അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിലെത്തി; മോദിയും എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തും

Wednesday 26 June 2019 1:50 pm IST
വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി തീരുമാനം പുനപരിശോധിക്കാന്‍ അമേരിക്കയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെടും. അമേരിക്കയുടെ ഇറാന്‍ ഉപരോധത്തിന് അനൂകൂല നിലപാടല്ല ഇതുവരെ ഇന്ത്യ സ്വീകരിച്ചത്. ഈക്കാര്യത്തില്‍ ഇന്ത്യയയെ അനുനയിപ്പിക്കാനാകും അമേരിക്കയുടെ ശ്രമം.

ന്യൂദല്‍ഹി: ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യുഎസ് ഭരണകൂടം ഒഴിവാക്കിയതിന് പിന്നാലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്തും. 

വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ആരംഭിക്കുന്ന ജി -20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായാണ് സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസ്വാരസ്യങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് മൈക്ക് പോംപെയോ സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക. 

വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി തീരുമാനം പുനപരിശോധിക്കാന്‍ അമേരിക്കയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെടും. അമേരിക്കയുടെ ഇറാന്‍ ഉപരോധത്തിന് അനൂകൂല നിലപാടല്ല ഇതുവരെ ഇന്ത്യ സ്വീകരിച്ചത്. ഈക്കാര്യത്തില്‍ ഇന്ത്യയയെ അനുനയിപ്പിക്കാനാകും അമേരിക്കയുടെ ശ്രമം. റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധവ്യാപാരം കുറച്ച് അമേരിക്കയുമായി കൂടുതല്‍ ഇടപാടുകളിലേക്ക് കടക്കുക എന്ന ലക്ഷ്യവും പോംപെയോ യുടെ സന്ദര്‍ശനത്തിനുണ്ട്. 

എന്നാല്‍ റഷ്യമായുള്ള ആയുധ വ്യാപാരത്തില്‍ കുറവ് വരുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്നത്. 5 ജി സാങ്കേതിക വിദ്യയില്‍ ചൈനീസ് കന്പനിയായ വാവെയെ സാങ്കേതിക സഹകരണത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അമേരിക്ക ഇന്ത്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഈക്കാര്യത്തില്‍ അമേരിക്കന്‍ സഹകരണത്തിന് ഇന്ത്യ താല്‍പര്യപ്പെടുമോ എന്നാണ് വിദേശകാര്യ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം,ഡാറ്റ ലോക്കലൈസേഷന്‍, ഇ കൊമേഴ്സ് അടക്കമുള്ളവ വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.

യുഎസ്സില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുവാനുള്ള ഇന്ത്യയുടെ നീക്കം , യുഎസ്സിന്റെ ഒ1ആ വിസ പ്രോഗ്രാമില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്നിവയിലും ചര്‍ച്ചകള്‍ നടക്കും. വിദേശനയത്തില്‍ അമേരിക്കയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നയതന്ത്ര സമീപനമാണ് വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അതിന് മുന്‍പും എസ് ജയശങ്കര്‍ സ്വീകരിച്ചിരുന്നത്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായതിന് ശേഷം അമേരിക്കയുമായി നടക്കുന്ന ആദ്യ ചര്‍ച്ചയില്‍ ഏതെല്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും യോജിപ്പില്‍ എത്തുമെന്നാണ് ഇനി അറിയേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.