തകര്‍ത്തു, പക്ഷെ പരിഹാരമായോ?

Tuesday 14 January 2020 6:00 am IST

ന്ന് അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാതെ അനേകര്‍ തെരുവില്‍ അഭയം തേടുന്ന കേരളത്തിലാണ് കൊച്ചിയിലെ മരടില്‍ നാല് വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിലംപൊത്തിയത്. തീരദേശ ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലും ഇവ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെയും തുടര്‍ന്നായിരുന്നു ഈ നടപടി. എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ എഡിഫസ് എന്‍ജിനീയറിങ് ടീമിന് സാധിക്കുകയും ചെയ്തു. നല്ലത്. അപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. അതുകൊണ്ടെല്ലാം ഇത്തരം ചട്ടലംഘനങ്ങള്‍ അവസാനിക്കുമോയെന്ന്. 

മറുഭാഗത്ത്, തങ്ങളുടെ തെറ്റുകൊണ്ടല്ലാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന കുറേ കുടുംബങ്ങളുടെ കണ്ണീരുണ്ട്. ജീവിതം കരുപിടിപ്പിക്കുന്നതിനായി അധ്വാനത്തിന്റെ ഒരു ഭാഗം നീക്കിവച്ച് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്, അനധികൃത നിര്‍മ്മാണം ആണെന്നറിയാതെ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയവരുടെ, ഇനിയും ഇഎംഐ അടച്ച് സാമ്പത്തിക ബാധ്യത തീര്‍ക്കാത്തവരുടെ. അവരെ സംബന്ധിച്ച് തകര്‍ന്നു വീണത് കേവലം ഒരു കോണ്‍ക്രീറ്റ് കെട്ടിടമല്ല. ആ വൈകാരികതയെ കണ്ടില്ല എന്ന് നടിക്കാന്‍ അധികൃതര്‍ക്കും ആവില്ല. കാരണം തീരദേശ ചട്ട ലംഘനം നടന്നത് അധികൃതരുടെ കൂടി ഒത്താശയോടെയാണ്. 

തീരദേശ സംരക്ഷണം, തീരദേശവാസികളുടെ സുരക്ഷിതത്വം, ദുരന്തനിവാരണം, സുസ്ഥിര വികസനം എന്നിവ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ നടപ്പിലാക്കുന്നതിലേയ്ക്കാണ് പരിസ്ഥിതി( സംരക്ഷണം) നിയമവും അതിന്റെ അടിസ്ഥാനത്തില്‍ തീരദേശ സംരക്ഷണ വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് പാലിക്കപ്പെടേണ്ടത് കേരളം പോലുള്ള സംസ്ഥാനത്തിന്റെ നിലനില്‍പിന് അത്യാവശ്യവുമാണ്. പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ മുന്‍കരുതലുകള്‍ ഗുണം ചെയ്യും. പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതും അത്യാവശ്യവുമാണ്. ഇതൊക്കെ പരിഗണിച്ചാവണം അതത് മേഖലകളിലെ കെട്ടിട നിര്‍മാണം. ഈ ചട്ടങ്ങള്‍ ലംഘിച്ചതാണ് മരടില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് വിനയായതും. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കോടതി വിധിയും അനന്തര നടപടികളും ഒരു പാഠം ആകും എന്ന് പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് നടപ്പാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കി. കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത് കേരളീയര്‍ക്ക് ചരിത്ര സംഭവവുമായി. വന്‍ വാര്‍ത്താപ്രാധാന്യവും നേടി. ഏതിര്‍ഭാഗത്ത് നഷ്ടത്തിന്റെ കണക്കുകള്‍ പറയാനുള്ളത് കെട്ടിട നിര്‍മാതാക്കളുടെ വഞ്ചനയ്ക്ക് ഇരയാക്കപ്പെട്ട ഫ്‌ളാറ്റുടമകള്‍ക്കാണ്. 25 ലക്ഷം രൂപമാത്രമാണ് ഇവര്‍ക്ക് കിട്ടുന്ന താല്‍ക്കാലിക നഷ്ടപരിഹാരം. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി തുക ഈടാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.  താല്‍കാലിക നഷ്ടപരിഹാരം പോലും കിട്ടാത്ത കുടുംബങ്ങളുമുണ്ട്. ഈ പ്രശ്‌നത്തിനും പരിഹാരം കാണാതെ, വിധി നടപ്പാക്കിയാല്‍ പൂര്‍ണ്ണമായും നീതിയുക്തമാവുകയുമില്ല. 

ഏകദേശം 75,000 ടണ്‍ കെട്ടിടാവശിഷ്ടമാണ് പൊളിക്കലിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. ഇതേതുടര്‍ന്ന് ഈ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് എടുക്കുന്ന കാലതാമസം പ്രകൃതിക്കും പ്രതികൂലമാകും. വേമ്പനാട് കായലിനോട് തൊട്ടുചേര്‍ന്ന് നിര്‍മിച്ച ഫ്‌ളാറ്റുകളുടെ പതനം കായല്‍ ജലാശയത്തേയും മലിനമാക്കിയിട്ടുണ്ട്. മത്സ്യസമ്പത്ത് ഗണ്യമായി കുറയാനും ഇത് കാരണമാകും. കായല്‍ കയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കായലിന്റെ ആസന്ന മൃത്യുവിന് ഇടയാക്കുമെന്ന പഠനവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

തീരദേശ സംരക്ഷണ നിയമ ലംഘനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തില്‍ ഇരുപതിനായിരത്തോളം കെട്ടിടങ്ങളാണ് ചട്ടം ലംഘിച്ച് പടുത്തുയര്‍ത്തിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടാണ് വന്നിട്ടുള്ളത്. തീരദേശ ചട്ട ലംഘനങ്ങളുടെ കണക്കെടുക്കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശമാണ് ഈ കെട്ടിടങ്ങളുടേയും ഭാവി തുലാസില്‍ ആക്കിയിരിക്കുന്നത്. അതില്‍ പാവങ്ങളുടേയും പണക്കാരുടേയും നിര്‍മിതികളുണ്ട്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം 2011 ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ടലംഘനങ്ങളുടെ റിപ്പോര്‍ട്ടാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍, മരടിലെ വിധിതന്നെ ഇവിടേയും നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടാല്‍ പല പ്രമുഖരുടേയും കെട്ടിടങ്ങളടക്കം പൊളിച്ചുനീക്കേണ്ടി വരും. സുപ്രീംകോടതിയുടെ ഏത് ഉത്തരവും നടപ്പാക്കും എന്ന് ഊറ്റംകൊള്ളുന്ന ഇടതുപക്ഷസര്‍ക്കാരാണ് അന്നും ഭരണത്തിലെങ്കില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊള്ളുമോ എന്ന് കാത്തിരുന്ന് കാണാം. എന്തുതന്നെയായാലും ഈ വിധി കുറേയാളുകള്‍ക്ക് വേദനയാകുമെങ്കിലും ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കരുതലായി കണ്ട് ആശ്വസിക്കാം. ഒപ്പം അനധികൃത നിര്‍മാണം നടത്തുന്നവര്‍ക്കുള്ള താക്കീതും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.