ചരിത്രവിധിക്ക് പിന്നാലെ അയോധ്യയില്‍ വികസനങ്ങള്‍ കൊണ്ടു വരുന്നതിന് വന്‍ പദ്ധതികള്‍; 150 അടി ഉയരമുള്ള കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കും; പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കും

Sunday 10 November 2019 9:02 pm IST
തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി അയോധ്യ തീര്‍ത്ഥാടന വികസന സമിതി രൂപീകരിക്കും. അയോധ്യയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കും. സരയൂ നദിയുടെ തീരത്ത് 151 അടി ഉയരമുള്ള കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കുമെന്നും ഉപാദ്ധ്യായ വ്യക്തമാക്കി.

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മേയര്‍ ഋഷികേശ് ഉപാദ്ധ്യായ അറിയിച്ചു.

തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി അയോധ്യ തീര്‍ത്ഥാടന വികസന സമിതി രൂപീകരിക്കും. അയോധ്യയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കും. സരയൂ നദിയുടെ തീരത്ത് 151 അടി ഉയരമുള്ള കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കുമെന്നും ഉപാദ്ധ്യായ വ്യക്തമാക്കി.

1045 പേജുള്ള വിധിയിലൂടെ സുപ്രീം കോടതി നടത്തിയിരിക്കുന്ന ചരിത്ര പ്രസ്താവനയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി നടപടികള്‍ കൈക്കൊള്ളുന്നതിനുമായി നിയമവിദഗ്ദ്ധരുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും വിധി നടപ്പിലാക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഖനനം നടത്തിയ സ്ഥലങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീരാമ മ്യൂസിയം സ്ഥാപിക്കാനും കേന്ദ്ര സാംസ്‌കാരിക വകുപ്പിന് പദ്ധതിയുണ്ട്. തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വന്‍ പ്രവാഹം മുന്‍കൂട്ടി കണ്ടു കൊണ്ട് വന്‍ വികസന പദ്ധതികളാണ് അയോധ്യയില്‍ ഒരുങ്ങുന്നത്. ശ്രീരാമജന്മഭൂമിയായ അയോധ്യയും പരിസരത്തെ ക്ഷേത്രങ്ങളും പൈതൃക കേന്ദ്രമാക്കി മാറ്റാനും ആലോചനയുണ്ട്.

അയോധ്യയിലെ പ്രഖ്യാപിത രാമക്ഷേത്രത്തിനായി പത്ത് പടുകൂറ്റന്‍ കവാടങ്ങള്‍ സ്ഥാപിക്കും. അയോധ്യയില്‍ വിമാനത്താവളം സ്ഥാപിക്കും. നൂറ് കോടി രൂപ മുതല്‍ മുടക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കും. അയോധ്യയില്‍ പത്തോളം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മാണം അടുത്ത മാസം ആരംഭിക്കും. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈ ഓവര്‍ സ്ഥാപിക്കും. ശ്രീരാമനുമായി ബന്ധമുള്ള എല്ലാ ചെറു തീര്‍ത്ഥാടന മേഖലകളും നവീകരിക്കും. അയോധ്യയെയും ചിത്രകൂടത്തെയും ബന്ധിപ്പിക്കുന്ന നാല് വരി പാത നിര്‍മിക്കുമെന്നും മേയര്‍ പങ്കുവെച്ച വികസന പദ്ധതികളില്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.