാണ് മമതയ്ക്ക് തിരിച്ചടി ബോധ്യമായത്.

ആദ്യം ബംഗാളില്‍ നടപ്പാക്കും: ദിലീപ് ഘോഷ്കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് ബിജെപി സംസ്ഥാന ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് എംപി. വോട്ട് ബാങ്ക് നഷ്ടമാകുമോയെന്ന ഭയമാണ് മമതയ്ക്ക്. അനധികൃത നുഴഞ്ഞുകയറ്റക്കാരെപ്പറ്റിയാണ് അവരുടെ ആശങ്ക. ഹിന്ദു അഭയാര്‍ത്ഥികളെപ്പറ്റി ബംഗാള്‍ മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കകളുമില്ല, ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും നോട്ട് നിരോധനം നടപ്പാക്കിയപ്പോഴും മമത എതിര്‍പ്പുമായി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ തടയാന്‍ മമതയ്ക്കാവില്ല. ദേശീയ പൗരത്വ നിയമവും ബംഗാളില്‍ നടപ്പാക്കും, ദിലീപ് ഘോഷ് വ്യക്തമാക്കി.

മമതയുടെ ഇരട്ടത്താപ്പും പുറത്ത്പൗരത്വ ഭേദഗതി ബില്ലില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇരട്ടത്താപ്പ് പുറത്ത്. ബില്ലിനെ ശക്തമായി എതിര്‍ത്ത മമത ഇത് ബംഗാളില്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.എന്നാല്‍, 2005ലെ ലോക്‌സഭാ സമ്മേളനത്തില്‍ അന്ന് എംപിയായിരുന്ന മമതയുടെ നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. സഭയിലെ മതയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ മൂലം ബംഗാളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് മറന്നിരിക്കുന്നുവെന്നാണ് മമത അന്ന് പറഞ്ഞത്. 

''സര്‍, ബംഗാളില്‍ കുടിയേറ്റം ഒരു ദുരന്തമായി മാറി. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പോലും ബംഗാളിലെ വോട്ടര്‍പ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രണ്ടിടങ്ങളിലെയും വോട്ടര്‍പട്ടികകള്‍ കൈവശമുണ്ട്. ഇത് വളരെയധികം പ്രധനപ്പെട്ട വിഷയമാണ്. എപ്പോഴാണിത് ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്'', പതിനാല് വര്‍ഷം മുമ്പ് മമത സ്പീക്കറോട് ഇങ്ങനെയാണ് പറഞ്ഞത്.

സഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വയ്ക്കുന്നതിന് അനുമതി നിഷേധിച്ച സ്പീക്കറോട് വളരെ കുപിതയായി പെരുമാറുകയും ചെയ്തു മമത. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ അനുമതി നിഷേധിച്ചത്? കാരണം വ്യക്തമാക്കണം. പ്രശ്‌നം പശ്ചിമബംഗാളിലായതു കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്? ഇത് ന്യായമല്ല, മമത പ്രതികരിച്ചു.

സഭയില്‍ പൊട്ടിത്തെറിച്ച മമത കൈയിലിരുന്ന പേപ്പറുകളും വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മമതയുടെ രാജി പോലും ആവശ്യപ്പെട്ടതാണ്. ബംഗാളിലെ കുടിയേറ്റം ഉയര്‍ത്തിക്കാട്ടിയ മമത ഇന്ന് മലക്കം മറിയുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് പൗരത്വ രജിസ്റ്ററിനെയും പൗരത്വ ബില്ലിനെയും മമത എതിര്‍ക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.