അയോധ്യയില്‍ നടത്തിയത് സത്യാന്വേഷണത്തിനുള്ള ഖനനം

Sunday 10 November 2019 5:10 pm IST
ഇന്ത്യ ഇന്നുമൊരു മതേതര രാഷ്ട്രമായി തുടരാന്‍ കാരണം ഇവിടെയുള്ള ഭൂരിപക്ഷ ഹിന്ദു സമൂഹമാണ്. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. മുസ്ലിം സമൂഹത്തിന് ഇത് വ്യക്തമായി അറിയാം. എന്നാല്‍, നുണ പ്രചാരണം നടത്തി കമ്മ്യൂണിസ്റ്റ് പക്ഷം തെറ്റിദ്ധാരണ പരത്തുന്നു. ഇടത് ചരിത്രകാരന്മാര്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നു. ബഹുസ്വരസമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം.

യോധ്യ തര്‍ക്കത്തിലെ സുപ്രധാന വഴിത്തിരിവ് അവിടെ നടന്ന പുരാവസ്തുഖനനങ്ങളാണ്. രണ്ടു പ്രധാനപ്പെട്ട ഉത്ഖനനമാണ് അവിടെ നടന്നത്. പുരാവസ്തുഗവേഷണ രംഗത്തെ പ്രമുഖനായ പ്രൊഫ. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ 1976-77 കാലഘട്ടത്തിലായിരുന്നു ആദ്യത്തെ ഉത്ഖനനം. അതില്‍ ഞാന്‍ ഒരു ട്രെയിനി എന്ന നിലയില്‍ പങ്കെടുത്തിരുന്നു. എംഎ കഴിഞ്ഞതിനുശേഷം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി എന്ന കോഴ്‌സിന്റെ ഭാഗമായാണ് ആ അവസരം ലഭിച്ചത്. ഉത്ഖനനത്തിനു മുമ്പായി പരിസരപ്രദേശങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് അവിടെ ഉള്ള പള്ളി ശ്രദ്ധയില്‍പ്പെട്ടത്. പള്ളിയിലേക്കുള്ള പ്രവേശനം പോലീസ് തടയാറുണ്ടെങ്കിലും ഗവേഷണ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. പള്ളിയുടെ തൂണുകള്‍ ക്ഷേത്രത്തിന്റെ തൂണുകള്‍ കൊണ്ടാണ് നിര്‍മിച്ചതെന്ന് വ്യക്തമായിരുന്നു. ക്ഷേത്രത്തൂണുകളുടെ താഴ്ഭാഗത്ത് പൂര്‍ണകലശം കാണാമായിരുന്നു. ഇത്തരം കൊത്തുപണികള്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പതിനൊന്ന്- പന്ത്രണ്ട് നൂറ്റാണ്ടുകളിലെ ക്ഷേത്രനിര്‍മാണ ശൈലിയിലായിരുന്നു അവ. ദേവീ- ദേവന്മാരുടെ വിഗ്രഹങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു. പള്ളികളില്‍ ഇത്തരം വിഗ്രഹങ്ങള്‍ കാണാന്‍ കഴിയില്ല. പിന്നീട് നടത്തിയ ഉത്ഖനനത്തിലും ക്ഷേത്രത്തൂണുകള്‍ താങ്ങിനിര്‍ത്താനുള്ള ബ്രിക്ക് ബേസുകള്‍ കണ്ടെത്തി. രണ്ടാമതും ഖനനം നടത്തി. ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കുന്നതൊന്നും അന്ന് വിവാദമായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ബഹുഗുണയായിരുന്നു. പ്രൊഫ. നൂറുല്‍ ഹസന്‍ മന്ത്രിയും. അത്രയും ഉന്നതരായ വ്യക്തികളായിരുന്നു ഇതിന്റെയൊക്കെ തലപ്പത്തുണ്ടായിരുന്നത്. ഒരു വിവാദവും സൃഷ്ടിക്കാത്ത ഈ ഖനനത്തെ വിവാദമാക്കിയതിനു പിന്നില്‍ ഇടത് ചരിത്രകാരന്മാരായിരുന്നു. അവര്‍ക്ക് സ്വാധീനമുള്ള ചില ഇംഗ്ലീഷ് പത്രങ്ങളെ ഉപയോഗിച്ച് പ്രൊഫ. ലാലിന്റെ ഗവേഷണത്തില്‍ ഒന്നും ലഭിച്ചില്ലെന്ന് പ്രചാരണം തുടങ്ങി. ഉത്ഖനനത്തെക്കുറിച്ച് പ്രചാരമൊന്നും നടത്താതിരുന്ന പ്രൊഫ. ലാല്‍ ഇത്രയുമായപ്പോഴേക്കും പ്രതിരോധിച്ചുകൊണ്ട് രംഗത്തുവന്നു.

അക്കാലത്ത് ഞാന്‍ ചെന്നൈയിലായിരുന്നു. ഖനനത്തെ സംബന്ധിച്ച് അന്ന് ഞാനൊരു പ്രസ്താവന നല്‍കി. 1990 ഡിസംബര്‍ 15നായിരുന്നു അത്. ഉത്ഖനനത്തിന്റെ ഭാഗമായി ധാരാളം ക്ഷേത്രാവശിഷ്ടങ്ങള്‍ കിട്ടിയിരുന്നുവെന്നായിരുന്നു പ്രസ്താവനയുടെ ചുരുക്കം. മുസ്ലീങ്ങള്‍ക്ക് മെക്കയും മദീനയും പോലെ ഹിന്ദുക്കള്‍ക്ക് പ്രധാനമാണ് അയോധ്യയെന്നും അവിടെ ക്ഷേത്രനിര്‍മാണത്തിന് മുസ്ലിം സമൂഹം സ്വമേധയാ ഹിന്ദുസമൂഹത്തിന് കൈമാറമണമെന്നും അതിലുണ്ടായിരുന്നു. അന്നത് ചിലര്‍ വലിയ വിവാദമാക്കി.

പറഞ്ഞത് വസ്തുതകള്‍ മാത്രം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അത്തരമൊരു പ്രസ്താവന പാടില്ലായിരിക്കാം. സര്‍ക്കാര്‍ ചട്ടപ്രകാരം അതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍, അന്നത്തെ ഉത്ഖനനത്തില്‍ പങ്കാളിയായ ഏക മുസ്ലിം എന്ന നിലയില്‍ യാഥാര്‍ഥ്യം തുറന്നുപറയേണ്ടതാണെന്നു തോന്നി. സത്യം തുറന്നുപറയേണ്ടതാവശ്യമാണെന്ന ബോധ്യത്തിലാണ് ഞാനന്ന് പറഞ്ഞത്. സ്വാഭാവികമായും വകുപ്പ്തല നടപടിയുണ്ടായി. അങ്ങനെയാണ് ഗോവയിലേക്ക് സ്ഥലം മാറ്റമുണ്ടായത്.

എതിര്‍പ്പ് നിലപാടുകളോട്

ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ ആശയത്തോട് ബന്ദിയായ ജീവിയായി കഴിയാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഞാന്‍ ഗവേഷണത്തില്‍ പങ്കെടുത്തിരുന്നില്ലെന്നുമൊക്കെയുള്ള പ്രസ്താവനകളുമായി പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവര്‍ രംഗത്തുവന്നത് സ്വാഭാവികം മാത്രമാണ്. അദ്ദേഹം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. എല്ലാവരും ആ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, ഞാന്‍ അതിന് തയാറല്ലായിരുന്നു. അതായിരിക്കാം അദ്ദേഹത്തിന്റെ എതിര്‍പ്പിനുള്ള കാരണം. കമ്മ്യൂണിസത്തിന്റെ വലിയ തെറ്റുകളിലൊന്നാണിത്. ഇടത് ബുദ്ധിജീവികളില്‍ പലരും അവരുടെ ചിന്താഗതി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് വിധേയരാവാത്തവരെ ശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടും. ഈ ചിന്താഗതി പലരുടെയും ഭാവി തകര്‍ത്തിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നിലകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞ ചുരുക്കം ചിലരില്‍ ഞാനും പെടും. 

വീണ്ടും വിവാദം

പ്രൊഫ. ലാലിന്റെ ഉത്ഖനനത്തില്‍ ഞാനുണ്ടായിരുന്നില്ലെന്നുള്ള വിവാദം വീണ്ടുമുയര്‍ന്നത് ഈ വേട്ടയാടലിന്റെ ഭാഗമായിട്ടാണ്. അലിഗഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ. നദീം റിസ്‌വിയാണ് ഈയടുത്ത് അത്തരം പ്രസ്താവനയുമായി രംഗത്തുവന്നതും അതേ ചേരിയിലെ ചില പ്രമുഖര്‍ അത് ഏറ്റുപിടിച്ചതും.

അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമാണ് അനാവശ്യവിവാദമാക്കിയത്. അലിഗഡ് സര്‍വകലാശാലയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് ആര്‍ക്കിയോളജി, അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച അവസരത്തില്‍ എന്റെ അപേക്ഷയില്‍ വ്യക്തമാക്കിയ വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് അനാവശ്യമായി വിവാദമാക്കിയത്. ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു. എന്നാല്‍, ഇതിനെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. പ്രൊഫ. ബി.ബി. ലാല്‍ തന്നെ എന്റെ വാദത്തെ അംഗീകരിച്ചുകൊണ്ട് രംഗത്തുവന്നതോടെ വിവാദക്കാരുടെ വായടഞ്ഞു. 98 വയസ് പ്രായമുള്ള അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഇക്കാര്യത്തില്‍ ഇടപെട്ട് ഇ മെയിലിലൂടെ വിശദീകരണം പുറത്തുവിട്ടത്. എന്റെ കൂടെ അന്ന് ഗവേഷണസംഘത്തിലുണ്ടായിരുന്ന അശോക് കുമാര്‍ പാണ്ഡെ, ചതുര്‍വേദി, രംഗനാഥ് തുടങ്ങിയവരും രംഗത്തുവന്നതോടെ വിവാദത്തിന് അടിസ്ഥാനമില്ലാതെയായി.

പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത് അയോധ്യ ഉത്ഖനനവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്. വാസ്തവവിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ മലയാള പത്രങ്ങളില്‍ മാധ്യമം ഏറ്റുപിടിച്ചു. നിലവാരം കുറഞ്ഞരീതിയിലാണ് എനിക്കെതിരെ വാര്‍ത്തകള്‍ പടച്ചുവിട്ടത്. റിസ്‌വിയും ഇര്‍ഫാന്‍ ഹബീബുമൊക്കെ ഇതിനു മുന്‍പും എനിക്കെതിരെ രംഗത്തുവന്നിരുന്നു. ധാര്‍മികമായ എല്ലാ മര്യാദകളും ലംഘിക്കുന്നതരത്തിലായിരുന്നു അത്. 'ഞാന്‍ ഭാരതീയന്‍' എന്ന എന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു.

എന്താണ് വസ്തുത?

അയോധ്യയിലെ പള്ളി മുസ്ലീങ്ങളുടെ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായിരുന്നില്ല. ചരിത്രരേഖകള്‍ അതിന് തെളിവാണ്. അബ്ദുള്‍ ഫസല്‍ എഴുതിയ അയ്‌നി അക്ബരി എന്ന ഗ്രന്ഥത്തിലെ മൂന്നാം വാള്യത്തില്‍ ചൈത്രമാസത്തില്‍ ധാരാളം ജനങ്ങള്‍ തിങ്ങിവരികയും അവര്‍ ക്ഷേത്രാരാധന നടത്തുകയും ചെയ്യാറുണ്ടെന്ന് വ്യക്തമാക്കുന്നു. ക്ഷേത്രത്തെക്കുറിച്ചാണ് പള്ളിയെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. 1611ലെ വില്യം ഹ്യൂംസ് എന്ന സഞ്ചാരിയുടെ യാത്രാക്കുറിപ്പിലും ഇതുതന്നെ കാണാം. അയോധ്യയില്‍ തുടര്‍ന്ന ക്ഷേത്രാരാധനയെക്കുറിച്ച് അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു. ജോണ്‍ ഡിലീറ്റ് എന്ന ഡച്ച് ജിയോഗ്രാഫറും ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ട്രെയിലര്‍, അലക്‌സാണ്ടര്‍ തുടങ്ങി നിരവധിപേരുടെ രേഖകള്‍ തെളിവായി ഇന്നുമുണ്ട്.

തെറ്റുകള്‍ തിരുത്താം

ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ സംഭവിച്ചിരിക്കാം. ആ തെറ്റുകള്‍ തെറ്റുകളാണ് എന്നു പറയാനുള്ള മനക്കരുത്ത് ഉണ്ടാകണം. എന്നാല്‍, അന്നത്തെ തെറ്റുകള്‍ക്ക് ഇന്നത്തെ മുസ്ലീങ്ങളോ ജനസമൂഹമോ ഉത്തരവാദികളല്ല. ധാരാളം ക്ഷേത്രങ്ങള്‍ പല കാലങ്ങളിലായി തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതിന് ഇന്നത്തെ മുസ്ലിം സമൂഹം ഉത്തരവാദികളല്ല താനും. ആ തെറ്റിനെ ന്യായീകരിക്കുമ്പോഴാണ് അവര്‍ ആ തെറ്റുകളുടെ ഉത്തരവാദിത്തം പേറേണ്ടിവരുന്നത്. തെറ്റായ വസ്തുതകളും നിഗമനങ്ങളും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കും. ഇടത് ചരിത്രകാരന്മാരില്‍ ഒരു വിഭാഗമാണ് തങ്ങളുടെ അസ്തിത്വമുറപ്പിക്കാന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരു രഹസ്യ അജണ്ടയുടെ ഭാഗമായായിരിക്കാം ഇങ്ങിനെ ചെയ്യുന്നത്.

സമരസതയുടെ സംസ്‌കാരം

ഇന്ത്യ ഇന്നുമൊരു മതേതര രാഷ്ട്രമായി തുടരാന്‍ കാരണം ഇവിടെയുള്ള ഭൂരിപക്ഷ ഹിന്ദു സമൂഹമാണ്. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. മുസ്ലിം സമൂഹത്തിന് ഇത് വ്യക്തമായി അറിയാം. എന്നാല്‍, നുണ പ്രചാരണം നടത്തി കമ്മ്യൂണിസ്റ്റ് പക്ഷം തെറ്റിദ്ധാരണ പരത്തുന്നു. ഇടത് ചരിത്രകാരന്മാര്‍ ഇതില്‍ വലിയ പങ്ക്‌വഹിക്കുന്നു. ബഹുസ്വരസമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഹൃദയവിശാലതയാണ് ഹിന്ദുമതത്തിനുള്ളത്. വരാനിരിക്കുന്ന പു

തിയ ലോകത്തിന് പ്രകാശം നല്‍കാന്‍ കഴിയുന്ന മതമാണത്. തന്റേത് മാത്രം ശരിയെന്ന പിടിവാശി ശരിയല്ല. ഇസ്ലാം പലപ്പോഴും എല്ലാത്തിനെയും അംഗീകരിക്കുന്ന മതമാണ്. എന്നാല്‍, അനുയായികള്‍ പലപ്പോഴും അത് മറന്നുപോകുന്നു. മറ്റു മതബിംബങ്ങള്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും ഉച്ചരിക്കരുതെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഉത്തരഭാരതത്തിലെ മുസ്ലിം അധിനിവേശകാലത്ത്- അഫ്ഗാന്‍ അക്രമകാലത്ത്- നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു ഒരു ലക്ഷ്യമെങ്കില്‍ മതവിദ്വേഷവും അതിനുള്ളിലുണ്ടായിരുന്നു.

ഇങ്ങനെയൊക്കെ തുറന്നുപറയുന്നതുകൊണ്ട് ഏറെ എതിര്‍പ്പ് എനിക്ക് നേരിടേണ്ടി വരുന്നു. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ ധാരാളം പേര്‍ വസ്തുതകളെ സ്വകാര്യസംഭാഷണത്തില്‍ അനുകൂലിക്കുന്നു. ക്ഷേത്രസ്ഥലം വിട്ടുനല്‍കി പരിഹരിക്കണമെന്ന അഭിപ്രായമുള്ളവര്‍ ഏറെയുണ്ട്. എന്നാല്‍, ഒറ്റപ്പെട്ടുപോകുമോ എന്നു ഭയന്ന് പുറത്തുപറയുന്നില്ലെന്നു മാത്രം. ഇടത് ചരിത്രകാരന്മാരുടെ വ്യാജപ്രചാരണമാണ് പ്രധാനകാരണം. മാധ്യമം പത്രം എന്നെ എതിര്‍ത്തത് ഒരു പത്രത്തിന്റെ നിലവാരം പോലും പാലിക്കാതെയാണ്.

തകര്‍ക്കാന്‍ പാടില്ലായിരുന്നു

തര്‍ക്കമന്ദിരം തകര്‍ക്കാന്‍ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. പഴയ ഒരു സാംസ്‌കാരിക സൗധം നശിപ്പിച്ചത് തികഞ്ഞതെറ്റായിരുന്നുവെന്നാണ് ആര്‍ക്കിയോളജിസ്റ്റ് എന്ന നിലയില്‍ ഉറച്ച അഭിപ്രായം. അതൊരു ചരിത്രസ്മാരകമായി സൂക്ഷിക്കണമായിരുന്നു. തീവ്രചിന്താഗതികള്‍ അപകടകരമാണ്. എനിക്ക് അതിനോട് യോജിക്കാനാവില്ല. ഞാന്‍ ബിജെപിയോ വിഎച്ച്പിയോ അല്ല. ചില ക്ഷേത്രപുനര്‍നിര്‍മാണ കാര്യങ്ങളില്‍ വിഎച്ച്പിക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുമുണ്ട്. ചമ്പല്‍ക്കാടുകളിലെ ഭട്ടേശ്വര ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ ആര്‍എസ്എസ് സര്‍സംഘചാലക് സുദര്‍ശന്‍ജി ഏറെ സഹകരിച്ചിരുന്നു.

സത്യസന്ധമായ ചരിത്രാന്വേഷണം

സത്യസന്ധമായ ചരിത്രാന്വേഷണമായിരുന്നു അയോധ്യയില്‍ നടന്നത്. ഉത്ഖനനത്തില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണെന്നുവരെ ഇടത് ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചു. മുസ്ലീങ്ങളായ നല്ല ആര്‍ക്കിയോളജിസ്റ്റുകള്‍ ഗവേഷണ സംഘത്തിലുണ്ടായിരുന്നു. ഞാനത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലൂടെ പുറത്തുവിട്ടത് വ്യാജപ്രചാരണത്തിനേറ്റ തിരിച്ചടിയായിരുന്നു. അത്വിഖര്‍ റഹ്മാന്‍ സിദ്ധിഖി, ഹ്വാജ, സുല്‍ഫിക്കര്‍ അലി തുടങ്ങിയവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചേര്‍ന്നാണ് ഖനനവും ഗവേഷണവും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത്തരം തെളിവുകള്‍ തര്‍ക്കം പരിഹരിക്കാന്‍ ഏറെ ഗുണപരമായ പങ്ക് വഹിച്ചുവെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.