മിസോറാം ക്രിസ്ത്യന്‍ സംസ്ഥാനമെന്ന്; ഗവര്‍ണറെ 'ഓടിക്കാന്‍' പള്ളിയോടാഹ്വാനം

Wednesday 30 May 2018 9:49 pm IST
''ഞങ്ങളുടേത് ക്രിസ്ത്യന്‍ സംസ്ഥാനമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, വിവിധ ഹിന്ദു സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഗവര്‍ണറായി അദ്ദേഹത്തിന്റെ നിയമനം ബിജെപിയുടെ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്."

ഗുവാഹതി : മിസോറാം ക്രിസ്ത്യന്‍ സംസ്ഥാനമാണെന്ന പ്രഖ്യാപിച്ച് പരസ്യമായി വര്‍ഗീയ നിലപാടും പ്രസ്താവനയും ആഹ്വാനവുമായി സംഘടനകള്‍. പുതിയ ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് കെട്ടുകെട്ടിക്കാന്‍ പള്ളികളും പള്ളികളും സന്നദ്ധ സംഘടനകളും രാഷ്ട്രീ പാര്‍ട്ടികളും ഒന്നിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് ആഹ്വാന പ്രസ്താവന ഇറക്കിയത്. 

മിസോറാമില്‍ 'ഹിന്ദുത്വവാദി' ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് ഓടിക്കാനാണ് ആഹ്വാനം. 

കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി അധികാരമേറ്റ ദിവസം ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്ന സംഘടയും പ്രിസവും പ്രതിഷേധിച്ചിരുന്നു. രണ്ടാം ദിവസമാണ്  പുറത്താക്കാന്‍ ആഹ്വാനം. 

''ഞങ്ങളുടേത് ക്രിസ്ത്യന്‍ സംസ്ഥാനമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, വിവിധ ഹിന്ദു സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഗവര്‍ണറായി അദ്ദേഹത്തിന്റെ നിയമനം ബിജെപിയുടെ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അദ്ദേഹം അവിടെ ഉണ്ടെങ്കില്‍ ബിജെപി അവര്‍ക്കനുകൂലമായി ഉപയോഗിക്കും,'' പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. 

പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാതയും ജനറല്‍ സെക്രട്ടറി ലാല്‍റിന്‍സുവാല ചാവ്ങ്തുവും ഇറക്കിയ സംയുക്ത പ്രസ്താവനയിലെ വിശദീകരണങ്ങളും വിവരങ്ങളും ഏറെ ആസൂത്രിതമായി തയാറാക്കിയ കുറ്റപത്രം പോലെയാണ്. എന്നാല്‍, അതിലെ പരാമര്‍ശങ്ങളും വിശദീകരണങ്ങളും കുറ്റ സമ്മതം പോലെയായിട്ടുണ്ട്. 

കുമ്മനം ആര്‍എസ്എസ് പ്രചാരകനാണെനാണ് ഒരു ആക്ഷേപം. ''പുതിയ ഗവര്‍ണര്‍ മതേതര വിരുദ്ധനാണ്, അതിനാല്‍ ഭരണഘടനാ വിരുദ്ധനും. കടുത്ത ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ്. ക്രിസ്ത മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണ്. നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്നു. 1983 ലെ നിലയ്ക്കല്‍ ക്രിസ്ത്യന്‍- ഹിന്ദു സംഘര്‍ഷത്തിന് നേരിട്ട് കാരണക്കാരനാണ്,'' പ്രസ്താവന പറയുന്നു.

''അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പറിനെ ആക്രമിച്ച കേസില്‍ രാജശേഖരന്‍ ഒരു പ്രതിയായിരുന്നു. 2003-ല്‍ അമ്പതോളം ക്രിസ്തന്‍ മിഷണറിമാരെ നാടുകടത്താനുള്ള ശ്രമത്തില്‍ ഉള്‍പ്പെട്ടയാളാണ്. 2015 -ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ  ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷപ്രസംഗം നടത്തിയ കേരള ചീഫ് സെക്രട്ടറിക്കെതിരേ ഗവര്‍ണറോട് നടപടിയാവശ്യപ്പെട്ടയാളാണ്,'' പ്രസ്താവന വിശദീകരിക്കുന്നു. ഈ വിശദീകരണങ്ങള്‍ ഏതോ കേന്ദ്രത്തില്‍നിന്ന് ആരോ തയാറാക്കി കൊടുത്തതാണെന്ന് വ്യക്തം. പ്രസ്താവനയില്‍ പറഞ്ഞ സംഭവങ്ങള്‍ വിശദീകരിക്കാന്‍ പ്രിസം ഭാരവാഹികള്‍ക്ക് കഴിയുന്നില്ല. 

''തെരഞ്ഞെടുപ്പടുത്ത മിസോറാമില്‍നിന്ന് ഗവര്‍ണറെ എത്രയും വേഗം കെട്ടുകെട്ടിക്കാന്‍ പള്ളി സംഘടനകളും എന്‍ജിഒകളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍'' പ്രസ്താവന ആവശ്യപ്പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: Mizoram christian state-Kummanam-RSS-Church-PRISM