പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് വന്‍ തട്ടിപ്പിലേക്ക്; ആര്‍സിസിയും ശ്രീചിത്രയും പ്രമുഖ സ്വകാര്യ ആശുപത്രികളും പുറത്ത്‌

Sunday 21 July 2019 9:07 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി  നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വന്‍ തട്ടിപ്പിലേക്ക്. നിലവില്‍ പദ്ധതിയുടെ നേട്ടം ഇന്‍ഷ്വറന്‍സ് കമ്പനിക്കു മാത്രമായി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയെ കുറ്റപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം പിണറായി സര്‍ക്കാര്‍ നടപ്പാക്കി പദ്ധതിയാണ്  പാളുന്നത്.

ശ്രീചിത്രാ മെഡിക്കല്‍ സെന്ററോ, ആര്‍സിസിയോ പട്ടികയില്‍ ഇല്ല.  സംസ്ഥാനത്തെ  84 സ്വകാര്യ  ആശുപത്രികളെയാണ് മെഡിസെപ്പില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ പ്രധാന ആശുപത്രികള്‍ ഇല്ലെന്നു മാത്രമല്ല എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ല. ചില ആശുപത്രികളില്‍ ഹൃദ്രോഗ ചികിത്സക്ക് മാത്രമാണ് അനുമതി. ഹൃദ്രോഗ ചികിത്സ നടക്കുന്നതിനിടെ മറ്റ് പാര്‍ശ്വ രോഗങ്ങള്‍ പിടിപെട്ടാല്‍ ഗുണഭോക്താവ് പണം നല്‍കി ചികിത്സിക്കണം.  

രോഗ നിര്‍ണ്ണയത്തിനുള്ള ആധുനിക സംവിധാനങ്ങള്‍  ഇല്ലാത്ത ആശുപത്രികളും പട്ടികയിലുണ്ട്.   വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമല്ല. ഓരോ ജില്ലയിലെയും വിവിധ സ്ഥലങ്ങളിലെ ആശുപത്രികളെ തെരഞ്ഞെടുത്തപ്പോള്‍  കിലോമീറ്ററോളം സഞ്ചരിച്ച് വേണം ആശുപത്രിയില്‍ എത്താന്‍. ജീവനക്കാരെയും പെന്‍ഷന്‍കാരെയും വലയ്ക്കുന്ന പട്ടികയാണിത്.  

മെഡിസെപ്പിന്  സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല.  സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പ്രതിവര്‍ഷം 3000 രൂപ ശമ്പളത്തില്‍ നിന്ന് പിടിക്കും. പെന്‍ഷന്‍കാര്‍ക്ക് വാര്‍ഷിക അലവന്‍സായി നല്‍കിയിരുന്ന 3600 രൂപയില്‍ നിന്നും 3000 രൂപ ഇന്‍ഷ്വറന്‍സിലേക്ക് മാറ്റും. ബാക്കിയുള്ള 600 രൂപ അവര്‍ക്ക് നല്‍കില്ല.

അഞ്ച് ലക്ഷത്തോളം  പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷ്വറന്‍സ് നടപ്പാക്കിയതിലൂടെ മൂന്ന് കോടിയോളം രൂപ സര്‍ക്കാരിന് നേടിയെടുക്കാനായി. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്‍ഡിനു  എല്ലാ വര്‍ഷവും സര്‍ക്കാര്‍ മാറ്റി വയ്ക്കുന്ന  235 കോടിരൂപയും പദ്ധതി നടപ്പിലാക്കിയാതോടെ ഒഴിവാക്കി.  ഒരു വീട്ടില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഒരു പെന്‍ഷണറും ഉണ്ടെങ്കില്‍ എല്ലാപേരും പ്രത്യേകം  പദ്ധതിയില്‍ അംഗമാകണം. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ ആറ് ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ.  ചികിത്സാ ചെലവ് ഇനത്തില്‍ ഒരു വര്‍ഷം കൊണ്ട് ആറ് ലക്ഷം രൂപ വിനിയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ രണ്ടു വര്‍ഷത്തേക്ക് പരിരക്ഷ ലഭിക്കില്ല. 

1200 രൂപയാണ് കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതിയുടെ പ്രീമിയം തുക. ഇതില്‍ അറുപത് ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാനങ്ങളും വഹിക്കണം. സംസ്ഥാനത്ത് 340 ആശുപത്രികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.