മട്ടാഞ്ചേരി റെയില്‍വേ യാഡിന് പുതുജീവന്‍

Thursday 11 July 2019 11:41 am IST

ട്ടാഞ്ചേരി: മട്ടാഞ്ചേരി റെയില്‍വേ യാഡ് പുനര്‍ജനിക്കുന്നു. റെയില്‍വേ ട്രാക്ക് നവീകരണത്തിനുള്ള മെറ്റല്‍ ശേഖരണകേന്ദ്രമാക്കുന്നതോടോപ്പം, ഇരുമ്പ് കയറ്റിറക്കുമതി സൗകര്യവും അരി ധാന്യം ഇവയ്ക്കുള്ള കയറ്റുമതി സൗകര്യമൊരുക്കിയാണ് യാഡ് നവീകരണം. ഇതോടെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള വലിയ യാഡായി മട്ടാഞ്ചേരി യാര്‍ഡ് മാറ്റാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. 

ഹാര്‍ബര്‍ ടെര്‍മിനസ് നവീകരണവുമായി ബന്ധപ്പെട്ട് പുതിയ പാലവും പാതനവീകരണവുമായി ഏഴ് കോടിയോളം രൂപ റെയില്‍വേ ചെലവഴിച്ചിരുന്നു. നിലവില്‍ യാത്രാ തീവണ്ടികള്‍ ടെര്‍മിനസ്സിലേയ്ക്ക് കൊണ്ടുവരുന്നതിന് ഏറെ പ്രതിസന്ധികളുമുണ്ട്. ഇതിനിടെയാണ് മട്ടാഞ്ചേരി വാര്‍ഫ് പ്രവര്‍ത്തനസജ്ജമാക്കാന്‍ റെയില്‍വേ തയ്യാറായത്. 600 മീറ്റര്‍ നീളമ്മുള്ള യാഡ് പ്ലാറ്റ്‌ഫോമും എട്ട് റെയില്‍ ലൈനുകളുമുള്ള മട്ടാഞ്ചേരി യാഡ് തൊണ്ണൂറുകള്‍ വരെ അരി, ധാന്യം തുടങ്ങിയവയുടെ പ്രധാന കയറ്റിറക്കുമതി കേന്ദ്രമായിരുന്നു.

തുടര്‍ന്ന് കല്‍ക്കരി രാസവളനീക്കത്തിനായുള്ള യാഡായി മാറി. 2005ല്‍ വീണ്ടും അരി വാഗണുകള്‍ എത്തിയെങ്കിലും തൊഴില്‍ തര്‍ക്കങ്ങള്‍ വിലങ്ങുതടിയായി. ഇതോടെ യാഡ് കാടുകയറി നശിച്ചുതുടങ്ങി. റെയില്‍വേ പാത നവീകരണ വികസനവുമായി മെറ്റല്‍ ശേഖരണ കേന്ദ്രമായാണ് ആദ്യഘട്ടത്തില്‍ യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി യാഡുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മെറ്റലാണ് റെയില്‍വേയ്ക്കാവശ്യം. നിലവിലെ സാഹചര്യത്തില്‍ 70000 ക്യുബിക് മീറ്റര്‍ ശേഖരണസംവിധാനമാണ് റെയില്‍വേക്കുള്ളത്. റെയില്‍വേയ്‌ക്കൊപ്പം കളമശേരിയിലെ ഇരുമ്പ് യാര്‍ഡിന്റെ പ്രവര്‍ത്തനവും ഇവിടെയ്ക്ക് മാറ്റും. 

കൂടാതെ കല്‍ക്കരി നീക്കത്തിനും തുറമുഖം വഴിയുള്ള ഫുഡ് കോര്‍പ്പറേഷന്റെ ഇറക്കുമതി അരി, ധാന്യനീക്കത്തിനും യാര്‍ഡ് പ്രയോജനപ്പെടുത്തും. തുടര്‍ന്ന് സ്വകാര്യ അരി വാഗണുകളും ഇവിടെ എത്തിക്കാനുള്ള നവീകരണമാണ് നടക്കുന്നത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷമുള്ള യാര്‍ഡിന്റെ പ്രവര്‍ത്തനം കൊച്ചി തുറമുഖത്തിന് വീണ്ടും ഉണര്‍വേകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.