കര്‍ണാടകയില്‍ രാജിവച്ച 17 എംഎല്‍എമാരും നാളെ ബിജെപിയില്‍ ചേരും; പ്രഖ്യാപനം മുഖ്യമന്ത്രി യെദിയൂരപ്പയുടേത്; ബിജെപി സര്‍ക്കാര്‍ കൂടുതല്‍ ശക്തമാകുന്നു
ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച് 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും നാളെ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, കര്‍ണാടകയില്‍ വിമതനീക്കത്തെ തുടര്‍ന്ന് രാജിവച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, അയോഗ്യത അംഗീകരിച്ചെങ്കിലും എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന വിധിയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ, അയോഗ്യരായെങ്കിലും എംഎല്‍എമാര്‍ക്ക് ആശ്വാസമാണ് ഈ വിധി. നിയമസഭയുടെ കാലാവധി കഴിയും വരും അയോഗ്യത നിലനില്‍ക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരായ എംഎല്‍എമാര്‍ക്ക് മത്സരിക്കാം. ഇതോടെ യെദിയൂരപ്പ സര്‍ക്കാരും കൂടുതല്‍ ശക്തരാവുകയാണ്. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളില്‍ ബിജെപി ചിഹ്നത്തില്‍ രാജിവച്ച എംഎല്‍എമാര്‍ക്ക് മത്സരിക്കാനാകും. 2 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കേസ് നടക്കുന്നുണ്ട്.
സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരേ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരായ 17 എം.എല്‍.എ.മാര്‍ നല്കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എന്‍.വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്. അതേസമയം,
കോണ്‍ഗ്രസ് ജെ.ഡി.എസ്. സര്‍ക്കാരിന്റെ വീഴ്ചയ്ക്കു കാരണമായ വിമതനീക്കം നടത്തിയതിനാണ് എം.എല്‍.എ.മാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണതോടെ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെപി. സര്‍ക്കാര്‍ അധികാരത്തില്‍വന്നു.
കോണ്‍ഗ്രസ് വിമതരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, എസ്.ടി. സോമശേഖര്‍, ബൈരതി ബാസവരാജ്, മുനിരത്ന, റോഷന് ബെയ്ഗ്, ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ്, സുധാകര്‍, സന്ത് ശ്രീമന്ത് പാട്ടില്‍, ജെ.ഡി.എസ്. വിമതരായ എ.എച്ച്. വിശ്വനാഥ്, കെ. ഗോപാലയ്യ, നാരായണ ഗൗഡ, സ്വതന്ത്രന് ആര്. ശങ്കര്‍ എന്നിവരാണ് അയോഗ്യത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
മുന്‍ സ്പീക്കര്‍ കെ.ആര്. രമേഷ് കുമാര്‍ അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളില്‍നിന്നു തന്നെയാണ് എം.എല്‍.എ.മാരെ അയോഗ്യരാക്കിയതെന്ന് കര്‍ണാടക കോണ്‍ഗ്രസ് വാദിച്ചിരുന്നു. അതേസമയം, ഭരണഘടനാപ്രാധാന്യമുള്ള വിഷയമാണിതെന്നും അതിനാല്‍ വിശാലബെഞ്ച് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.