മരട് ഫ്ളാറ്റ് പൊളിക്കലില്‍ അനിശ്ചിതത്വം തുടരുന്നു; കോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദന്‍

Tuesday 17 September 2019 9:59 am IST

കൊച്ചി : മരട് ഫ്‌ളാറ്റ് വിഷയത്തിലെ അനിശ്ചിതത്വം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷിയോഗം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ചേരും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം.

വിധി നടപ്പാക്കുന്നതില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള എതിര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ 20ന് സമര്‍പ്പിക്കുന്ന സത്യാവാങ്മൂലത്തില്‍ ഉള്‍ക്കൊള്ളിക്കും.  20നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പോലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. 

അതിനിടെ മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി.എസ്. അച്യുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 

ഫ്‌ളാറ്റുടമകളെ അനുകൂലിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളിക്കൊണ്ടാണ് വി.സെ്. രംഗതെത്തിയിരിക്കുന്നത്. അനധികൃത നിര്‍മ്മാണം നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വിഎസ് പറഞ്ഞു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.  ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും, ചുരുങ്ങിയ സമയത്തിനുള്ളില്‍ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും സംസ്ഥാനം തേടി. പരിസ്ഥിതി മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. 

ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാല്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ അറ്റോര്‍ണി ജനറല്‍ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. ഇന്ന് ദല്‍ഹിക്ക് തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.