ഒരു മാവോയിസ്റ്റിന്റെ മാനസാന്തരം

Sunday 7 July 2019 3:08 am IST
''ഉത്തരേന്ത്യന്‍ വിരോധം കാലഹരണപ്പെട്ടത് ഉത്തരവാദികള്‍ മാര്‍ക്‌സിസവും ന്യൂനപക്ഷങ്ങളും മലയാളത്തിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിക്കണം ന്യൂനപക്ഷ പിന്തുണ ബിജെപി പ്രത്യേകം പരിശോധിക്കണം കമ്യൂണിസത്തിന്റെ പൊലിമ നഷ്ടപ്പെട്ടു കഴിഞ്ഞു ത്യാഗമില്ലെങ്കില്‍ സംഘടന നശിക്കും പുനര്‍ജന്മം അനുസ്യൂത പ്രവാഹം മാര്‍ക്‌സിസം ക്രിസ്തുമതത്തിന്റെ പുനര്‍ജന്മം ബിജെപിയുടെ ആശയത്തോട് യോജിക്കുന്നു സംഘടനാപരമായി യോജിക്കുന്നില്ല ബാലാവകാശംപോലെ വൃദ്ധാവകാശവും വേണം ഇതിനുവേണ്ടി നിയമനിര്‍മാണത്തിന് ശ്രമിക്കുന്നു.''

തീവ്ര കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കനല്‍വഴികളിലൂടെയായിരുന്നു തുടക്കം. വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത് നടന്ന കാലം. ക്ഷുഭിതയൗവ്വനങ്ങളുടെ ചൂണ്ടുകളില്‍ മാവോയിസ്റ്റെന്നും നക്‌സലൈറ്റെന്നും വിശേഷിപ്പിക്കപ്പെട്ട കാലം. പോകെപ്പോകെ ആത്മീയതയുടെ സായീസ്പര്‍ശത്തിലേക്കുള്ള പരിണാമം. ഫിലിപ്പ് എം. പ്രസാദ് എന്ന വിപ്ലവകാരിക്ക് ഏറെ വിശേഷണങ്ങളുണ്ട്. കേരളത്തെക്കുറിച്ച്, തന്റെ പുതിയ പ്രവര്‍ത്തനമേഖലയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

നിഷേധാത്മകതയുടെ കാഴ്ചബംഗ്ലാവ്

നിഷേധാത്മകമായ പദപ്രയോഗങ്ങളാല്‍ 'സമ്പന്നമാണ്' കേരളം. നിഷേധാത്മകതയുടെ കാഴ്ചബംഗ്ലാവ്. ഈ നിഷേധാത്മക മനോഭാവത്തില്‍ നിന്ന് മാറാതെ കേരളത്തിന് രക്ഷപ്പെടാനാവില്ല. മുതലാളിത്തത്തിനെതിരായ സമീപനത്തിനാണ് കേരളത്തില്‍ പ്രാമുഖ്യം. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിച്ച വിവരക്കേടാണിത്. ചൂഷണം എന്ന വാക്കിന്റെ വിവക്ഷ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ചൂഷണവും പോഷണവും പരസ്പര പൂരകമാണ്. പോഷണം വേണമെങ്കില്‍ ചൂഷണമുണ്ടാകും. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് തന്നെ ഇതിന്റെ അടിസ്ഥാനത്തിലാണ്. 

മറ്റൊരു നിഷേധ സ്വഭാവമാണ് 'കാലഹരണപ്പെട്ട' ഉത്തരേന്ത്യന്‍ വിരോധം. ഉത്തരേന്ത്യക്കാര്‍ നമ്മെ മദ്രാസികളെന്നും 'മല്ലു'വെന്നും വിളിച്ച് രഹസ്യമായി പരിഹസിക്കുന്നു. നാം ഉത്തരേന്ത്യക്കാര്‍ എന്നു കരുതി പുറംതിരിഞ്ഞുനില്‍ക്കുന്നു. രണ്ടും നാടിന് ദോഷം ചെയ്യും. ആ ദോഷം ഏറ്റവും കൂടുതല്‍ സഹിക്കേണ്ടിവരുന്നത് കേരളമാണ്; കേരളീയരാണ്. നമുക്ക് ഉത്തരേന്ത്യയിലും ലോകം മുഴുവനും ജോലി ചെയ്ത് ജീവിക്കണമെങ്കില്‍ മലയാളത്തിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിക്കണം. ഹിന്ദിയോടുള്ള നിഷേധാത്മക മനോഭാവം ഉത്തരേന്ത്യന്‍ വിരോധം പോലെ അര്‍ത്ഥശൂന്യമാണ്. കാലാന്തരത്തില്‍ ഇത് ഏറെ അപകടകരമാവും.

മതന്യൂനപക്ഷങ്ങളും മാര്‍ക്‌സിസവും

ഉത്തരഭാരതത്തില്‍ നിന്ന് കേരളം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഒരു കാരണം മതന്യൂനപക്ഷങ്ങളുടെ വ്യക്തമായ സാന്നിദ്ധ്യമാണ്. അതോടൊപ്പം മാര്‍ക്‌സിസം എന്ന, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയ മതത്തിന്റെ വ്യാപകമായ സ്വാധീനവും ഇതിനുപിന്നിലുണ്ട്. മാര്‍ക്‌സിസവും മതന്യൂനപക്ഷങ്ങളും കേരളത്തില്‍ ഒരു ഉത്തരേന്ത്യന്‍ വിരോധത്തിന്റെ കാലാവസ്ഥ സൃഷ്ടിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇത് ഏറ്റവും കൂടുതല്‍ പ്രകടമാവുകയും ചെയ്തു. 

മറുവശത്ത് ജാതി വ്യവസ്ഥയുടെ ആഴത്തിലുള്ള അടിസ്ഥാനവും നിലനില്‍ക്കുന്നു. അതുകൊണ്ട് ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന വ്യാമോഹം സഫലീകരിക്കാനും അസാദ്ധ്യമാണ്.  കേരളത്തില്‍ ന്യൂനപക്ഷങ്ങളെ തീര്‍ത്തും അകറ്റിനിര്‍ത്തിക്കൊണ്ട് ഭാരതീയ ജനതാപാര്‍ട്ടിക്ക് വിജയംകൊയ്യാന്‍ കഴിയില്ല. ഭൂരിപക്ഷത്തിന്റെ ഭൂരിഭാഗം വോട്ടുകള്‍ അവര്‍ക്ക് സമീപകാലത്തൊന്നും ലഭിക്കില്ല. ന്യൂനപക്ഷത്തിന്റെ ചെറിയ ശതമാനത്തിന്റെ പിന്തുണയെങ്കിലും നേടിയെടുക്കാനുള്ള സമീപനം ഭാരതീയ ജനതാപാര്‍ട്ടി കേരളത്തില്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷവിഭാഗങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് അവിടെ മാര്‍ക്‌സിസത്തിന്റെ സ്വാധീനമില്ലാത്തതുകൊണ്ടാണ്. 

മാര്‍ക്‌സിസത്തിന്റെ അതിശക്തമായ പ്രചാരണംകൊണ്ട് ഭൂരിപക്ഷസമുദായത്തിന്റെ രാഷ്ട്രീയാധികാര പ്രവേശത്തെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് ഒരു പരിധിവരെ കഴിയുന്നു. അവരുടെ തന്നെ ജീര്‍ണതകൊണ്ട് അതിന്റെ വീര്യം കുറഞ്ഞുവരികയാണെന്നത് ശുഭോദര്‍ക്കമാണ്. 

ആത്മീയതയാണ് അടിസ്ഥാനം

ആത്മീയതയില്‍ കുതിര്‍ന്നുകിടക്കുന്ന കേരളത്തില്‍ കമ്മ്യൂണസത്തിന് വേരോട്ടമുണ്ടാവാന്‍ കാരണം അവര്‍ ഒരുകാലത്ത് യഥാര്‍ത്ഥ ആത്മീയതയെ പിന്തുടര്‍ന്നതുകൊണ്ടാണ്. സകല ചരാചരങ്ങളോടുമുള്ള പ്രേമം വിശ്വസ്‌നേഹത്തിലധിഷ്ഠിതമാണ്. ഈ ആദ്ധ്യാത്മികതയെ ഉള്‍ക്കൊള്ളുകയായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകള്‍. ത്യാഗമായിരുന്നു ജനങ്ങളെ പ്രസ്ഥാനത്തോട് ആകര്‍ഷിച്ചത്. ത്യാഗത്തിന് ആകര്‍ഷിക്കാന്‍ കഴിയാത്തതായി യാതൊന്നുമില്ല. പക്ഷേ, അത് ചിലപ്പോള്‍ നമ്മെ ചളിക്കുണ്ടിലടക്കം എത്തിച്ചെന്നിരിക്കും. ഇന്നവര്‍ക്ക് ത്യാഗത്തിന്റെ മഹിമയില്ല. ലോകത്തു മുഴുവന്‍ അവരുടെ പൊലിമ നഷ്ടപ്പെട്ടുകഴിഞ്ഞു. 

മാര്‍ക്‌സിസത്തിന് സംഭവിച്ചത്

ത്യാഗമില്ലാത്ത ഏത് സംഘടനയും കുറച്ചുകാലങ്ങള്‍ക്കുശേഷം അധഃപതിക്കും. കത്തോലിക്ക പള്ളിയും നാളെ ഒരുപക്ഷേ, ഹൈന്ദവഗോപുര സംഘടനകളും ഇതേ തിരസ്‌കാരത്തിലൂടെ കടന്നുപോയെന്നു വരാം. ആത്മീയത നഷ്ടപ്പെടുമ്പോള്‍ സംഘടനകള്‍ ശവങ്ങളാകും. അതിനെ എത്രയും വേഗം കുഴിച്ചുമൂടുന്നതാണ് നല്ലത്. പ്രത്യയശാസ്ത്രങ്ങള്‍ക്കും അതിലധിഷ്ഠിതമായ സംഘടനകള്‍ക്കും മരണവും പുനര്‍ജന്മവുമുണ്ടാവും. ക്രിസ്തുമതത്തിന്റെ പുനര്‍ജന്മമായിരിക്കാം മാര്‍ക്‌സിസം. അത് ജനിച്ചേ തീരൂ. അപ്പോള്‍ കൂടുതല്‍ പരിശുദ്ധമായ ഒരു ജന്മം ആ മൂല്യങ്ങള്‍ക്ക് ലഭിക്കും. പുനര്‍ജന്മം ഒരനുസ്യൂതമായ പ്രവാഹമാണ്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു കണികയ്ക്കുമാവില്ല. 

എന്റെ മനസ്സ് ബിജെപിയോടൊപ്പം

ബിജെപിയുമായി സംഘടനാപരമായി യോജിച്ചുപോവുന്നില്ല. കാരണം ഞാന്‍ മുട്ടാറുമില്ല, വാതില്‍ തുറക്കാറുമില്ല. ബിജെപിയുടെ ആശയവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ കഴിയുന്ന സൗഹൃദങ്ങളും പാലങ്ങളും ഇന്നെനിക്കുണ്ട്. ഈ ചര്‍ച്ചപോലും അതിന്റെ ഭാഗമാണ്. എന്നാല്‍ അതിന് സംഘടനാപരമായ ചട്ടക്കൂട് നല്‍കിയാല്‍, സ്വാഭാവികതയും നൈസര്‍ഗികതയും നഷ്ടമാവും. 

വാര്‍ദ്ധക്യകാല  സംഘശക്തി

തിരസ്‌കരിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി വാര്‍ദ്ധക്യസംഘശക്തി എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിലാണിപ്പോള്‍. വൃദ്ധജനങ്ങള്‍ക്ക് ഒരു പൊതുസംഘടന ശക്തിപ്പെടുത്തണം. ബാലാവകാശംപോലെ, വനിതാവകാശംപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മൂല്യവത്താണ് വൃദ്ധാവകാശം. മരണത്തിന്റെ കാത്തിരിപ്പുകേന്ദ്രങ്ങളില്‍ തള്ളാനുള്ളതല്ല അവരുടെ ജീവിതം. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സമഗ്രമായ നിയമനിര്‍മ്മാണമാണ് ലക്ഷ്യം. കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ സംരക്ഷണത്തില്‍ വൃദ്ധസമൂഹം വീടുകളില്‍ തന്നെ കഴിയണം. ഇത്തരം ആശയവുമായി കേരളമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. ഇളംതലമുറയുടെ കര്‍ത്തവ്യവും വൃദ്ധജനങ്ങളുടെ അവകാശവും ബോധ്യപ്പെടുത്താനുള്ള മുന്നേറ്റം. വൃദ്ധജനങ്ങളോടുള്ള കര്‍ത്തവ്യം മാറ്റിവെച്ച വേതനമാണ്. ഒരു ബോണസ്. ഔദാര്യമല്ല, അവകാശമാണത്. ഇതാണ് ഈ സംഘടനയുടെ പൊരുള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.