'കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ; സ്ഥിതി ശാന്തമാകുന്നതുവരെ കാത്തിരിക്കണം'; കാശ്മീര്‍ സന്ദര്‍ശനത്തിന് പോയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി

Monday 26 August 2019 5:19 pm IST

ലക്‌നൗ: രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. ജമ്മു കശ്മീര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ കുറച്ചുകൂടി ആലോചിക്കേണ്ടതായിരുന്നു.  സന്ദര്‍ശനം ബിജെപിക്കും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും കശ്മീര്‍ പ്രശ്‌നത്തെ രാഷ്ട്രീയവല്‍കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്നും മായാവതി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് കഴിഞ്ഞ ദിവസം ശ്രീനഗറില്‍ എത്തിയത്. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ഇവരെ പോലീസ് തടയുകയും പിന്നീട് തിരിച്ചയക്കുകയുമായിരുന്നു. 

ഡോ. ഭീംറാവു അംബേദ്കര്‍ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ഐക്യം, സമത്വം, സമഗ്രത എന്നിവയുടെ പിന്തുണക്കാരനായിരുന്നു. അതുകൊണ്ടു തന്നെ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ലെ പ്രത്യേക പദവി അദ്ദേഹം അനുകൂലിച്ചില്ല. അതുകൊണ്ടാണ് ബിഎസ്പി ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചതെന്നും മായാവതി വ്യക്തമാക്കി.

 

കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം. സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കണമെന്നും മായാവതി അഭിപ്രായപ്പെട്ടു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്‌നം വഷളാക്കുമെന്നും മായാവതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.