മര്യാദ ഉയര്‍ത്തിയ വിധി സ്വീകാര്യം

Monday 11 November 2019 2:40 am IST

അയോധ്യയെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രക്ഷോഭങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്. ശ്രീരാമജന്മസ്ഥാനത്ത് ഉചിതമായ ക്ഷേത്രം നിര്‍മിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷഭരിതമായ പ്രക്ഷോഭത്തിന്റെ സുപ്രധാനഘട്ടമായിരുന്നു 1992 ഡിസംബറില്‍ നടന്നത്. ശ്രീരാമക്ഷേത്രം തകര്‍ത്ത് ബാബര്‍ കെട്ടിപ്പൊക്കിയ മകുടം തകര്‍ത്തത് 1992 ഡിസംബര്‍ ആറിനാണ്. തര്‍ക്ക മന്ദിരമെന്ന് സര്‍ക്കാര്‍ രേഖയിലുണ്ടായിരുന്ന മകുടം തകര്‍ന്നപ്പോള്‍ പള്ളിതകര്‍ത്തുവെന്ന് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരസിംഹറാവുവാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കലാപങ്ങളുണ്ടായി. നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചു. തുടര്‍ന്ന് രാമജന്മഭൂമി പ്രശ്‌നം വ്യവഹാരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുപോ

യി. ഇതിനിടയില്‍ മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമം നടന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും അതിനായി ജാഗ്രതയോടെ മുന്നോട്ടുനീങ്ങിയെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല.

ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാല്‍പ്പതു ദിവസം തുടര്‍ച്ചയായി വിചാരണ നടത്തി. രണ്ടാം ശനിയാഴ്ചയായിട്ടും പ്രത്യേക സിറ്റിങ് നടത്തി പ്രഖ്യാപിച്ച വിധിന്യായത്തെ എല്ലാ സമൂഹവും മാനവും മര്യാദയും സഹിഷ്ണുതയും മുറുകെപ്പിടിച്ച് സ്വാഗതം ചെയ്തു എന്നത് മര്യാദാപുരുഷോത്തമനായ ശ്രീരാമന് സമര്‍പ്പിക്കുന്ന വലിയ ആദരവാണെന്നതില്‍ സംശയമില്ല. ശ്രീരാമന്‍ ഏതെങ്കിലും ജനവിഭാഗത്തിന്റെ ആദരാത്മാവും ദൈവവും മാത്രമല്ല, സര്‍വ ചരാചരങ്ങളുടെയും മാതൃകാ പുരുഷോത്തമനാണ്. ശ്രീരാമന്റെ മഹത്വങ്ങള്‍ പാടിപ്പുകഴ്ത്തുന്നത് ഹൈന്ദവര്‍ മാത്രമല്ല. മാപ്പിള രാമായണം മലയാളത്തില്‍ പോലും പ്രസിദ്ധമാണല്ലോ. ശ്രീരാമന്റെ ജന്മസ്ഥാനത്ത് ഉചിതമായ ക്ഷേത്രം നി

ര്‍മിക്കുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. സങ്കുചിത താല്പര്യക്കാരായ ചില രാഷ്ട്രീയക്കാരും നിക്ഷിപ്ത താല്പര്യക്കാരായ ബുദ്ധിജീവികളുമായിരുന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കിയത്.

എല്ലാ കുത്സിതശ്രമങ്ങള്‍ക്കും വിരാമമിടുന്നതായി പരമോന്നത നീതി പീഠത്തിന്റെ വിധി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു ഭിന്നാഭിപ്രായവുമില്ലാതെയാണ് ശ്രീരാമ ജന്മസ്ഥാനത്ത് ക്ഷേത്രം നിര്‍മിക്കാനും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പള്ളി പണിയാന്‍ സ്ഥലം നല്‍കാനും വിധിച്ചത്. വിധി വരുമ്പോള്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിച്ചതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. വിധി ജനങ്ങള്‍ ഒന്നാകെ സഹര്‍ഷം സ്വാഗതം ചെയ്തു. ഭാവി നടപടികള്‍ സൂക്ഷ്മതയോടെ നടപ്പാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമാണ്. ശ്രദ്ധാപൂര്‍വം അത് നിര്‍വഹിക്കുമെന്നതില്‍ സംശയമില്ല. ശ്രീരാമന്റെ ജന്മസ്ഥാനം അയോധ്യയിലെ തര്‍ക്ക സ്ഥാനത്ത് തന്നെയാണെന്ന് അംഗീകരിച്ച സുപ്രീംകോടതി, ആര്‍ക്കിയോളജി വിഭാഗത്തിന്റെ നിഗമനത്തെയും നിരത്തിയ തെളിവുകളെയും അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്. 

മലയാളിയായ കെ.കെ. മുഹമ്മദ് പുരാവസ്തു ഖനനത്തില്‍ വഹിച്ച പങ്കും, നടത്തിയ നിരീക്ഷണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒഴിഞ്ഞു കിടന്ന സ്ഥലത്തല്ല, ഒരു ക്ഷേത്രത്തിനു മുകളിലാണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആര്‍ക്കിയോളജി വകുപ്പ് നല്‍കിയതാണ്. എന്നാല്‍, ക്ഷേത്രം തകര്‍ത്താണോ പള്ളി പണിതതെന്ന് അവര്‍ നല്‍കിയ തെളിവുകളില്‍ നിന്ന് വ്യക്തമല്ല, കോടതി നിരീക്ഷിച്ചു. പള്ളി പണിതത് തകര്‍ന്ന ക്ഷേത്രത്തിനു മുകളിലാകാം. തര്‍ക്ക മന്ദിരത്തിനു താഴെ വലിയൊരു സമുച്ചയമുണ്ടായിരുന്നു. കല്ലും കൊത്തുപണികളുള്ള ഇഷ്ടികകളും ആലിംഗനം ചെയ്ത് നില്‍ക്കുന്ന, ദൈവിക ദമ്പതികളുടെ  തകര്‍ന്ന ശില്‍പ്പവും കൊത്തുപണികളുള്ള ഇലകളും താമരയും പ്രാണനാളിയും (അഭിഷേക ജലം ഒഴുകിപ്പോകാനുള്ള ഓവുചാല്‍) ഉണ്ടായിരുന്നു. അമ്പതു വലിയ തൂണുകള്‍ കണ്ടെത്തിയതായും പുരാവസ്തു ഗവേഷകര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വടക്കേഇന്ത്യയിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളാണ് കണ്ടെത്തിയതതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ക്ഷേത്രം തകര്‍ത്താണോ മസ്ജിദ് പണിതതെന്ന് അവര്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍പ്പോലും അവിടെ മന്ദിരം തകര്‍ത്ത് മസ്ജിദ് പണിതു എന്നതില്‍ സംശയമില്ല.

മസ്ജിദിനടിയില്‍ പഴയ ഈദ് ഗാഹ് ഉണ്ടായിരുന്നുവെന്ന സുന്നി വഖഫ് ബോര്‍ഡ് വാദം തെറ്റാണെന്ന് കണ്ടെത്തിയതായും വിധിയിലുണ്ട്. മസ്ജിദിനടിയിലുള്ള കെട്ടിടം ഇസ്ലാമിക കെട്ടിടമല്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. അവിടെ കണ്ടെത്തിയ തൂണുകളില്‍ താമര ആലേഖനം ചെയ്തിട്ടുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയിട്ടുണ്ട്. 

പന്ത്രണ്ടാം നൂറ്റാണ്ടിലുള്ള ക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായും എഎസ്‌ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്ഷേത്രങ്ങളിലുള്ളതരം കൊത്തുപണികളുള്ള ഭിത്തികളും ഉത്ഖനനത്തില്‍ കണ്ടെത്തി. ഗവേഷണ ഫലങ്ങള്‍ വിലയിരുത്തിയ ഹൈക്കോടതി, വലിയ ക്ഷേത്രത്തിനു സമീപം 

ചെറിയ ശിവക്ഷേത്രം ഉണ്ടായിരുന്നതായി നിരീക്ഷിച്ചതായും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതിനെ മുസ്ലിം ശവകുടീരമായി കാണുകയാണ് ഒരു വിഭാഗം. ഇത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്, വിധിയില്‍ എടുത്തു പറയുന്നു. എഎസ്‌ഐ കണ്ടെത്തലുകള്‍ വിലയിരുത്തിയ ഹൈക്കോടതിയുടെ അനുമാനങ്ങളും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും നൂറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും പരിസമാപ്തിയായതില്‍ ഏവര്‍ക്കും ആഹ്ലാദവും അഭിമാനവുമാണ്. ആര്‍ക്കും പരിക്കേല്‍ക്കാതെയുള്ള പരിസമാപ്തിയില്‍ മര്യാദാപുരുഷോത്തമനെ നന്ദിയോടെ സ്മരിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.