മതേതരത്വം പറയും, ജാതി പറഞ്ഞു വിലക്കും; ജീവിതം തകര്‍ക്കുന്ന ഫത്വകള്‍

Thursday 6 February 2020 7:44 am IST

ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ സാമൂഹ്യമായി ബഹിഷ്‌കരിക്കാനുള്ള ആക്രോശങ്ങളാണ് മലപ്പുറത്തെങ്ങും. സിപിഎം അനുഭാവിയായ ബാദുഷാ ബാദു എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ''പുല്ലൂരാല്‍ ബൈക്ക് നന്നാക്കുന്ന ഷോപ്പിലേക്ക് ഒരു മതേതര വിശ്വാസിയും പോവരുത്. ഇന്ന് തിരൂരില്‍ നടന്ന സംഘി പരിപാടിക്ക് പോയവനാണ്. ബഹിഷ്‌കരിക്കുക''. മുസ്ലിം യുവാക്കളാണ് കൂടുതലായി വര്‍ക്‌ഷോപ്പില്‍ വന്നിരുന്നത്. ഇവര്‍ പൂര്‍ണമായും പിന്‍വലിഞ്ഞു. വളാഞ്ചേരി, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലായി അഞ്ചോളം കുടുംബങ്ങളോട് വാടക വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വാടക നല്‍കി പ്രവര്‍ത്തിക്കുന്ന കടകളും കുടിയിറക്ക് ഭീഷണിയിലാണ്. കൊളത്തൂരില്‍ ഒരാളുടെ കൂണ്‍ കൃഷി പ്രതിസന്ധിയിലായി. നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതായിരുന്നു 'കുറ്റം'-. കടകളില്‍ കൂണ്‍ പാക്കറ്റുകളിലാക്കി നല്‍കുകയാണ് ഇദ്ദേഹം ചെയ്തിരുന്നത്. ഭൂരിഭാഗം കടകളും കൂണ്‍ വാങ്ങുന്നത് നിര്‍ത്തി. വളാഞ്ചേരിയില്‍ നൂറ്റമ്പതോളം കേബിള്‍ വരിക്കാര്‍ ഒറ്റയടിക്ക് പിന്‍വാങ്ങിയാണ് ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് യുവാവിനോട് 'പ്രതികാരം' ചെയ്തത്. തിരൂരില്‍ പപ്പട വ്യവസായം നടത്തുന്ന സിപിഎം അനുഭാവിയും ഇസ്ലാമിസ്റ്റുകളുടെ വിദ്വേഷത്തിന്റെ ചൂടറിഞ്ഞു. സിഎഎയെ അനുകൂലിക്കുന്നയാളാണെന്നും പപ്പടം വാങ്ങരുതെന്നും കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സന്ദേശങ്ങളും പ്രചരിച്ചു. കച്ചവടം പകുതിയായി കുറഞ്ഞു. ഇതോടെ നിയമ നടപടിക്കൊരുങ്ങിയപ്പോള്‍ ഖേദം പ്രകടിപ്പിച്ച് ഇസ്ലാമിസ്റ്റുകള്‍ തലയൂരി. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടുന്നതും സാധാരണയായിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലില്ലാതായി. സിഎഎയെ എതിര്‍ക്കാത്ത ജീവനക്കാരെ ബസ് മുതലാളിമാരും ഒഴിവാക്കുന്നു. നിര്‍മ്മാണ മേഖല, പെയിന്റിങ് തുടങ്ങിയവയില്‍ സംഘങ്ങളായി ജോലി ചെയ്തിരുന്നവര്‍ക്കിടയിലും വിള്ളല്‍ വീണു. പരപ്പനങ്ങാടിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന മുസ്ലിം യുവാക്കള്‍ പിന്മാറി. ചാരംകുളത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര പിരിവ് തടഞ്ഞു. ബിജെപി ലഘുലേഖയല്ലെന്ന് പറഞ്ഞപ്പോള്‍ ഹിന്ദുക്കളുടെ പിരിവ് വേണ്ടെന്നായിരുന്നു മറുപടി. 

താനൂരില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിനാണ് ബഷീര്‍ ജ്വല്ലറി വര്‍ക്‌സില്‍ ജോലി ചെയ്തിരുന്ന 72 കാരനായ ടി.പി. കൃഷ്ണനെ പിരിച്ചുവിട്ടത്.  ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്ന് ഒരു ദിവസം പറയുകയായിരുന്നു. ''ഈ വയസ്സില്‍ ഇനി മറ്റെവിടെയും ജോലിക്ക് കയറാനാവില്ല. എങ്കിലും പ്രശ്‌നമില്ല. മോഷ്ടിച്ചതിനോ കൊന്നതിനോ അല്ലല്ലോ. അതുകൊണ്ട് സങ്കടമില്ല''. അദ്ദേഹം പറയുന്നു. 2017ല്‍ ലീഗ്-സിപിഎം കലാപം നടന്ന പ്രദേശമാണ് താനൂരിന്റെ തീരദേശ മേഖല. രണ്ട് മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൂടിയായിരുന്നു അത്. വ്യാപകമായി പോലീസ് അതിക്രമങ്ങളും അരങ്ങേറി. അന്നവിടെ ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ള സഹായങ്ങളുമായി എത്തിയത് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരായിരുന്നു. നിരവധി മുസ്ലിങ്ങള്‍ ഇവിടെ ബിജെപി പ്രവര്‍ത്തകരായുണ്ട്. കുടുംബങ്ങളിലും പള്ളികളിലും വലിയ തരത്തിലുള്ള ഒറ്റപ്പെടലാണ് അവര്‍ നേരിടുന്നത്. തുറന്നു പറയാന്‍ പോലും സാധിക്കാത്ത സാഹചര്യം. ഒരു യുവസംരംഭകന്റെ സ്വപ്‌നം തകര്‍ത്ത അനുഭവമാണ് ബിജെപി മലപ്പുറം മണ്ഡലം പ്രസിഡന്റായ വിനോദിന് പറയാനുള്ളത്. എടവണ്ണപ്പാറയില്‍ ആറ് വര്‍ഷം മുമ്പാണ് വിനോദ് ഇന്റര്‍ലോക് കമ്പനി തുടങ്ങിയത്. നല്ല രീതിയില്‍ മുന്നേറിയതിനാല്‍ മൂന്ന് വര്‍ഷം മുന്‍പ് 10 ലക്ഷത്തോളം രൂപ വായ്പയെടുത്ത് ഇത് വികസിപ്പിച്ചു. അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ ബഹിഷ്‌കരണത്തിന് വ്യാപക പ്രചാരണം നടന്നതോടെ എല്ലാം മാറിമറിഞ്ഞു. ആറ് തൊഴിലാളികളുള്ള കമ്പനി ഇപ്പോള്‍ ഏതാണ്ട് പൂട്ടിയ നിലയിലാണ്. വായ്പയടയ്ക്കാനും സാധിക്കാതായി. ഇനി പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിനോദും പറയുന്നു. എസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മലപ്പുറത്തെ നൂറ് കണക്കിന് ഊരുവിലക്കുകളില്‍ ഏതാനും ചിലത് മാത്രമാണിവ. പുറത്തറിയാത്തതും പറയാത്തതുമായ സംഭവങ്ങള്‍ അനവധിയാണ്. ഞങ്ങള്‍ക്കിനിയും ഇവിടെ ജീവിക്കണ്ടേയെന്ന ഇരകളുടെ ചോദ്യമാണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിന് പിന്നില്‍. പുറമേക്ക് രാഷ്ട്രീയമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഇസ്ലാമിസ്റ്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹിഷ്‌കരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ മത വെറിയുടെയും മത തീവ്രവാദത്തിന്റെയും ഉത്പന്നങ്ങളാണ്. 

വാട്‌സ് ആപ്പില്‍ പറക്കുന്ന വിഷപ്രചാരണം

''അമിത് ഷായുടെ ആളുകള്‍ വീടിന് മുന്നില്‍ ഒരു വണ്ടിയില്‍ വരും. മുസ്ലിങ്ങളെ മുഴുവന്‍ പിടിച്ച് വണ്ടിയിലിടും. എന്നിട്ട് അതിര്‍ത്തിയിലെത്തിച്ച് പാക്കിസ്ഥാനിലേക്ക് അയയ്ക്കും. മുസ്ലിങ്ങളെ തടവിലിടാന്‍ ജില്ലയില്‍ രണ്ടിടത്തായി താല്‍ക്കാലിക ജയിലുകള്‍ നിര്‍മിച്ചിട്ടുണ്ട്. നിലമ്പൂരിലുള്ള ജയിലില്‍ സ്ത്രീകളെയും മഞ്ചേരിയിലെ ജയിലില്‍ പുരുഷന്മാരെയും പാര്‍പ്പിക്കും''. പൗരത്വ നിയമ ഭേദഗതിക്കെതിരെ വാട്‌സ് ആപ്പില്‍ പറക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സാമ്പിളാണിത്. വീടു പണി ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെച്ചവരുമുണ്ട്. പോകാനുള്ളതല്ലെ, പിന്നെന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. സിഎഎ മുസ്ലിങ്ങളെ പുറത്താക്കാനുള്ളതാണെന്നും കോടതി വിധി എതിരായാല്‍ അന്നു തന്നെ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും വിശ്വസിക്കുന്ന വലിയ വിഭാഗം ജനങ്ങളുണ്ട് ജില്ലയിലെന്നത് ക്രൂരമായ ഫലിതമാണ്. പലരും രേഖകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളിലേക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച സ്‌കൂളുകളിലേക്കും ആശങ്കയോടെ ഓടിയെത്തുന്നു. കമ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും കോണ്‍ഗ്രസ്സുകാരുടെയും വ്യാജപ്രചാരണം അത്രത്തോളം അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്ന് തിരിച്ചറിയാത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം നാടുകടത്തപ്പെടുമെന്ന ഭയാശങ്കയിലാണ് ഓരോ നിമിഷവും ജീവിക്കുന്നത്. വീടുകളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ശത്രുക്കളോടെന്ന പോലെയാണ് അവര്‍ പെരുമാറുന്നത്. ഉദ്യോഗസ്ഥരുടെ മതം നോക്കിയാണ് പ്രതികരണങ്ങള്‍. പള്‍സ് പോളിയോ തുള്ളിമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെ ആശാ വര്‍ക്കര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവവും ഉണ്ടായി. എടലൂര്‍ പിഎച്ച്‌സിയിലെ ഉദ്യോഗസ്ഥയെ ഗൃഹസമ്പര്‍ക്കത്തിനിടെ പേരു വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ പൗരത്വ വിഷയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ആക്ഷേപിച്ച് ഇറക്കി വിട്ടു. 

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലുടനീളം സിഎഎക്കെതിരായ ബോര്‍ഡുകളും പോസ്റ്ററുകളും കാണാം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങളിലും ഇപ്പോഴും പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. പള്ളിക്കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വന്‍ റാലികളില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രധാന പങ്കാണുള്ളത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സിപിഎമ്മുകാരനും കോണ്‍ഗ്രസ്സുകാരനും പോപ്പുലര്‍ ഫ്രണ്ടുകാരനും ജമാ അത്തെ ഇസ്ലാമിക്കാരനും മുസ്ലിമായി കൈകോര്‍ത്ത് അണിനിരക്കുന്നു. പാര്‍ട്ടികളെ പോലെ തന്നെ മതസംഘടനകള്‍ക്കും ഇത് അവസരമാണ്. അപരമത വിദ്വേഷത്തിന്റെയും മൗലികവാദത്തിന്റെയും വിഷം പുരട്ടിയ പ്രസംഗങ്ങള്‍ പള്ളികളില്‍ മതനേതാക്കളുടേതായി പ്രവഹിക്കുന്നു. ഇത്തരം നേതാക്കള്‍ പറയുന്നത് വിശ്വസിക്കാന്‍ വിധിക്കപ്പെട്ട ജന സമൂഹം ഇതെല്ലാം സത്യമെന്ന് വിശ്വസിച്ച് അമിത് ഷായുടെ വാഹനവും കാത്ത് കിടക്കുകയാണ്. ഞങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്നാണ് ദളിത് കോളനിയിലേക്ക് കുടിവെള്ളം നിഷേധിച്ച കുടുംബം വെളിപ്പെടുത്തിയത്. ജോലിയില്‍ നിന്ന് ഒഴിവാക്കിയവരും കേബിള്‍ നിര്‍ത്തലാക്കിയവരും പപ്പടം വേണ്ടെന്ന് വെച്ചവരും തുറന്നു പറഞ്ഞത് സമ്മര്‍ദ്ദമുണ്ടെന്നാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല, ഉത്തരവാദപ്പെട്ട പള്ളിക്കമ്മറ്റികളും മതനേതാക്കളുമുണ്ട്. ഈ കടകള്‍ ബഹിഷ്‌കരിക്കണം, ഇന്ന ആളെ ജോലിക്ക് വിളിക്കരുത് തുടങ്ങിയ ഫത്വകള്‍ പള്ളിക്കമ്മറ്റികളില്‍നിന്നുമാണ് പുറപ്പെടുന്നത്. കുറച്ചാളുകളുടെ മാത്രം ക്രൂരതയാണിതെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലെന്നര്‍ത്ഥം. സിഎഎ ഇന്ത്യക്കാരെ ബാധിക്കുന്നതല്ലെന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കറിയാം. ഭീതി പരത്തി മുതലെടുപ്പ് നടത്താനിറങ്ങിയവര്‍ സത്യം മറച്ചുവയ്ക്കുന്നു. മുസ്ലിം സമൂഹത്തിന്റെ അരക്ഷിതാവസ്ഥയിലാണ് അവരുടെ കണ്ണ്. മത വികാരം ആളിക്കത്തിക്കാനും കൂടെ നിര്‍ത്താനുമുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 സുന്നി എ.പി, സുന്നി ഇ.കെ, മുജാഹിദ് എന്നീ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡസനിലേറെ സംഘടനകളും ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ, തീവ്രവാദ സംഘങ്ങളും ഒരു വശത്ത്. മറുവശത്ത്, മലപ്പുറത്തെ മുസ്ലിം വോട്ടു ബാങ്കില്‍ ഇനിയും കടന്നുകയറാന്‍ സാധിക്കാത്ത സിപിഎം ഇതൊരു സുവര്‍ണാവസരമായി കരുതുന്നു. മതതീവ്രവാദികളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തുടനീളം പ്രസംഗിച്ച് നടക്കുന്നത്. സിപിഎമ്മിന്റെ രംഗപ്രവേശനം ഇസ്ലാമിസ്റ്റുകള്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. വിജയനെ അവര്‍ നേതാവായി ആഘോഷിക്കുന്ന കാഴ്ചയും മലപ്പുറത്ത് കുറവല്ല. സിപിഎം പ്രവര്‍ത്തകര്‍ രാത്രി എസ്ഡിപിഐ കേഡറുകളാകുന്നതും ഇവിടെ പതിവാണ്. തങ്ങള്‍ക്കു കൂടി ബാധ്യതയാകുമെന്ന് തിരിച്ചറിഞ്ഞ് മുസ്ലിങ്ങള്‍ മുറ്റത്ത് നിര്‍ത്തിയ സംഘടനയായിരുന്നു പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെല്ലാം. സിഎഎ ആയുധമാക്കി തുടക്കം മുതല്‍ അവര്‍ ധ്രുവീകരണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും തുറന്ന പിന്തുണയാണ് ഇത്രയേറെ വിഭജനത്തിനും വര്‍ഗ്ഗീയ ചേരിതിരിവിനും ഇടയാക്കിയത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മതമൗലികവാദികളേക്കാള്‍ ആവേശത്തില്‍ വിഷയത്തില്‍ ഇടപെട്ടത് ഫലത്തില്‍ ഗുണമായത് തീവ്രവാദ സംഘങ്ങള്‍ക്കാണ്. അവരുടെ വിഷലിപ്തമായ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും മാന്യത ലഭിക്കാന്‍ ഇത് ഇടയാക്കി. 

സിപിഎമ്മിന്റെ വര്‍ദ്ധിച്ച ആവേശത്തില്‍ പ്രതിസന്ധിയിലായത് മുസ്ലിം ലീഗാണ്. ലീഗിലെ യാഥാസ്ഥിതികര്‍ പലരും ഇന്ന് പിണറായി ഫാന്‍സായി മാറിക്കഴിഞ്ഞു. ഇടത് മുന്നണി സംഘടിപ്പിച്ച ശൃംഖലയില്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നതില്‍ ലീഗിന് അതുകൊണ്ട് തന്നെ അത്ഭുതമൊന്നുമില്ല. ധ്രുവീകരണം മറുവശത്തും കൃത്യമായി നടക്കുന്നുണ്ട്. മുസ്ലിം മതമൗലികവാദികള്‍ക്ക് വിജയന്‍ ഹീറോയാണെങ്കില്‍ സിപിഎമ്മിലെ ഹിന്ദുക്കള്‍ക്ക് വില്ലനാണ്. ഇത്രയും പ്രകോപനപരമായി പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ കുറച്ചാളുകള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണ്ടേയെന്നാണ് ഒരു സജീവ സിപിഎം പ്രവര്‍ത്തകന്‍ ചോദിച്ചത്. പാര്‍ട്ടി ഏതായാലും മതമാണ് പ്രഥമമെന്ന നിലയിലേക്ക് മലപ്പുറത്തെ രാഷ്ട്രീയം മാറിക്കഴിഞ്ഞുവെന്ന വ്യക്തമായ സൂചന എല്ലാവരുടെയും പ്രതികരണങ്ങളിലുണ്ട്. ബിജെപിയുടെ പല പരിപാടികള്‍ക്കും സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കുന്നത് ഹിന്ദുക്കളായ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎമ്മില്‍ നില്‍ക്കുകയെന്നത് കുറേക്കൂടി സുരക്ഷിതമെന്നതിനാലാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുന്നത്. പ്രതിഷേധങ്ങളില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിജയന്റെ പ്രസ്താവന യാദൃച്ഛികമല്ല. എന്നാല്‍ ഇതുകൊണ്ടൊന്നും കെട്ടടങ്ങുന്നതല്ല പ്രവര്‍ത്തകരുടെ രോഷം. (തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.