വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോയില്ലെന്ന് മൈക്രോസോഫ്റ്റ്, സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളും ലഭിക്കില്ല

Wednesday 11 December 2019 12:36 pm IST

തിരുവനന്തപുരം: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. അതോടെ വിന്‍ഡോസ് 7ന്  സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ ലഭിക്കില്ല. എത്രയും പെട്ടെന്ന് പുതിയ പിസികളിലേക്കും ഓപറേറ്റിങ് സിസ്റ്റത്തിലേക്കും മാറുകയാണ് പരിഹാരമെന്ന്  മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫര്‍ഹാന ഹഖ് പറഞ്ഞു. ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ ബിസിനസ് ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ പിഴവുകള്‍ ഇല്ലാതാക്കുന്നതിനും പരിഹാരമുണ്ടെന്നും ഫര്‍ഹാന പറഞ്ഞു. 

നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംബി) ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ കണ്ടെത്തി. പുതിയ പിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമത മാത്രമല്ല, പഴയ പിസികള്‍ സ്ഥാപനത്തിന് സുരക്ഷാ വെല്ലുവിളികളും ഐടി ഭീഷണികളും ഉയര്‍ത്തുന്നു. ഡാറ്റ വീണ്ടെടുക്കുന്നതും ബിസിനസ് സമൂഹത്തെ നിലനിര്‍ത്തുന്നതുമാണ് ദക്ഷിണേന്ത്യയിലെ എസ്എംബികളുടെ പ്രധാന വെല്ലുവിളികള്‍. സര്‍വേ നടത്തിയ ദക്ഷിണേന്ത്യയിലെ 25 ശതമാനം എസ്എംബികളും കഴിഞ്ഞ വര്‍ഷം സുരക്ഷാ പ്രശ്‌നം നേരിട്ടതായി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ 40 ശതമാനം എസ്എംബികളും കാലാവധി കഴിഞ്ഞ പിസികളും പകുതിയിലധികം (62ശതമാനം) സ്ഥാപനങ്ങള്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളുമാണ് ഉപയോഗിക്കുന്നത്. ഗ്ലോബല്‍ എസ്എംബി ഐടി മാര്‍ക്കറ്റ് റീസര്‍ച്ച്, അനലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ടെക്‌ഐസില്‍ എന്നിവയുമായി സഹകരിച്ച് കണ്ടെത്തിയ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ പസിഫിക്കിലുടനീളമുള്ള 2000 എസ്എംബികളിലായിരുന്നു പഠനം.

ദക്ഷിണ മേഖലയില്‍ ആധുനിക തന്ത്രങ്ങള്‍ സ്വീകരിച്ച എസ്എംബികള്‍ക്ക് ബിസിനസിലും തൊഴിലിലും ബഹുമുഖ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും മികച്ച സുരക്ഷയും ലഭിച്ചു. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും സാധിച്ചു.

ബിസിനസുകള്‍ വലുതായാലും ചെറുതായാലും സാങ്കേതിക വിദ്യ ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരുന്നുവെന്നും ഐടി നിക്ഷേപങ്ങളുടെ മൂല്യം എസ്എംബികള്‍ തിരിച്ചറിയണം.  ഇന്ത്യയിലെ 11 കോടിയോളം പേര്‍ക്ക് തൊഴില്‍ ദാതാവാണ് എസ്എംബികള്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവ നിര്‍ണായക സംഭാവന ചെയ്യുന്നു. എസ്എംബികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനും ഏറെ മല്‍സരമുള്ള വിപണിയില്‍ വിജയം കൈവരിക്കാനും സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് എന്നും കൂടെയുണ്ടാകുമെന്നും ഫര്‍ഹാന ഹഖ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.