മാര്‍ക്‌സ്- ഏംഗല്‍സ് സരണി പോയി; ഡോ. മുഖര്‍ജി മാര്‍ഗ്ഗം വന്നു

Thursday 12 April 2018 5:15 pm IST
"undefined"

അഗര്‍ത്തല: ത്രിപുരയില്‍ വൈദേശിക ചരിത്ര അടയാളങ്ങള്‍ ഓരോന്നായി മാറുന്നു. കമ്മ്യൂണിസം തലയ്ക്കുപിടിച്ച അധികാരികള്‍ സ്ഥാപിച്ച അടിമത്തത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. ലെനിന്റെ പ്രതിമ നീക്കിയത് രോഷാകുലരായിരുന്നു. ഇപ്പോള്‍ മാര്‍ക്‌സ്-ഏംഗല്‍സ് അടയാള ബോര്‍ഡുകള്‍ സര്‍ക്കാര്‍തന്നെ നീക്കിത്തുടങ്ങി.

മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴിയില്‍ കഴിഞ്ഞ 15 വര്‍ഷമായി സ്ഥാപിച്ചിരുന്നത് മാര്‍ക്‌സ്-ഏംഗല്‍സ് സരണി എന്ന ബോര്‍ഡായിരുന്നു. കഴിഞ്ഞ ദിവസം അത് മാറ്റി. ത്രിപുരയുടെ അയല്‍ സംസ്ഥാനമായ ബംഗാളിന്റെ മകനും ഇന്ത്യന്‍ ചരിത്രത്തിലെ വീരപുത്രനും കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിലാക്കി.- ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ലെയിന്‍. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായിരുന്നു ഡോ. മുഖര്‍ജി. 

"undefined"

തികച്ചും ഔദ്യോഗികമാണ് നടപടി. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള നഗരവികസന വകുപ്പ്, ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, പ്രാദേശിക ഭാഷയായ കൊക്‌ബോറോക് ഭാഷകൡ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. ഈ നാലുഭാഷകളിലും ബോര്‍ഡെഴുത്തുണ്ട്. 

ഇടതുപക്ഷക്കാര്‍ക്ക് വാസ്തവത്തില്‍ ഈ പേരുമാറ്റത്തെ വിമര്‍ശിക്കാനും കഴിയുന്നില്ല. കാരണം, 1960 കളില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കൊല്‍ക്കത്തയില്‍ ചെയ്തത് ഇങ്ങനെ- അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന തെരുവിന്റെ പേര്് ഹാരിങ്ടണ്‍ സ്ട്രീറ്റെന്നായിരുന്നത് കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ഹോചിമിന്‍ പാതയെന്നാക്കി. അമേരിക്കക്കെതിരേ വിയറ്റ്‌നാം നേതാവിന്റെ പേരിട്ട് പകരം ചോദിക്കുന്ന വീര്യം കാണിക്കുകയായിരുന്നു.

എന്നാല്‍, സിപിഎമ്മിന്റെ ത്രിപുരയിലെ മുഖപത്രമായ ദേഷേര്‍ കഥ പേരുമാറ്റത്തെ നിയമവിരുദ്ധമെന്ന്  കുറ്റപ്പെടുത്തി. ഏതു റോഡിനും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിടാം, പക്ഷേ, മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പേരിലുള്ളത് മാറ്റിയത് ശരിയായില്ലെന്ന് പത്രം പറയുന്നു. 

സര്‍ക്കാരിന് റോഡിന്റെ പേര് എപ്പോള്‍വേണമെങ്കിലും മാറ്റാമെന്നും അതിന് തടസമില്ലെന്ന് അഗര്‍ത്തല മേയര്‍ പ്രഫുല്ലജിത് സിന്‍ഹ പറഞ്ഞു.

''ഏംഗല്‍സ് ഈ സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇനി ദേശീയ കാഴ്ചപ്പാട് എല്ലാ ജീവിത മേഖലയിലും വരട്ടെ,'' ബിജെപി സംസ്ഥാന ചുമതലയുള്ള സുനില്‍ ദേവ്ധര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.