'അതിഥികളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല, ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും'; സന്ദീപ് വാര്യരെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി

Wednesday 29 January 2020 8:16 pm IST

തിരുവനന്തപുരം: മാതൃഭൂമിയുടെ ചാനല്‍ ചര്‍ച്ചയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യരെ ക്ഷണിച്ചു വരുത്തി അപമാനിച്ചതില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍. രാത്രിയിലെ സൂപ്പര്‍ പ്രെടൈം ആരംഭിക്കുന്നതിന് മുന്‍പാണ് വേണു ചാനലിലൂടെ തന്നെ മാപ്പ് പറഞ്ഞത്. 'അതിഥികളോട് അപമര്യദമായി പെരുമാറുന്നത് ശരിയല്ല. ആ പ്രവൃത്തിയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. മേലില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുമെന്ന് വേണു പറഞ്ഞു. 

ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിച്ചു വരുത്തി അപമാനിക്കാനുള്ള ശ്രമം മാതൃഭൂമിയല്ല, ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ലെന്ന് യുവമോര്‍ച്ച ഇന്നു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ മാപ്പ് പറഞ്ഞത്.  സന്ദീപ് വാര്യര്‍ മാതൃഭൂമി സ്റ്റുഡിയോവില്‍ വലിഞ്ഞുകയറി വന്നവനല്ല, ക്ഷണിച്ചു വരുത്തിയതാണ്. സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യം കാണിക്കാന്‍ അവതാരകന്റെ വീട്ടിലേക്ക് ഭിക്ഷ യാചിച്ച് വന്നതുമല്ല. നട്ടെല്ല് ആരുടെയെങ്കിലും മുന്നില്‍ പണയം വച്ച്, അതിഥികളെ അപമാനിച്ചിറക്കി വിടുന്ന, സാമൂഹ്യ പ്രതിബദ്ധത തൊട്ടു തീണ്ടാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാപ്പില്ലെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു. 

ഇന്നലെ രാത്രി എട്ടിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് വാര്യരെ അപമാനിക്കുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയത്. തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.