പൈതൃകഗ്രാമം പദ്ധതി നടപ്പാക്കുന്നതും കാത്ത് മാന്നാര്‍

Saturday 7 September 2019 3:49 pm IST

മാന്നാര്‍: വെങ്കലപെരുമയുടെ നാട്ടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും വിനോദസഞ്ചാരികെള ആകര്‍ഷിക്കാനും കഴിയുന്ന തരത്തില്‍ തയ്യാറാക്കിയ പൈതൃകഗ്രാമം പദ്ധതി ജലരേഖയാകുന്നു.

മാന്നാറിന്റെ സമഗ്രവികസനത്തിനായി മൂന്നുവര്‍ഷം മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. രാമചന്ദ്രന്‍നായര്‍ എഎല്‍എയായിരുന്ന കാലത്താണ് പദ്ധതി കൊണ്ടുവന്നത്. സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി 2 കോടി രൂപ വകയിരുത്തി. പാരമ്പര്യവ്യവസായമായ വെങ്കലപാത്ര നിര്‍മാണത്തോടൊപ്പം വെള്ളി ആഭരണങ്ങള്‍ ഉള്‍പ്പടെയുള്ള വ്യവസായങ്ങളെ ഉയര്‍ത്തി കൊണ്ടുവരികയും ഈ സംരംഭങ്ങളെ നിലനിര്‍ത്തി പുതിയ തലമുറയെ ആകൃഷ്ടരാക്കാനും പദ്ധതി തയാറാക്കിയിരുന്നു. 

മാന്നാര്‍ വെങ്കലത്തിന്റെ പെരുമ വര്‍ധിക്കുന്നതിനൊപ്പം ഇവിടെ ഉത്പാദിപ്പിക്കുന്ന പാത്രങ്ങള്‍ വിദേശമാര്‍ക്കറ്റിലും വിറ്റഴിക്കാന്‍ കഴിയുന്ന തരത്തിലാണ് കാര്യങ്ങള്‍ നീക്കിയത്. വെങ്കലപ്രത്രങ്ങളുടെ നിര്‍മാണരീതി കാണാനും വാങ്ങാനും വിദേശികള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാരികളെ മാന്നാറിലേക്ക് ആകര്‍ഷിക്കാന്‍ പൈതൃക ഗ്രാമംപദ്ധതി സഹായിച്ചേനെ. എന്നാല്‍ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ എന്ന തലത്തില്‍ സജിചെറിയാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം മുമ്പ് യോഗം ചേരുകയും പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മാന്നാര്‍ സന്ദര്‍ശിക്കുകയും ചെയ്തു. 

മാന്നാറിലെ വെങ്കല തൊഴിലാളികളും മറ്റുമായി ആശയ വിനിമയം നടത്തുകയും പദ്ധതിയെ കുറിച്ച് യോഗങ്ങളില്‍ വിശദീകരിക്കുകയും ചെയ്തതൊഴിച്ചാല്‍ പിന്നീട് അനക്കമുണ്ടായില്ല. പൈതൃകഗ്രാമ പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടും ഇതിനാവശ്യമായ സ്ഥലം ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ് പദ്ധതി തുടങ്ങാന്‍ തടസമത്രേ. സ്ഥലമേറ്റെടുത്ത് നല്‍കാന്‍ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പദ്ധതിക്കായി മൂന്നേക്കറോളം സ്ഥലമാണ് വേണ്ടത്. 

മാന്നാറില്‍ ഇത്രയും സ്ഥലം കണ്ടെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പഞ്ചായത്ത് വാദിക്കുന്നത്.  മാന്നാര്‍ അലിന്റ്, മില്‍മ, ബെല്‍മെറ്റല്‍ സൊസൈറ്റി തുടങ്ങി ആവശ്യമായ സ്ഥലങ്ങള്‍ മാന്നാറിലുണ്ട്. ഇത് ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് പൈതൃകഗ്രാമം നടപ്പാക്കുന്നതിന് തടസം. സര്‍ക്കാര്‍ തന്നെ നേരിട്ട് സ്ഥലമേറ്റെടുത്ത് തുടങ്ങിയാല്‍ മാത്രമേ മാന്നാര്‍ പൈതൃകഗ്രാമം യാഥാര്‍ഥ്യമാകൂ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.