പൗരത്വ നിയമ ഭേദഗതി ബില്‍; മന്‍മോഹന്‍ സിംഗിന്റെ അന്നത്തെ അഭ്യര്‍ത്ഥനയുടെ രേഖകള്‍ പുറത്ത്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വെളിപ്പെട്ടു

Thursday 5 December 2019 10:36 pm IST

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകാനിരിക്കെയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്‍ സിങിന്റെ വിഷയത്തോട് എങ്ങനെയാണ് സമീപിച്ചതിന്റെ രേഖ പുറത്ത് വന്നത്.

2003 ഡിസംബര്‍ 18 നായിരുന്നു രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗിന്റെ അഭ്യര്‍ത്ഥന. വിഭജനത്തിനു ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വിശാലമായി ചിന്തിച്ച് നിയമത്തില്‍ ഇളവ് വരുത്തേണ്ടത് ഇന്ത്യയുടെ ധാര്‍മ്മികമായ കടമയാണ് എന്നായിരുന്നു മന്‍മോഹന്‍ സഭയില്‍ വ്യക്തമാക്കിയത്.പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഭാവി നടപടികളില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനി ഇക്കാര്യം മനസ്സില്‍ വയ്ക്കണമെന്നും മന്‍മോഹന്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശില്‍ മാത്രമല്ല പാകിസ്ഥാനിലും മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന് രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ എല്‍.കെ. അദ്വാനിയോട് പറയുന്നതും സഭാ രേഖകളില്‍ വ്യക്തമാണ്. ആവശ്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും അദ്വാനി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മത വിവേചനവും അതിന്റെ ഭാഗമായുള്ള ക്രൂരതകളും അനുഭവിച്ച് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബില്‍. മന്‍മോഹന്‍ സിംഗ് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യസഭയില്‍ ആവശ്യപ്പെട്ടതും ഇതു തന്നെയാണ്.