അവസാന ലാപ്പില്‍മാര്‍ബേസില്‍

Wednesday 20 November 2019 2:44 am IST

 

മാങ്ങാട്ടുപറമ്പ്: ആഞ്ഞുവീശിയ പാലക്കാടന്‍ കാറ്റിനെ വകഞ്ഞുമാറ്റി അവസാന ദിവസം കുതിച്ചുകയറിയ എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് സ്‌കൂള്‍ വിഭാഗം ചാമ്പ്യന്മാരായത് ആവേശപ്പോരാട്ടത്തിനൊടുവില്‍. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്എസിനെ നാലു പോയിന്റ് വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മാര്‍ ബേസില്‍ കിരീടം ചൂടിയത്. 

മണിപ്പൂരി താരങ്ങളുടെ പ്രഭയുമായി എത്തിയ കല്ലടി അവസാന നിമിഷം വരെ സ്‌കൂള്‍ ചാമ്പ്യനാവാന്‍ പൊരുതിയെങ്കിലും ഷിബി ടീച്ചറുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ  മാര്‍ബേസില്‍ സംഘത്തിന്റെ 42 പേരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ കല്ലടിക്ക് കീഴടങ്ങേണ്ടിവന്നു. പാലക്കാട് ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി 23 വര്‍ഷം ചാമ്പ്യന്മാരായ കല്ലടി സ്‌കൂള്‍  2012, 2016, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന മീറ്റില്‍ രണ്ടാം സ്ഥാനവും നേടി. 

23 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമടങ്ങുന്ന മാര്‍ ബേസില്‍ സംഘം  സെന്റ് ജോര്‍ജ് സ്‌കൂളിന്റെ അഭാവത്തില്‍ എറണാകുളത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങുകയായിരുന്നു. അന്തര്‍ ദേശീയ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവായ അഭിഷേക് മാത്യുവിന്റെയും കോച്ച് ഷിബി മാത്യുവിന്റെയും നേതൃത്വത്തില്‍ ട്രാക്കിലിറങ്ങിയ  താരങ്ങള്‍ സ്‌കൂള്‍ ചാമ്പ്യന്‍പട്ടം എറണാകുളത്തേക്ക് കൊണ്ടുപോകുമെന്ന ഉറച്ച വാശിയിലായിരുന്നു.  ഇത്തവണ മാര്‍ബേസിലിന്റെ കുട്ടിക്കൂട്ടം ഇല്ലായിരുന്നുവെങ്കില്‍ എറണാകുളത്തിന്റെ കായിക മികവ് തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. 200 മീറ്റര്‍ മാത്രമുള്ള മണ്‍ ട്രാക്കില്‍ പരിശീലനം നേടിയാണ് മാര്‍ ബേസിലിന്റെ കുട്ടികള്‍ ആധുനിക സിന്തറ്റിക്ക് ട്രാക്കിലിറങ്ങിയത്. 

കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസ് അഞ്ചു സ്വര്‍ണ്ണവും ഒന്നുവീതം വെള്ളിയും വെങ്കവുമായി നാലാം സ്ഥാനത്തും തൃശ്ശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസ് നാലു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി അഞ്ചാം സ്ഥാനത്തുമെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.