'കേരളത്തില്‍ നടക്കുന്നത് മുസ്ലീം ട്രോഫി പൗരത്വ ഫുട്‌ബോള്‍'; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

Wednesday 29 January 2020 11:25 pm IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരില്‍ മുസ്ലീം വോട്ടുറപ്പിക്കാനുള്ള ഫുട്‌ബോള്‍ കളിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് ഇന്ന് നിയമസഭയ്ക്ക് അകത്ത് അരങ്ങേറിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  അനവധി മുന്നേറ്റ ശ്രമങ്ങള്‍ നടത്തിയെങ്കിലും ടീം ചെന്നിത്തല പതിവുപോലെ ഒന്നും ഗോളാക്കിയില്ല. ടീം പിണറായി ആകട്ടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് മുസ്ലീം ട്രോഫി പൗരത്വ ഫുട്‌ബോളില്‍ ഒരു ഗോളിന് മുന്നിലെത്തി. ഇന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കാതെ വിടുമെന്ന് കരുതിയ ടീം ചെന്നിത്തലയുടെ ഗോള്‍ പോസ്റ്റിലേക്കാണ്, കത്തയച്ചും കെഞ്ചിപ്പറഞ്ഞും ടീം പിണറായി ഒരുക്കിയ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങിയത്. 

പക്ഷേ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ വിയോജിപ്പ് വൃത്തിയായി നിയമസഭയിലും പറഞ്ഞു. മുഖ്യമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റുന്നുവെന്നും പറഞ്ഞ് ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡികയെ സ്വന്തം അഭിപ്രായവും നയവുമായി ഏറ്റെടുക്കാതെ വായിച്ചു വിട്ടത് ടീം പിണറായിയുടെ വിജയഗോളിന്റെ തിളക്കം കുറച്ചെന്നാണ് ഗാലറിയിലുയര്‍ന്ന അഭിപ്രായം.

ശൃംഖലയില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗില്‍ നിന്നു വരെ ആളെയിറക്കിയ പിണറായി വിജയന്‍ യുഡിഎഫിനെ ഇങ്ങനെ നിലംപരിശാക്കരുതായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. പൗരത്വ പ്രക്ഷോഭത്തിന് പിണറായി വിളിച്ചയുടന്‍ ഓടി വന്ന് പാളയത്ത് സമരപ്പന്തലില്‍ ഒന്നിച്ചിരുന്ന ചെന്നിത്തല കൊണ്ടുവന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയമെങ്കിലും പരിഗണിച്ചുകൂടായിരുന്നോ? മുസ്‌ളീം ട്രോഫി മത്സരമാണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, എന്നാലും ഒരു വിഷമം, നിങ്ങള്‍ കൂട്ടുകാര്‍ ഗോള്‍ പോസ്റ്റില്‍ തുരുതുരാ സെല്‍ഫ്‌ഗോളടിക്കുന്നത് കാണുമ്പോള്‍. അതോ ഇനി ഈ പൗരത്വ പ്രക്ഷോഭത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന് പറഞ്ഞതൊക്കെ പുളുവായിരുന്നോ? ഒരു കാര്യം പറയാന്‍ മറന്നു. ഗവര്‍ണറെ നിയമസഭയില്‍ കടക്കാന്‍ പോലും അനുവദിക്കില്ലെന്ന് പറഞ്ഞ് വഴിയില്‍ തടഞ്ഞും പ്ലക്കാര്‍ഡുയര്‍ത്തി സഭയില്‍ നിലത്തു കിടന്നും ടീം ചെന്നിത്തലയുടെ മധ്യനിരയുടെ പ്രകടനം ഗംഭീരമായിരുന്നു. പക്ഷേ ടീം പിണറായിയുടെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പിടിച്ചു കെട്ടിക്കളഞ്ഞില്ലേ. പോട്ടെ, സാരമില്ല. അടുത്ത മുസ്ലിം ട്രോഫി പൗരത്വ ഫുട്‌ബോള്‍ മത്സരവേദിയില്‍ നോക്കാം. ഒരു പെനാല്‍റ്റി കിക്കെങ്കിലും ഗോളാക്കാന്‍ ടീം പിണറായി സമ്മതിക്കാതിരിക്കില്ല!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.