വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നല്‍ക്കെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എയെ കാണാതായി

Thursday 18 July 2019 10:58 am IST

ബെംഗളൂരൂ: പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടാനിരിക്കെ  റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഒരു എംഎല്‍എയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ നിന്ന് കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവര്‍ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടില്‍ വച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് എംഎല്‍എയെ കാണാതായത്. ന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.

പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും. രാവിലെ 11നാണ് വോട്ടെടുപ്പ്. സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ലെന്നതാണ് അവസ്ഥ. വിമതരുടെ രാജി അംഗീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ആണ് ഏക പോംവഴി. ഏത് സംഭവിച്ചാലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ല. അതിനിടെ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകാതെ കുമാരസ്വാമി സഭയില്‍ രാജി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് രാജി സമര്‍പ്പിച്ച 16 വിമതരില്‍ 15 പേരും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് വിപ്പ് നല്‍കാനും പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് അവസാന മണിക്കൂറുകളിലും കോണ്‍ഗ്രസും ജെഡിഎസും. ബെംഗളൂരുവിലുള്ള മൂന്ന് വിമതരില്‍ രാമലിംഗ റെഡ്ഡിയുമായി സംസാരിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന് സാധിച്ചത്. പക്ഷേ, സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന ഉറപ്പ് അദ്ദേഹവും നല്‍കിയിട്ടില്ല. രാമലിംഗ റെഡ്ഡി ഇന്ന് സഭയിലെത്തി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്താലും ഭൂരിപക്ഷം തെളിയിക്കാനാകാതെ സര്‍ക്കാര്‍ പടിയിറങ്ങേണ്ടി വന്നേക്കും. ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായ സ്ഥിതിക്ക് കൂടുതല്‍ പ്രഹസനം നടത്താതെ കുമാരസ്വാമി രാജിവച്ചൊഴിയണമെന്നാണ് ബിജെപിയുടെ ആവശ്യം.

സ്പീക്കറെ ഉപയോഗിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമമാണ് സഖ്യസര്‍ക്കാര്‍ നടത്തിയത്. സുപ്രീംകോടതി വിധി സ്പീക്കര്‍ക്ക് അനുകൂലമെങ്കിലും വിമതരുടെ ഉറച്ച നിലപാട് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. രാജി നല്‍കിയ 16 പേരെ ഒഴിവാക്കിയാല്‍ സഭയിലെ നിലവിലെ അംഗസംഖ്യ 208 ആണ്. കേവല ഭൂരിപക്ഷം വേണമെങ്കില്‍ 105 പേരുടെ പിന്തുണ വേണം. സ്പീക്കറടക്കം 101 പേര്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്. ബിജെപിക്ക് മാത്രം 105 അംഗങ്ങളുണ്ട്. സ്വതന്ത്രനായ എച്ച്. നാഗേഷിന്റെയും കെപിജെപിയിലെ ആര്‍. ശങ്കറിന്റെയും പിന്തുണ കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.