മന്ത്രി എംഎം മണിയുടെ സഹോദരനും കുടുംബാംഗങ്ങളും ചിന്നക്കനാലില്‍ കൈയ്യേറിയത് 3.98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി; ക്രൈം ബ്രാഞ്ച് കോടതില്‍ കുറ്റപത്രം നല്‍കി

Monday 16 September 2019 6:15 pm IST

 

കൊച്ചി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളും ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരനെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. മണിയുടെ സഹോദരന്‍ എം എം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 2004-05 കാലത്ത് നടന്ന ക്രമക്കേടിനെ കുറിച്ച് 2007ല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ മൂന്നാര്‍ ദൗത്യകാലത്താണ് ലംബോദരനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ചിന്നക്കനാലിലെ വേണാട്ടു താവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന്‍ രണ്ടാംപ്രതിയും.

റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ക്രമക്കേടിനു വേണ്ടി വില്ലേജ് ഓഫീസിലെ രേഖകള്‍ കീറി മാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.